
വരണ്ട് ഉണങ്ങി വിണ്ടുകീറിയ ചര്‍മ്മം തണുപ്പ് കാലത്ത് നമ്മെ ഏറെ അലട്ടുന്ന ഒന്നാണ്. ചര്‍മ്മ സംരക്ഷണം തണുപ്പ് കാലത്തില്‍ എങ്ങനെ ചെയ്യാം എന്നറിയാം.
· കുളിക്കുന്നതിനായി ചൂടുവെള്ളം ഉപയോഗിക്കുന്നതിന് പകരം ഇളം ചൂടുവെള്ളം ഉപയോഗിക്കുക.
· സോപ്പിന് പകരം ക്ലന്‍സിംഗ് ലോഷന്‍ ഉപയോഗിക്കുക. പെട്ടെന്ന് കുളിച്ച് വരുക. രണ്ടുനേരം കുളിക്കുന്നവര്‍ ഒരു നേരം മാത്രം സോപ്പ് ഉപയോഗിക്കുക.
· എണ്ണ തേച്ച് കുളിക്കുന്നവര്‍ അത് സോപ്പ് ഉപയോഗിച്ച് കഴുകി കളഞ്ഞാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കില്ല.
· പയര്‍ പൊടി, ചകിരി, ഇഞ്ച എന്നിവ ഉപയോഗിക്കരുത്.
ചര്‍മ്മം സ്വതവെ വരണ്ടിരിക്കുന്നതിനാല്‍ ഫ്രിക്ഷന്‍ / ഘര്‍ഷണം അല്ലെങ്കില്‍ കരകരപ്പുണ്ടാക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചാല്‍ തൊലിയില്‍ കീറലുകള്‍ വരാനുള്ള സാദ്ധ്യത ഏറുന്നു. കുളി കഴിഞ്ഞ് നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പിയതിനു ശേഷം മോയ്‌സ്ചറൈസിംഗ് ലോഷന്‍ പുരട്ടുക. Hyaluronic acid, Ceramides, Vitamin E എന്നിവ അടങ്ങിയ മോയ്‌സ്ചറൈസര്‍ ആണ് ഉചിതം.
തണുപ്പുകാലത്ത് മുഖ ചര്‍മ്മത്തിന് പ്രത്യേകം ശ്രദ്ധ ചെലുത്തണം. Salicylic acid, Glycolic acid എന്നിവ അടങ്ങിയ Cleanser / ഫേസ് വാഷ് ഉപയോഗിക്കുന്നതിനു പകരം മൃദുവായ Mandelic acid, Oat meal extract എന്നിവ ഉപയോഗിക്കാം. മുഖം കഴുകിയതിനു ശേഷം നനഞ്ഞ തോര്‍ത്ത് കൊണ്ട് ഒപ്പി മോയ്‌സ്ചറൈസര്‍ ഉപയോഗിക്കുക. മുഖക്കുരു ഉള്ളവര്‍ non-comedogenic ആയ ക്രീം / ജെല്‍ ക്രീം അല്ലെങ്കില്‍ വാട്ടര്‍ ബേസ്ഡ് ക്രീം ഉപയോഗിക്കുക. Gel type cream തണുപ്പ് കാലത്ത് ചര്‍മ്മത്തെ കൂടുതല്‍ വരണ്ടതാകുന്നു.
സൂര്യനെ കാണുന്നില്ലെങ്കില്‍ പോലും സണ്‍സ്‌ക്രീന്‍ ധരിക്കണം. നന്നായി വിയര്‍ക്കുന്നവരും വെയിലത്ത് പോകേണ്ടവരും 2 - 3 മണിക്കൂര്‍ കഴിയുമ്പോള്‍ വീണ്ടും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. Skin aging കുറയ്ക്കുന്ന റെറ്റിനൊയ്ക് ആസിഡ് അടങ്ങിയ ലേപനങ്ങളുടെ ഉപയോഗം കുറയ്ക്കുകയോ അതിന്റെ തീവ്രത (Potency) കുറഞ്ഞ സബ്സ്റ്റിറ്റ്യൂട്ട് ഉപയോഗിക്കുകയോ ചെയ്യുക.
തണുപ്പ് കാലത്ത് ചുണ്ടുകള്‍ക്കും പ്രത്യേക പരിചരണം ആവശ്യമാണ്. ഏത് ആഹാരം കഴിച്ചാലും (ലഘു ഭക്ഷണം ഉള്‍പ്പെടെ) വായ കഴുകുക. നനവോടെ തന്നെ lip balm പുരട്ടുക. ചുണ്ട് ഉണങ്ങി വരണ്ട് ഇരിക്കുകയാണെങ്കില്‍ അത് ഇടയ്ക്കിടെ നനയ്ക്കുകയോ ഉണങ്ങിയ തൊലി വലിച്ചെടുക്കുകയോ ചെയ്യരുത്. അത് ഈ അവസ്ഥയെ പ്രതികൂലമായി ബാധിക്കും. ഇടയ്ക്കിടെ വെള്ളം കുടിക്കുക, lip balm പുരട്ടുക. കൈകാലുകള്‍ നനയുമ്പോഴൊക്കെ ക്രീം പുരട്ടാന്‍ ശ്രദ്ധിക്കുക. അധികനേരം നനയുന്ന ജോലികള്‍ ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഗ്ലൗസ് ധരിക്കുക. ഈര്‍പ്പം തങ്ങിനില്‍ക്കാതെ നോക്കുക. നഖങ്ങള്‍ കൃത്യമായി വെട്ടിവയ്ക്കുക.
തലയില്‍ ഈ സമയത്ത് dryness ഉള്ളവരില്‍ പൊടി പോലെയുള്ള താരന്‍ കാണാറുണ്ട്. ഇത് രോഗമല്ല, എന്നാല്‍ ചൊറിച്ചിലോ, കുരുക്കളോ, ചുവന്ന കട്ടിയായ ഭാഗങ്ങളോ ഉണ്ടെങ്കില്‍ ഒരു ത്വക്ക് രോഗ വിദഗ്ദ്ധനെ കാണിച്ച് ചികിത്സ തേടേണ്ടതാണ്. Coconut oil / വെളിച്ചെണ്ണ നല്ല മോയ്‌സ്ചറൈസറും ആന്റിഫംഗലും മുടി വളര്‍ച്ചയെ ത്വരിതപ്പെടുന്ന ഒരു ഘടകമാണ്. പക്ഷേ എല്ലാവര്‍ക്കും ഇത് പ്രയോജനം ചെയ്യില്ല. നിങ്ങള്‍ക്ക് വെളിച്ചെണ്ണ തേച്ചാല്‍ ചൊറിച്ചില്‍, താരന്‍, കുരുക്കള്‍ എന്നിവ വരുമെങ്കില്‍ അത് ഉപയോഗിക്കരുത്.
എണ്ണ പുരട്ടുന്നവര്‍ രാത്രി മുഴുവന്‍ അത് തലയില്‍ വയ്ക്കരുത്. mild ആയ ഷാംപൂ ഉപയോഗിച്ച് കഴുകി കളയുക. കണ്ടീഷണര്‍ മുടിയുടെ അറ്റത്ത് പുരട്ടാം. വെള്ളം ധാരാളം കുടിക്കുക, ഇലക്കറികള്‍, പച്ചക്കറികള്‍, നട്ട്‌സ് എന്നിവ കഴിക്കുക. മീന്‍, മുട്ട, ഇറച്ചി എന്നിവ മിതമായി കഴിക്കുക. സാധാരണയായി കാണുന്ന ചൊറിച്ചില്‍ അധികരിക്കുകയോ, ചുവന്ന പാടുകള്‍ പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കേണ്ടതാണ്.
Dr. Shalini V R
Consultant Dermatologits and Cosmetologist
SUT Hospital, Pattom
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |