
ചിലർ മഹാന്മാരായി ജനിക്കുന്നു. മറ്റു ചിലർ മഹത്വം ആർജ്ജിക്കുന്നു. ഇനിയും ചിലരിൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു!- ഷേക്സ്പിയറുടേതാണ് ഈ വാചകങ്ങൾ. മഹാത്മാക്കളായി ജനിക്കുന്നവരെയും മഹത്വം അടിച്ചേല്പിക്കപ്പെടുന്നവരെയും പൊതുവെ മറക്കാറില്ലെങ്കിലും, നമുക്കിടയിൽ ജീവിച്ച് മഹത്വം ആർജ്ജിച്ച് മൺ മറഞ്ഞ മിക്കവരെയും അറിഞ്ഞോ അറിയാതെയോ മറന്നുപോവുന്ന സ്വഭാവം മലയാളിക്കുണ്ട്. അങ്ങനെ വിസ്‌മൃതിയിൽ ആണ്ടുപോവുന്നവർ മിക്കവരും മലയാളികൾ തന്നെയാണ് എന്നതാണ് ഏറെ ദുഃഖകരം. ഈ മറവി കാരണം പുതിയ തലമുറയ്ക്ക് മലയാളികളായ മഹദ് വ്യക്തിത്വങ്ങൾ അജ്ഞാതരാണ്. ഇങ്ങനെ മലയാളികൾ മറന്നു പോയൊരു മഹാപ്രതിഭയാണ് ജോൺ മത്തായി.
അദ്ദേഹത്തെക്കുറിച്ച് ഓർമ്മയില്ലെങ്കിലും, മറ്റൊരു മത്തായിയെ മലയാളി ഓർമ്മയിൽ സൂക്ഷിക്കുന്നുണ്ട്. ആദ്യ പ്രധാന മന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ പേഴ്സണൽ സെക്രട്ടറി ആയിരുന്ന എം.ഒ. മത്തായി ആണ് അദ്ദേഹം.
എം. ഒ. മത്തായിയെക്കുറിച്ചോ അദ്ദേഹം ഓർമ്മിക്കപ്പെടുന്നതിനുള്ള കാരണത്തെ കുറിച്ചോ ഒന്നുമല്ല ഇവിടെ എഴുതുന്നത്. പക്ഷെ പണ്ഡിറ്റ് നെഹ്‌റുവിനോടൊപ്പം പ്രവർത്തിച്ച മറ്റൊരു മലയാളിയെക്കുറിച്ച്, ജോൺ മത്തായിയെക്കുറിച്ച് ഇവിടെ എഴുതാതെ വയ്യ.
ആമുഖമായി സൂചിപ്പിച്ചതു പോലെ ജോൺ മത്തായി പുത്തൻ തലമുറയ്ക്ക് തികച്ചും അജ്ഞാതൻ, അപരിചിതൻ. ഇന്ത്യാ ചരിത്രത്തിൽ നിന്ന് മറ്റു പലരെയും പോലെ ഇദ്ദേഹത്തെയും മന:പൂർവം തമസ്കരിച്ചു എന്നുപറഞ്ഞാൽ അതിശയോക്തിയാവില്ല. പ്രബുദ്ധമായ സ്വന്തം സമുദായം പോലും അദ്ദേഹത്തെ മറന്നു. കേരള സർവകലാശാലയായി മാറിയ തിരുവിതാംകൂർ സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറാവാൻ ദിവാൻ സർ സി. പി. രാമസ്വാമി അയ്യർ ക്ഷണിച്ചത് ആൽബർട്ട് ഐൻസ്റ്റീനെ ആയിരുന്നുവെന്ന് അഭിമാനപുരസരം അവകാശപ്പെടാറുണ്ട്. അതേയവസരത്തിൽ, സർ സി.പിക്കു ശേഷം കേരള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ആയത് ജോൺ മത്തായി ആയിരുന്നുവെന്നത് ഇപ്പോൾ അധികമാരും പറയാറോ അറിയാറോ ഇല്ല!
വൈസ് ചാൻസലർ ആയി സ്വന്തം നാട്ടിൽ തിരിച്ചെത്തുന്നതിനു മുമ്പാണ് ജോൺ മത്തായി പണ്ഡിറ്റ് നെഹ്‌റുവിനൊപ്പം കേന്ദ്ര മന്ത്രിസഭയിൽ സുപ്രധാന വകുപ്പുകളുടെ മന്ത്രിയായിരുന്നത്. ആദ്യം റെയിൽവേയും പിന്നെ ധനകാര്യവും അദ്ദേഹം സമർത്ഥമായി കൈകാര്യം ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ റെയിൽവേ മന്ത്രി. രണ്ടാം ലോകമഹായുദ്ധത്തിന്റെയും ഇന്ത്യാ വിഭജനകാലത്തെ അക്രമത്തിന്റെയും ഫലമായി തകർന്നടിഞ്ഞ ഇന്ത്യൻ റെയിൽവേയെ പുനരുജ്ജീവിപ്പിച്ചത് അദ്ദേഹമാണ്. തുടർന്ന് അദ്ദേഹം ധനമന്ത്രിയായി. ഇന്ത്യൻ റിപ്പബ്ലിക്കിന്റെ ആദ്യ ബഡ്ജറ്റ് തയ്യാറാക്കി അവതരിപ്പിക്കാനുള്ള ഭാഗ്യം ജോൺ മത്തായിക്കായിരുന്നു.
1950 ഫെബ്രുവരി 28-ന് ആയിരുന്നു, ലോകം ഉറ്റുനോക്കിയ ആ ബഡ്ജറ്റ് അവതരണം. പൊതു ചെലവ് നിയന്ത്രിക്കുന്നതിന് ഒരു 'എസ്റ്റിമേറ്റ് കമ്മിറ്റി "യുടെ രൂപീകരണം ജോൺ മത്തായിയുടെ ബഡ്ജറ്റ് നിർദ്ദേശമായിരുന്നു. കൂടാതെ, ആസൂത്രണ കമ്മിഷൻ രൂപീകരിക്കാനുള്ള നെഹ്‌റു മന്ത്രിസഭയുടെ തീരുമാനവും ബഡ്ജറ്റ് പ്രസംഗത്തിലൂടെ ധനമന്ത്രി പാർലമെന്റിനെ അറിയിച്ചു. തന്റെ ബഡ്ജറ്റ് പ്രസംഗം പരമ്പരാഗത ശൈലിയിൽ അല്ലാതിരുന്നതിന് ക്ഷമ ചോദിച്ച അദ്ദേഹം 'രാജ്യത്താകെയുള്ള ജനങ്ങളുടെ ആഗ്രഹങ്ങളുടെയും അനുഭവങ്ങളുടെയും മാനവീയ രേഖയാണ് ആത്യന്തിക വിശകലത്തിൽ ബഡ്ജറ്റ്" എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രസംഗം ഉപസംഹരിച്ചത്.
പ്രധാനമന്ത്രി നെഹ്‌റുവുമായി ഒത്തുപോകാൻ ജോൺ മത്തായിക്ക് കഴിഞ്ഞില്ല. നയത്തിലും നിലപാടിലും അവർ വിയോജിച്ചു. കേന്ദ്ര മന്ത്രിയായിരുന്ന മത്തായിയോടുള്ള നെഹ്‌റുവിന്റെ പെരുമാറ്റവും ആരോഗ്യകരമായിരുന്നില്ലെന്ന് ആരോപണമുണ്ട്. അധികം വൈകാതെ ധനമന്ത്രിപദം രാജിവയ്ക്കാൻ അദ്ദേഹം നിർബന്ധിതനായി. സോവിയറ്റ് മാതൃക അനുകരിച്ച് ആസൂത്രണ കമ്മിഷൻ രൂപീകരിച്ച നെഹ്‌റുവിന്റെ നടപടിയായിരുന്നു രാജി സമർപ്പിക്കാൻ ജോൺ മത്തായിക്ക് പെട്ടെന്നുണ്ടായ പ്രകോപനം. ഒരു സമാന്തര മന്ത്രിസഭയായി ആസൂത്രണ കമ്മിഷൻ രൂപാന്തരപ്പെടും എന്നായിരുന്നു മത്തായിയുടെ അഭിപ്രായം.
വാസ്തവത്തിൽ, ആസൂത്രണത്തിന് അദ്ദേഹം എതിരായിരുന്നില്ല. ഏറെ പ്രശംസ പിടിച്ചുപറ്റിയ 'ബോംബെ പ്ലാൻ" ജോൺ മത്തായിയുടേതായായിരുന്നല്ലോ. പക്ഷെ അന്നത്തെ ഇന്ത്യയിൽ ആസൂത്രണ കമ്മിഷന് അനുയോജ്യമായ സമയമായില്ലെന്ന് അദ്ദേഹം വിശ്വസിച്ചു. ഉത്പാദനം വർദ്ധിപ്പിക്കുന്നതിന് അദ്ദേഹം ഊന്നൽ നൽകി. നെഹ്‌റുവിന്റെ സോഷ്യലിസ്റ്റ് മാർഗം മത്തായിക്ക് സ്വീകാര്യമായില്ല. പണ്ഡിറ്റ് നെഹ്‌റു പാകിസ്ഥാനുമായി 1950-ൽ ഉണ്ടാക്കിയ ഉടമ്പടിയെയും മത്തായി എതിർത്തു. ജോൺ മത്തായി മാത്രമല്ല, ഭിം റാവു അംബേദ്കറും ശ്യാമപ്രസാദ് മുഖർജിയും നെഹ്‌റു- ലിയാഖത് കാരറിനെ എതിർത്തു.
നെഹ്‌റു എന്ന താരവുമായി ഇടയുന്നവർ തമസ്‌കരിക്കപ്പെടുക എന്നതാണ് അന്നത്തെ പതിവ്. സമുന്നതനായ സാമ്പത്തിക ശാസ്ത്രജ്ഞനും സമർത്ഥനായ ഭരണതന്ത്രഞ്ജനും ആയിരുന്നിട്ടും ജോൺ മത്തായിയും സ്വാഭാവികമായി തമസ്‌കരിക്കപ്പെട്ടു. ഇതൊക്കെയാണെങ്കിലും അദ്ദേഹത്തെ നെഹ്‌റു വിശേഷിപ്പിച്ചത് 'സത്യസന്ധനായ ജോൺ" എന്നാണ്. പ്രതിയോഗികൾക്കു പോലും നിഷേധിക്കാനാവാത്തതായിരുന്നു മത്തായിയുടെ സത്യസന്ധത.
കേരള സർവകലാശാലയുടെ വൈസ് ചാൻസലർ ആയിരിക്കെ ഔദ്യോഗിക കാറിൽ, ഒപ്പം യാത്ര ചെയ്യാൻ പത്നി അച്ചാമ്മയെപ്പോലും ജോൺ മത്തായി ഒരിക്കലും അനുവദിച്ചിരുന്നില്ലത്രെ! അച്ചാമ്മ മത്തായി തന്റെ ഭർത്താവിന്റെ കോഴിക്കോട്ടെ വസതിയും വിശാലമായ പറമ്പും കോഴിക്കോട് സർവകലാശാലയ്ക്ക് സംഭാവന ചെയ്തു. അവിടെ ഇപ്പോൾ 'ജോൺ മത്തായി സെന്റർ" പ്രവർത്തിച്ചു വരുന്നു. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ പേരിലുള്ള ഒരേയൊരു സ്ഥാപനം!
മറ്റൊരു രസകരമായ പ്രവൃത്തി, അദ്ദേഹം ടാറ്റയുടെ ഡയറക്ടർ ആയിരിക്കെയാണ്. അക്കാലത്ത് വ്യക്തിപരമായ എഴുത്തുകുത്തുകൾക്ക് ആവശ്യമായ കടലാസും മറ്റും വാങ്ങി വയ്ക്കുന്നതിന് ജോൺ മത്തായി തന്റെ ശിപായിക്ക് മാസംതോറും നൂറ് രൂപ കൊടുത്തിരുന്നു. കമ്പനിയുടെ കടലാസ് അദ്ദേഹം സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പേര് ഇംഗ്ലീഷിൽ എഴുതുമ്പോൾ അതിൽ മത്തായിക്ക് ഒരു 'ടി" (t) കൂടുതൽ ഉണ്ടായിരുന്നു.- Matthai. അദ്ദേഹത്തെക്കുറിച്ച് ഇന്ന് ചിന്തിക്കുമ്പോൾ, ജോൺ മത്തായിയുടെ നട്ടെല്ലിൽ ഒരു എല്ല് കൂടുതലായിരുന്നില്ലേ എന്നും തോന്നിപ്പോവുന്നു!
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |