
കോഴിക്കോട് കൊട്ടാരം റോഡിലുള്ള എം.ടി. വാസുദേവൻ നായരുടെ വീടായ 'സിത്താര"യിലേക്ക് ഒരിക്കൽ എസ്.കെ. പൊറ്റെക്കാട്ടിന്റെ ഒരു കത്തുവന്നു: 'വാസൂ, ഞാൻ ആഫ്രിക്കൻ വനാന്തരങ്ങളിലൂടെ ഒരു സഞ്ചാരത്തിലാണ്. ഒരുപാട് നാടുകൾ കണ്ടു, കഴ്ചകൾ കണ്ടു, പക്ഷെ എന്തോ എനിക്കിപ്പോൾ കോഴിക്കോട്ടേക്ക് വരാൻ തോന്നുന്നു. നമ്മുടെ മിഠായിത്തെരുവിലൂടെ ഒന്നു നടക്കണം. അതിനപ്പുറത്തുള്ള സുഖവും വിശേഷങ്ങളുമൊന്നും എവിടെയും ഇല്ലെടോ..."
കുനുകുനാ കുറിച്ചിട്ട എസ്.കെയുടെ വാക്കുകളിലുണ്ട്, ആ കോഴിക്കോടൻ ആത്മബന്ധം. എസ്.കെ, എൻ.പി. മുഹമ്മദ്, തിക്കോടിയൻ, ഉറൂബ്, ബഷീർ, ദേവൻ, കെ.ടി... ഇവരെയെല്ലാം കൂട്ടിയിണക്കുന്ന കണ്ണിയാണ് ഒരാണ്ടുമുമ്പ് മുറിഞ്ഞുപോയ എം.ടി എന്ന, മലയാള സാഹിത്യത്തിലെ മഹാവൃക്ഷം. മൗനത്തിന്റെ മഹാ സന്നിധിയിലിരിക്കുമ്പഴും നിശബ്ദമായി സൗഹൃദങ്ങളെ നെഞ്ചോടു ചേർത്തുപോയ പ്രിയ കഥാകാരൻ.
എം.ടി കോഴിക്കോട്ടെ കോലായ ചർച്ചകളിലൊന്നും ഒരിക്കലും സജീവമായിരുന്നില്ലെങ്കിലും, ലോകത്തെവിടെ മലയാളികൾ സാഹിത്യം ചർച്ചചെയ്യുന്നുണ്ടോ, ആ 'കോലായകളി"ലെല്ലാം ആദ്യവസാനം മഞ്ഞുപെയ്യിക്കാറുള്ളത് എം.ടിയുടെ വാക്കും കരുത്തുമായിരുന്നു. ഒറ്റയാനും മൗനിയുമായിരുന്നു, എന്നും എം.ടി. അതുതന്നെയാണ് അദ്ദേഹത്തിനു കിട്ടിയിരുന്ന ബഹുമതിയും. 'വല്ലപ്പോഴും ഒന്നു ചിരിക്കണം; അല്ലെങ്കിൽ ആ സിദ്ധി നഷ്ടപ്പെട്ടുപോകും" എന്ന് 'മഞ്ഞി"ലെ വിമലയെക്കൊണ്ട് പറയിക്കുകയും, മൗനത്തിന്റെ വത്മീകത്തിലൊതുങ്ങുകയും ചെയ്തപ്പോഴും പറയേണ്ടതെല്ലാം കൈരളിയോട് തുറന്നടിച്ചിട്ടുണ്ട് എം.ടി, എക്കാലത്തും.
എം.ടി എന്ന മാടത്ത് തെക്കേപ്പാട്ട് വാസുദേവൻ നായരെക്കുറിച്ച് എഴുതാത്തവരും പറയാത്തവരും കേൾക്കാത്തവരുമായി ആരുമുണ്ടാവില്ല. ആര് എന്തൊക്കെ എഴുതിയാലും എം.ടിയുടെ വാക്കുകളുടെ തലക്കനം ഉണ്ടാവില്ല. കഴിഞ്ഞ വർഷത്തെ ക്രിസ്മസിന്റെ നക്ഷത്രരാവിലാണ് രംഗബോധമില്ലാത്ത ആ കോമാളിക്കൊപ്പം എം.ടി നടന്നു പോയത്. ഇന്ന് ഡിസംബർ 25ന് ഒരു വർഷം.
അവതാരിക
ആരെഴുതും?
ആത്മകഥയെഴുതുമോ എന്ന് എം,ടിയോട് ചോദിച്ചെത്തിയ പ്രസാധകർ നിരവധിയാണ്. എം.ടി വഴങ്ങിയില്ല. 'എന്റെ കഥകളെല്ലാം എന്റെ ആത്മകഥയാണ്; അതിനുവേണ്ടി മാത്രമായൊരു കച്ചവടം വേണ്ട" എന്നായിരുന്നു അവസാന വാക്ക്. അങ്ങനെ അത്മകഥ സംഭവിച്ചില്ല. പക്ഷെ ജീവചരിത്രം വേണമെന്ന് സൗഹൃദങ്ങളും ശിഷ്യഗണങ്ങളും നിർബന്ധിച്ചുകൊണ്ടേയിരുന്നു. എഴുത്തുകാരൻ എം.എം. ബഷീറാണ് അതിന് മുന്നിൽ നിന്നത്. വേണ്ടെന്ന നിലപാട് ആദ്യമൊക്കെ ആവർത്തിച്ചെങ്കിലും ആ മഹാമൗനി ഒടുവിൽ കീഴടങ്ങി.
ഡോ. കെ. ശ്രീകുമാറിനായിരുന്നു നിയോഗം. എം.ടിയെ അടുത്തറിഞ്ഞ എഴുത്തുകാരൻ. എം.ടിയുടെ 92-ാം പിറന്നാൾ ദിനത്തിൽ പ്രകാശനം ചെയ്യാൻ പാകത്തിൽ ശ്രീകുമാർ എല്ലാം ചിട്ടപ്പെടുത്തി. പക്ഷെ അങ്ങനെയൊരു വിശാല സദസിനെ അഭിസംബോധന ചെയ്യുംമുമ്പേ അദ്ദേഹം മടങ്ങി. എന്നിട്ടും ആ പിറന്നാൾ ദിനത്തിൽ തുഞ്ചൻപറമ്പിൽ വച്ച് എം. മുകുന്ദൻ പുസ്തകം പ്രകാശനം ചെയ്തു. ഒരു ജീവചരിത്രം ജനം സ്വീകരിക്കുന്നതിനേക്കാൾ വേഗത്തിൽ രണ്ടാംപതിപ്പ് പോലും വിറ്റഴിയുകയാണ്. അവതാരികയില്ലാത്ത ജീവചരിത്രമോ എന്ന ചോദ്യത്തിന് ശ്രീകുമാറിന്റെ മറുപടി ഇങ്ങനെയായിരുന്നു: 'എം.ടിയുടെ ജീവചരിത്രത്തിന് ആരെക്കൊണ്ട് അവതാരിക എഴുതിക്കും?"
രണ്ടാമൂഴവും
ഈ വർഷം
മോഹൻലാലിനെ ഭീമനായി കാണാൻ മലയാളി കാത്തിരിക്കാൻ തുടങ്ങിയിട്ട് കാലം ഏറെയായി. ഒടുക്കം എം.ടി. 'രണ്ടാമൂഴ"ത്തിന് തിരക്കഥ പൂർത്തിയാക്കി സംവിധാനത്തിനും ആളെ ഏല്പിച്ചു. പക്ഷെ വൈകി അത് കോടതി കയറുകയും പിന്നീട് എം.ടി പിൻവാങ്ങുകയും ചെയ്തു. എങ്കിലും, അവസാന കാലങ്ങളിലെല്ലാം എം.ടി.ക്കൊപ്പം ഭീമനും ഒരു സങ്കടമായി കൂടെയുണ്ടെന്നായിരുന്നു എന്നാണ് ഭാര്യ സരസ്വതി ടീച്ചർ പറഞ്ഞത്. അതിപ്പോൾ മകൾ അശ്വതിയുടെ കാർമികത്വത്തിൽ പുതുവർഷത്തിൽ സിനിമയാകുമെന്നാണ് അറിയിപ്പ്. ചർച്ചകളെല്ലാം കഴിഞ്ഞെന്നും വലിയ പ്രഖ്യാപനത്തോടെ കോഴിക്കോട്ട് പൂജ നടക്കുമെന്നും കേൾക്കുന്നുണ്ട്.
കഥകളെല്ലാം കൂടല്ലൂരിൽ നിറഞ്ഞപ്പോൾ എം.ടി ഇങ്ങനെ കുറിച്ചു: 'കൂടല്ലൂർ എന്ന എന്റെ ചെറിയ ലോകത്തോട് ഞാൻ മാറിനിൽക്കാനാവാത്തവിധം ബന്ധപ്പെട്ടിരിക്കുന്നു. അതിന്റെ നാലതിരുകൾപ്പുറത്ത് കടക്കില്ലെന്ന് നിർബന്ധമുണ്ടോ എന്നു ചോദിക്കാം. ഇല്ല. വ്യത്യസ്തമായ ഭൂഭാഗങ്ങൾ തേടി ഞാൻ അലയാറുണ്ട്; പലപ്പോഴും. പക്ഷേ, വീണ്ടും വീണ്ടും ഞാനിവിടേയ്ക്ക് തിരിച്ചുവരുന്നു. ഇതൊരു പരിമിതിയാവാം. പക്ഷേ, അറിയാത്ത അദ്ഭുതങ്ങളെ ഗർഭത്തിൽ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാൾ അറിയുന്ന എന്റെ നിളാനദിയെയാണ് എനിക്കിഷ്ടം!"
'സിത്താര" എന്ന
അഭയകേന്ദ്രം
പുഷ്പ
തിക്കോടിയന്റെ മകൾ
അച്ഛനും വാസ്വേട്ടനും തമ്മിൽ പ്രായത്തിൽ വലിയ വ്യത്യാസമുണ്ട്. പക്ഷെ വീട്ടിലും സൗഹൃദ ചടങ്ങുകളിലുമെല്ലാം അവർ 'എടാ പോടാ" വിളിച്ചു. അതു കേൾക്കുമ്പോൾ മറ്റുള്ളവർ 'എന്താ ഇങ്ങനെ" എന്നൊക്കെ ചോദിച്ചിരുന്നു. പക്ഷേ അവർ രണ്ടുപേരും അതൊന്നും കൂട്ടാക്കിയില്ല. മിക്ക ദിവസങ്ങളിലും അദ്ദേഹം വീട്ടിൽ വരുമായിരുന്നു. അച്ഛനുമായി വളരെ നല്ല സൗഹൃദമായിരുന്നു.
വാസ്വേട്ടനെ കുട്ടിക്കാലം മുതൽക്കേ അച്ഛന് അറിയാം. എം.ടിയുടെ സഹോദരനുമായിട്ടായിരുന്നു ആദ്യം അടുപ്പം. അദ്ദേഹം എം.ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വരുമായിരുന്നു. അങ്ങനെ അവർ നല്ല കൂട്ടായി. വായിച്ച പുസ്തകങ്ങളെക്കുറിച്ചും സാഹിത്യ സംഭവങ്ങളെക്കുറിച്ചും രണ്ടുപേരും ചർച്ച ചെയ്യും. പ്രസംഗിക്കാൻ ഒപ്പം പോകും. വൈകുന്നേരങ്ങളിൽ ഒത്തുകൂടും. അച്ഛൻ നേരത്തേ പോയെങ്കിലും കോഴിക്കോട്ട് ഞങ്ങളുടെ അഭയകേന്ദ്രമായിരുന്നു 'സിത്താര." ഓർമകളുടെ ഒരുവർഷം കടന്നുപോയതറിഞ്ഞില്ല.
ബഷീറിന്റെ
നൂലൻ വാസു
ഷാഹിന
ബഷീറിന്റെ മകൾ
എം.ടി കോഴിക്കോട്ടില്ലെന്ന് വിശ്വസിക്കാനാവുന്നില്ല. സാഹിത്യത്തിനപ്പുറത്ത് ഞങ്ങളുടെ ജീവിതത്തിലും അദ്ദേഹം ഒരു വലിയ മരമായിരുന്നു. എം.ടിയെന്ന രണ്ടക്ഷരത്തിന് എന്റെ ജീവിതത്തിൽ മറക്കാനാകാത്ത ഇടമാണുള്ളത്. റ്റാറ്റയുടെ (ബഷീറിന്റെ മറ്റൊരു പേര്) മാനസികാവസ്ഥ തെറ്റിയ സമയത്തെല്ലാം സ്വന്തം ജീവൻ പോലും പണയപ്പെടുത്തി അദ്ദേഹത്തിനൊപ്പം നിന്ന വാസ്വേട്ടനെ ഓർക്കാത്ത ദിവസമില്ല.
അന്ന് ഞാൻ കുട്ടിയാണ്. ഒരു രാത്രിയിൽ ഞെട്ടി എഴുന്നേറ്റപ്പോൾ കാണുന്നത് കഠാരകൊണ്ട് കിടക്ക കുത്തിക്കീറുന്ന റ്റാറ്റയെയാണ്. അന്ന് എനിക്കും ഉമ്മായ്ക്കും അടുക്കാൻ പോലും കഴിഞ്ഞില്ല. വീടിനു സമീപത്ത് നിൽക്കുന്നവർക്കു നേരെ കഠാരയെടുത്ത് വിരട്ടിയ റ്റാറ്റയെ എല്ലാവരും ഭയന്നു. അപ്പോഴാണ് ആശ്വാസത്തിന്റെ തണലെന്ന പോലെ വാസ്വേട്ടനും സുഹൃത്തുക്കളും എത്തിയത്. അതോടെ റ്റാറ്റ ശാന്തനായി. അങ്ങനെ എത്രയെത്ര ഓർമ്മകൾ. വാസുവേട്ടൻ ഞങ്ങളുടെ ജീവിതത്തിന്റെ ഭാഗമായിരുന്നു.
സൗഹൃദത്തിന്റെ
അറബിപ്പൊന്ന്
എൻ.പി. ഹാഫിസ് മുഹമ്മദ്
സാഹിത്യ സമ്പന്നമായിരുന്നു അക്കാലത്തെ കോഴിക്കോട്. അവിടത്തെ കോലായ ചർച്ചകളാണ് മലയാള സാഹിത്യത്തെ സമ്പന്നമാക്കിയത്. പക്ഷെ അത്തരം സാഹിത്യ ചർച്ചകളിലൊന്നും എം.ടി ഉണ്ടായിരുന്നില്ല. മൗനത്തിന്റെ ആഴത്തിലിരിക്കുമ്പോഴും സൗഹൃദങ്ങളെ അദ്ദേഹം ഹൃദയത്തോട് ചേർത്തുപിടിച്ചു. പലരും എം.ടിയുടെ മൗനത്തെ അഹങ്കാരവും തലക്കനവും എന്ന് വിശേഷിപ്പിക്കാറുണ്ട്. അവസാന നാളുകളിൽ അദ്ദേഹത്തിന്റെ വാക്കുകളിൽ പൊതിഞ്ഞ മൗനം അതിതീവ്രമായി ഇല്ലാതായ ഒരു അനുഭവവും ഓർമ്മയിലുണ്ട്.
മുത്തങ്ങ പ്രശ്‌നവും പാരിസ്ഥിതിക പ്രശ്‌നവും കേരളത്തിൽ മാറിവരുന്ന ഭരണ സംവിധാനത്തെക്കുറിച്ചുള്ള ആശങ്കകളും ആയിരുന്നു അതിനു കാരണം. മൗനത്തിൽ ഒളിച്ചിരിക്കുന്ന അക്ഷരങ്ങളെ മൂർച്ചയുള്ള ആയുധങ്ങളാക്കി മാറ്റാനുള്ള കാലതാമസം മാത്രമായിരുന്നു, ആ മൗനം എന്നാണ് ഞാൻ മനസിലാക്കിയത്.
ആ മൗനത്തിന് അഹങ്കാരം എന്ന അർത്ഥം നൽകിയാൽപ്പോലും മലയാള സാഹിത്യത്തിന്റെ കോലായയിൽ ഇങ്ങനെ അഹങ്കരിക്കാനും മൗനിയാവാനും എം.ടിക്കല്ലാതെ മറ്റാർക്കു കഴിയും!
എൻ.പി.മുഹമ്മദും (പിതാവ്) എം.ടിയും 'അറബിപ്പൊന്നു"രുക്കിയത് എന്റെ വീട്ടിലെ കോലായിലിരുന്നാണ്.
അവർക്കുള്ള ഉച്ചയൂണും വൈകിട്ടത്തെ ചായയും പലഹാരങ്ങളും ഉണ്ടാക്കലായിരുന്നു ഉമ്മയുടെ പ്രധാന പണി. ആ ചർച്ചകളിലെ കുട്ടിയായിരുന്നു ഞാൻ. ഒരുപക്ഷെ ആ ചർച്ചകളിലൂടെയാവണം എന്നിലും ഒരു എഴുത്തുകാരനുണ്ടെന്ന തിരിച്ചറിവുണ്ടായത്. ഏതോ ഒരു സൗഹൃദ സംഭാഷണ വേളയിലാണ് 'അറബിപ്പൊന്ന്" കടന്നുവന്നത്. പ്രഗത്ഭരായ രണ്ട് എഴുത്തുകാർ ഒരുമിച്ചിരുന്ന് എഴുതിയ നോവലെന്ന ഖ്യാതി മലയാളത്തിൽ മറ്റേതു പുസ്തകത്തിന് അവകാശപ്പെടാനുണ്ട്!
ഗൾഫ് നാടുകളിൽ നിന്നുള്ള സ്വർണക്കടത്തിനെക്കുറിച്ചുള്ള വാർത്തകൾ ഒരുപാട് വന്നപ്പോഴാണ് ഉപ്പ എം.ടിയോട് പറയുന്നത്: 'വാസുവേ, നീ ഇതിനെക്കുറിച്ച് ഒരു നോവലെഴുത്!"എം.ടിയുടെ മറുപടി, 'എൻ.പി എഴുതിയാൽ മതി"യെന്ന്. ആ കോലായ ചർച്ചയാണ് രണ്ടുപേരും കൂടി നോവൽ എഴുതാനുള്ള തീരുമാനത്തിലെത്തിയത്. അങ്ങനെയാണ് 'അറബിപ്പൊന്ന്" ചരിത്രമായത്. ലോക സാഹിത്യത്തിൽത്തന്നെ അപൂർവമായിട്ടായിരിക്കും പ്രതിഭാധനരായ രണ്ട് സാഹിത്യകാരന്മാർ ഒരുമിച്ച് ഉണ്ടും ഉറങ്ങിയും ആഘോഷിച്ചും ഒരു നോവലെഴുതുന്നത്.
1960-ലാണ് 'അറബിപ്പൊന്ന്" വെളിച്ചം കണ്ടത്. അറബിപ്പൊന്നിന്റെ വരവറിയിച്ചുള്ള പോസ്റ്ററുകൾ കോഴിക്കോട് നഗരത്തിൽ സിനിമാ പോസ്റ്ററുകൾ പോലെ പടർന്ന കാലം. പശതേച്ച് പോസ്റ്ററുകൾ ചുവരുകളിലൊട്ടിച്ചത്, മുണ്ട് മാടിക്കുത്തി, ചുണ്ടിൽ പടർന്ന ബീഡിപ്പുകയുമായി എം.ടിയും എൻ.പിയും പിന്നെ സൗഹൃദക്കൂട്ടവും! ആദ്യദിവസം തന്നെ അഞ്ഞൂറോളം കോപ്പികൾ വിറ്റഴിഞ്ഞ്, മലയാള പ്രസാധനചരിത്രത്തിലെ അന്നത്തെ റെക്കാഡും 'അറബിപ്പൊന്ന്" നേടി.
അതുപോലെ, 'രണ്ടാമൂഴം" ഓരോ അദ്ധ്യായം എഴുതുമ്പോഴും ഉപ്പയ്ക്ക് കൊടുത്തയയ്ക്കും. ഉപ്പ വായിച്ച് ആദ്യം അഭിപ്രായം പറയണം. ആ കയ്യെഴുത്തു പ്രതി രണ്ടാമത് വായിക്കാനുള്ള മഹാസൗഭാഗ്യം കിട്ടിയ ആളാണ് ഞാൻ. എം.ടി ആരോടും സംസാരിക്കാറില്ലെന്ന് പറയുമ്പോഴും അടുപ്പമുള്ളവരോട് മണിക്കൂറുകളോളം സംസാരിക്കുന്ന എം.ടിയാണ് ഇപ്പോഴും മനസിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |