SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.00 PM IST

പഠനത്തിനൊപ്പം ശിങ്കാരിമേളം,​ രേഷ്മ ഇനി പഞ്ചായത്ത് പ്രസിഡന്റ്

Increase Font Size Decrease Font Size Print Page
b-reshma-aruvappulam-

തിരുവനന്തപുരം: ശിങ്കാരി മേളത്തിലൂടെ കിട്ടുന്ന വരുമാനമാണ് ജീവിത മാർഗം. അതിനൊപ്പം എംകോം പഠനം. ദ്രുതതാളത്തിൽ ചെണ്ടക്കൊട്ടി ജീവിത വഴി തേടുന്നതിനിടെ രേഷ്മയ്ക്ക് കൈവന്നത് പത്തനംതിട്ട അരുവാപ്പുലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന പുതിയ നിയോഗം. കോൺഗ്രസ് പ്രതിനിധിയായാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്.

യു.ഡി.എഫിന് ഭൂരിപക്ഷം ലഭിച്ച ഈ പഞ്ചായത്തിലെ ഏക പട്ടികജാതി വനിതയും രേഷ്മയാണ്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഇത്തവണ പട്ടികജാതി സംവരണമായതോടെയാണ് 27കാരിയായ കൊക്കാത്തോട് നെല്ലിക്കാപ്പാറ സ്വദേശി ബി. രേഷ്മയ്ക്ക് നറുക്കു വീണത്. നിലവിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റായിരുന്ന അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയിയുടെ പിൻഗാമിയായാണ് രേഷ്മ സ്ഥാനം ഏറ്റെടുക്കുന്നത്.

ചെണ്ടയും ചേങ്ങിലയുമൊക്കെ അഭ്യസിച്ചിട്ടുള്ള രേഷ്മ അഞ്ച് വർഷത്തോളമായി കേരളത്തിലും തമിഴ്നാട്ടിലുമടക്കം നിരവധി പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. അമ്മ രാധാമണിയുടെ സഹോദരി കമലമ്മയ്ക്കൊപ്പം നെല്ലിക്കാപ്പാറ, മുണ്ടപ്ലാവ് മേഖലയിലുള്ളവരെ ചേർത്ത് ശിങ്കാരി മേളത്തിനായി ശ്രീബുദ്ധ എന്ന പേരിൽ കലാസമിതിക്കും രൂപം നൽകി.

ഇതിനൊപ്പം പത്തനംതിട്ടയിലെ സ്വകാര്യ കോളേജിൽ നിന്ന് ബിരുദം നേടി. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഇപ്പോൾ എംകോമിന് പഠിക്കുന്നു. അവസാന സെമസ്റ്റർ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിടെയായിരുന്നു തദ്ദേശ തിരഞ്ഞെടുപ്പ്. പരേതനായ ബാബുവാണ് രേഷ്മയുടെ പിതാവ്.

TAGS: MELAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY