
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താത്ത മലയാളികൾ കുറവാണ്. എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിലെ തൃപ്പുക എന്ന ആചാരത്തെക്കുറിച്ച് പലർക്കും അറിയില്ല. അത്താഴ ശീവേലി കഴിഞ്ഞ് ഭഗവാനെ അകത്തേക്ക് എഴുന്നള്ളിച്ചശേഷമാണ് തൃപ്പുക നടത്തുന്നത്. സുഗന്ധദ്രവ്യങ്ങൾ പുകച്ച് ക്ഷേത്രത്തിനുള്ളിൽ സുഗന്ധം നിറയ്ക്കുന്ന ചടങ്ങാണിത്. ഇതിന് ശേഷം നട അടയ്ക്കും. ഇതോടെ ആ ദിവസത്തെ ദർശനം അവസാനിക്കുന്നു. ഭഗവാനെ ഉറക്കാൻ കിടത്തുന്ന സങ്കൽപ്പമാണിത്.
ഐതിഹ്യം
തൃപ്പുകയുടെ ഐതിഹ്യം പ്രധാനമായും ഭഗവാന്റെ പരമഭക്തനായിരുന്ന വില്വമംഗലം സ്വാമിയാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരിക്കൽരാത്രിയിൽ അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുന്ന സമയത്ത് വില്വമംഗലം സ്വാമിയാർ ക്ഷേത്രത്തിലെത്തി. സാധാരണയായി ശ്രീകോവിലിനുള്ളിൽ ഭഗവാന്റെ ചെെതന്യം മാത്രമാണ് ഉണ്ടാവുക എന്നാണ് സങ്കല്പം. എന്നാൽ അന്ന് സ്വാമിയാർ കണ്ടത് മറ്റൊരു കാഴ്ചയാണ്.
ശ്രീകോവിലിനുള്ളിൽ ഭഗവാൻ ക്ഷീണിതനായി തന്റെ വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചുവച്ച് ഉറങ്ങാൻ തയ്യാറെടുക്കുന്നു. പകൽ മുഴുവൻ ലക്ഷക്കണക്കിന് ഭക്തരുടെ സങ്കടങ്ങൾ കേട്ടും, അവർക്ക് അനുഗ്രഹം നൽകിയും ഭഗവാൻ തളർന്നിരിക്കുന്നുവെന്ന് സ്വാമിയാർക്ക് മനസിലായി. ഭഗവാന്റെ ഈ ക്ഷീണമാറ്റി സുഖകരമായ ഉറക്കം ലഭിക്കാനായി സ്വാമിയാർ ചില സുഗന്ധദ്രവ്യങ്ങൾ പുകയ്ക്കാൻ നിർദേശിച്ചു. ഈ സുഗന്ധം ശ്വസിക്കുമ്പോൾ ഭഗവാന്റെ മനസിനും ശരീരത്തിനും കുളിർമ്മ ലഭിക്കുമെന്നാണ് വിശ്വാസം. അന്നുമുതലാണ് തൃപ്പുക എന്ന ചടങ്ങ് ഗുരുവായൂരിൽ തുടങ്ങിയതെന്ന് പറയപ്പെടുന്നു.
തൃപ്പുക
അഷ്ടഗന്ധം, ചന്ദനം, അകിൽ, ഗുല്ഗുലു തുടങ്ങിയ പന്ത്രണ്ടോളം സുഗന്ധദ്രവ്യങ്ങൾ ചേർത്ത പ്രത്യേക കൂട്ടാണ് പുകയ്ക്കാനായി ഉപയോഗിക്കുന്നത്. അത്താഴ ശീലേവി കഴിഞ്ഞ് ഭഗവാൻ അകത്തേക്ക് എഴുന്നള്ളിയാൽ ശാന്തിക്കാർ ഈ സുഗന്ധക്കൂട്ട് വെള്ളിപ്പാത്രത്തിൽ കനലിന് മുകളിലിട്ട് പുകയ്ക്കുന്നു. ഈ പുക ശ്രീകോവിലിനുള്ളിൽ നിറയുന്നു. ഗുരുവായൂരിലെ ഈ സുഗന്ധം ക്ഷേത്രപരിസരത്ത് മുഴുവൻ വ്യാപിക്കും. ആ സമയം ക്ഷേത്രമുറ്റത്ത് നിൽക്കുന്നത് പോലും മനസ്സിന് വലിയ ശാന്തി നൽകുന്ന അനുഭവമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |