
മുട്ടവില മുകളിലേക്ക് ഉയരുകയാണ്. ഉടനൊന്നും ഇത് താഴേക്ക് വരാനിടയില്ല എന്നാണ് വിപണിയിലെ സൂചന. അഥവാ വില താഴേക്കുവരുന്ന ലക്ഷണങ്ങൾ കാണിക്കുകയാണെങ്കിലും അത് പരിമിതമായിക്കും എന്നും വിപണി വിദഗ്ദ്ധർ പറയുന്നു. എന്തുകൊണ്ടാണ് മുട്ടവില ഉയരാൻ കാരണം. പ്രത്യേകിച്ചും ഈ തണുപ്പുകാലത്ത്?.
കേരളത്തിൽ ഒരു വെള്ളമുട്ടയ്ക്ക് 7.50 രൂപയ്ക്ക് മുകളിലാണ് വില. ചിലയിടങ്ങളിൽ എട്ടുരൂപയും വാങ്ങുന്നുണ്ട്. ക്രിസ്തുമസ് കാലമായതിനാൽ മുട്ടയ്ക്ക് ഡിമാൻഡ് ഏറെയാണ്. അതുകൊണ്ടാണ് വില കൂടുന്നത് എന്നാണ് കച്ചവടക്കാർ പറയുന്നത്. എന്നാൽ ഇതൊന്നുമല്ല കാരണം. ഇന്ത്യയിൽ സാധാരണ മുട്ടയുടെ ഉപയോഗം ഏറ്റവും കൂടുതലുള്ളത് ഡിസംബർ, ജനുവരി മാസത്തിലാണ്. ഈ സമയത്തെ കാലാവസ്ഥയാണ് ഇതിന് പ്രധാന കാരണം. പൊതുവെ ഈ സമയങ്ങളിൽ തണുപ്പ് കൂടുതലായിരിക്കും. അതിനാൽത്തന്നെ പ്രോട്ടീൻ കൂടുതൽ അടങ്ങിയ ഭക്ഷണങ്ങളാണ് ആവശ്യം.
ഇത് മനസിലാക്കി ഹോട്ടലുകൾ, സ്കൂൾ, കോളേജ് ഹോസ്റ്റലുകൾ, വഴിയോര ഭക്ഷണശാലകൾ, വീടുകൾ തുടങ്ങിയിടങ്ങളിൽ മുട്ട കൂടുതൽ വാങ്ങിക്കുകയും സംഭരിക്കുകയും ചെയ്യുന്നു. ആവശ്യം കൂടുന്നതോടെ വിലകൂടുന്നത് സ്വാഭാവികം. ക്രിസ്മസ് കാലത്തെ ഡിമാൻഡ് മാത്രമാണെങ്കിൽ അത് കഴിയുമ്പോൾ വില കുറയേണ്ടതാണ്. എന്നാൽ ഫെബ്രുവരിയോടെ മാത്രമേ വില കുറയൂ. ഇതിനിടെ ചിലപ്പോൾ വില വീണ്ടും കൂടുകയും ചെയ്യും.
കാേഴിത്തീറ്റയുടെ വിലയും മുട്ടവിലയെ നിയന്ത്രിക്കുന്നു എന്നാണ് കർഷകരും വ്യാപാരികളും ചൂണ്ടിക്കാണിക്കുന്നത്. കോഴിത്തീറ്റയിലെ രണ്ട് പ്രധാന ഘടകങ്ങളാണ് ചാേളവും സോയാബീനും. ഇന്ത്യയിൽ ഇവ വ്യാപകമായി കൃഷിചെയ്യുന്നുണ്ടെങ്കിലും കാലാവസ്ഥാ വ്യതിയാനം, കയറ്റുമതി ഡിമാൻഡ്, ഉയർന്ന ഉത്പാദനച്ചെലവ് എന്നിവമൂലം ഇവയുടെ വില കാര്യമായി ഉയർന്നിട്ടുണ്ട്. അതിനാൽ ഇവ ഉപയോഗിച്ച് ഉണ്ടാക്കുന്ന കോഴിത്തീറ്റയുടെ വിലയും കൂടി. ഇതിന്റെ ആഘാതം ജനങ്ങൾക്കുമേൽ കെട്ടിവയ്ക്കാനാണ് വൻകിട കമ്പനികൾ ശ്രമിക്കുന്നത്. വൻവിലകൊടുത്ത് കോഴിത്തീറ്റ വാങ്ങുന്നതിന്റെ ഭാരവും ജനങ്ങൾക്കുമേൽ കെട്ടിവയ്ക്കാൻ തന്നെയാണ് കോഴികർഷകരും ശ്രമിക്കുന്നത്. കാേഴികർഷകന്റെ ചെലവിന്റെ അറുപതുശതമാനത്തോളം തീറ്റയ്ക്കുവേണ്ടിയാണ്. അതിനാൽ മുട്ടവില ഉയർന്നുകൊണ്ടേയിരിക്കും.
ഉത്പാദന കേന്ദ്രങ്ങളിൽ നിന്ന് മുട്ട വിതരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള ചെലവും കൂടിയിട്ടുണ്ട്. ഇതും വിലകൂടലിനെ സ്വാധീനിച്ചിട്ടുണ്ട്. ഇങ്ങനെ കാരണങ്ങൾ പലതായതിനാൽ ഇത്തവണ ഫെബ്രുവരി കഴിഞ്ഞാലും മുട്ടവിലയിൽ വലിയ കുറവൊന്നും ഉണ്ടാകാനിടയില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |