
ഭൗതികമായി എന്തൊക്കെ ഐശ്വര്യങ്ങളും സുഖങ്ങളും ഉണ്ടെങ്കിലും മനുഷ്യരാശി ആഗ്രഹിക്കുന്നത് ശാന്തിയും സമാധാനവുമാണ്. സർവ മതങ്ങളും ഉദ്‌ഘോഷിക്കുന്നതും അതുതന്നെ. ഇക്കാര്യത്തിൽ പണ്ഡിത പാമര വ്യത്യാസമോ കുബേര കുചേല ഭേദമോ ഇല്ല. ലോക സമാധാനത്തിന് ഭീഷണികൾ ഉയരുമ്പോൾ സമാധാന സന്ദേശത്തിന്റെ പ്രതീകമായി നാം നീലാകാശത്തേക്ക് പറത്തിവിടുന്നതും ഏഴുവർണങ്ങളും ലയിച്ച് ഒന്നാകുന്ന തൂവെള്ളരി പ്രാവുകളെയാണ്. സമാധാനവും നന്മയും ആശിക്കുന്ന മനുഷ്യഹൃദയത്തിന്റെ പ്രതീകം കൂടിയാണത്. ലോകത്തെ എല്ലാ ആഘോഷങ്ങളും മാനവ ഒരുമയുടെയും ശാന്തിയുടെയും സന്ദേശമാണ് വിളംബരം ചെയ്യുന്നത്. എല്ലാ മതങ്ങളുടെയും സാരം ഒന്നാണെന്ന് യുഗപ്രഭാവനായ ശ്രീനാരായണഗുരു അരുളിയിട്ടുണ്ട്. ലോകത്തെ എല്ലാ ദുഃഖങ്ങളും ഏറ്റുവാങ്ങാനാണ് ക്രിസ്തുദേവന്റെ തിരുപ്പിറവി. ആ സുദിനം ലോകമെങ്ങും ക്രിസ്‌മസ് ആയി ആഘോഷിക്കുന്നു. ആകാശത്തെ വെള്ളിനക്ഷത്രങ്ങൾ ചിറകടിച്ച് ഭൂമിയിലേക്ക് പറന്നിറങ്ങിയ ആനന്ദോത്സവം കൂടിയാണത്.
യേശുദേവന്റെ തിരുപ്പിറവിക്കു മുമ്പ് ലോകം പലതരം അസ്വസ്ഥതകളുടെയും തിന്മകളുടെയും നടുവിലായിരുന്നു. തന്റെ മനുഷ്യാവതാരം ലോക സമാധാനത്തിനു വേണ്ടിയാണ് ആ മഹാത്മാവ് സമർപ്പിച്ചത്. ഭാരതീയ ഋഷിമാർ പരമപ്രധാനമായി കണ്ടത് ശാന്തിയും സമാധാനവുമായിരുന്നു. ലോകത്തെ ഒരു തറവാടായും കുടുംബമായും അവർ ദർശിച്ചു. ആ പാത പിന്തുടർന്ന ശങ്കരാചാര്യരും സ്വാമി വിവേകാനന്ദനും ശ്രീനാരായണഗുരുവും ചട്ടമ്പിസ്വാമികളുമൊക്കെ മനുഷ്യ മനസിലെയും സമൂഹത്തിലെയും തിന്മകൾക്കെതിരെയാണ് പോരാടിയത്. സർവ മതസാരവും ഏകമാണെന്ന് ഗ്രഹിച്ച വിശ്വാസികൾ മതകലഹത്തിനോ സ്പർദ്ധയ്ക്കോ തുനിയുകയില്ല.
മനുഷ്യനന്മയ്ക്കുവേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളും അതുപോലെയാണ്. ആശയപരമായി വ്യത്യാസങ്ങളുണ്ടെങ്കിലും നല്ല രാഷ്ട്രീയ നേതാക്കളും പ്രവർത്തകരും അക്രമങ്ങൾക്കോ ഹിംസയ്ക്കോ പിന്തുണ നൽകില്ല. നിർഭാഗ്യവശാൽ മതത്തിന്റെ സാരവും മഹത്വവും രാഷ്ട്രീയത്തിന്റെ ആദർശവും മനസിലാകാത്തവരാണ് ഇതിന്റെ വിപരീതദിശയിൽ സഞ്ചരിക്കുകയും പൊല്ലാപ്പുകൾ ഉണ്ടാക്കുകയും ചെയ്യുന്നത്.
ക്രിസ്‌മസും പുതുവത്സരവും തൊട്ടുതൊട്ടാണ് സഞ്ചരിക്കുന്നത്. കഷ്ടിച്ച് ഒരാഴ്ചത്തെ വ്യത്യാസമേയുള്ളു. ക്രിസ്‌മസ് കാർഡുകളും വീടുകളിലെ പുൽക്കൂടും നക്ഷത്രങ്ങളുമൊക്കെ ആണ്ടറുതി വരെ തുടരും. അതിനൊന്നും മതപരമായ ഒരു ഭേദവും സമൂഹം കല്പിക്കാറില്ല. സമാധാനത്തിന്റെയും ആഹ്ളാദത്തിന്റെയും വിളംബരമായാണ് മനുഷ്യരാശി ക്രിസ്‌മസിനെ കാണുന്നത്. മനുഷ്യന്റെ ദുഃഖങ്ങളും യാതനകളും ഇല്ലാതാക്കി ശാന്തിയും സമാധാനവും പകരാനാണ് ക്രിസ്‌തുദേവൻ ശ്രമിച്ചത്. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന സൂക്തമായിരുന്നു ശ്രീനാരായണഗുരു ലോകത്തിനു നൽകിയ ഏറ്റവും വിലപ്പെട്ട സന്ദേശം. ഡിസംബർ അവസാനവും പുതുവത്സരപ്പിറവിയിലുമായി നടക്കുന്ന ശിവഗിരി തീർത്ഥാടനത്തിന്റെ പ്രധാന ലക്ഷ്യവും ശാന്തിയും സമാധാനവുമാണ്. അതിലേക്കുള്ള ലോക മനസിന്റെ സഞ്ചാരം കൂടിയാണ് ക്രിസ്‌മസ് ആഘോഷം.
സമാധാനമാണ് എല്ലാ രാജ്യക്കാരും നാട്ടുകാരും വീട്ടുകാരും കാംക്ഷിക്കുന്നത്. പക്ഷെ, അതിന് തടസമാകുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് പല രാജ്യങ്ങളുടെയും തലവന്മാരിൽ നിന്ന് ഉണ്ടാകുന്നത്. മാറിയ കാലഘട്ടവും ജീവിതക്രമങ്ങളും ഗാർഹികാന്തരീക്ഷത്തെ അസ്വസ്ഥമാക്കുന്നുണ്ട്. 2025-ൽ സമാധാനത്തിന് വൻഭീഷണിയായി നിരവധി യുദ്ധങ്ങളും അതിർത്തി സംഘർഷങ്ങളും നടക്കുകയുണ്ടായി. ലോകം ഉത്കണ്ഠയുടെ മുൾമുനയിലായ നിരവധി ദിവസങ്ങളുണ്ടായി. അതിൽ നിന്നെല്ലാം കരകയറി പുതുവർഷത്തിലേക്ക് ലോകം നടന്നടുക്കുന്നതിനിടയിലാണ് ക്രിസ്‌മസ് കടന്നുവരുന്നത്. ലോക മനസിൽ അത് സമാധാനത്തിന്റെയും ശാന്തിയുടെയും നക്ഷത്രശോഭയായി മാറട്ടെ. എല്ലാ വായനക്കാർക്കും ഞങ്ങളുടെ സ്നേഹനിർഭരവും പ്രാർത്ഥനാഭരിതവുമായ ക്രിസ്‌മസ് ആശംസകൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |