
ഭക്തിയുടേയും യുക്തിയുടേയും അതിർവരമ്പുകൾ കാണാനാവാത്ത വിധം ആത്മീയത പൂത്തിറങ്ങുന്ന മനസിൽ ഗുരുദേവനെ ആരാധിച്ചിരുന്ന ഭക്തയാണ് നളിനമ്മ. ഗുരുദേവ ദർശനങ്ങളാകുന്ന അഷ്ടബന്ധമിട്ട് ഗുരുദേവനെ പ്രതിഷ്ഠിച്ചിരുന്നതിനാൽ നളിനമ്മ ഒരിക്കലും ഗുരുദേവന്റെ ആശയങ്ങളിൽ നിന്ന് വ്യതിചലിച്ചില്ല.വർക്കല പാളയംകുന്നിലെ വണ്ടിപ്പുരയിലുള്ള പ്രസാദ് മന്ദിരത്തിൽ ജീവിച്ചിരുന്ന നളിനമ്മക്ക് ഗുരുഭക്തി അഭയമായിരുന്നു, ആശ്രയമായിരുന്നു, ആശ്വാസമായിരുന്നു. നളിനമ്മയുടെ ഓരോ കോശത്തിലും ശ്വാസത്തിലും ഗുരുദേവ ഭക്തി മാത്രമായിരുന്നു. ശിവഗിരി തീർത്ഥാടനം വർക്കലക്കാരുടെ ഉത്സവമാണ്.അവിടെ ജാതിയോ മതമോ രാഷ്ട്രീയമോ കടന്നുവരാറില്ല. മതാതീത ആത്മീയതയുടെ സ്നേഹഗീതവുമായി ശിവഗിരി തീർത്ഥാടനത്തിന്റെ പദയാത്രയിൽ വിശപ്പും ദാഹവുമായി വരുന്ന കുട്ടികളുടെ ക്ഷീണിച്ച മുഖം കാണുമ്പോൾ നളിനമ്മയുടെ മനസിൽ സ്വന്തം മക്കളുടെ മുഖമാണ് തെളിഞ്ഞത്.41 വർഷങ്ങൾക്ക് മുമ്പ് പദയാത്രയിലെ കുട്ടികൾക്കായി വെള്ളവും അച്ചാറുമാണ് കൊടുത്തത്.പിന്നീട് കുട്ടികൾക്ക് മാത്രമല്ല പദയാത്രയിൽ വരുന്നവർക്കെല്ലാം തണുത്ത വെള്ളവും അച്ചാറും കൊടുത്തു തുടങ്ങി. ഓരോ വർഷം കഴിയുന്തോറും ഗുരുദേവനോടുള്ള അടങ്ങാത്ത ഭക്തി നളിനമ്മയെ തികഞ്ഞൊരു ഗുരുഭക്തയാക്കി.ഭർത്താവ് വിദ്യാധരന്റെ അനുവാദത്തോടെ കുടിവെള്ളത്തോടൊപ്പം കഞ്ഞിയും കപ്പയും കൂട്ടുകറിയും കൊടുത്തു തുടങ്ങി. തീർത്ഥാടനത്തിന് വരുന്ന ഗുരുദേവ ഭക്തർക്കെല്ലാം വിശപ്പ് തീരുവോളം കഞ്ഞി കൊടുത്തു.അതോടൊപ്പം മക്കളായ ശിവപ്രസാദിനേയും തമ്പിയേയും സജീവിനേയും ലിസിയേയും കഞ്ഞിസദ്യയുടെ എല്ലാ ചുമതലകളിലും സജീവമായി പങ്കെടുപ്പിച്ചു. മക്കളെയും നളിനമ്മ ഗുരുഭക്തരായാണ് വളർത്തിയത്.എല്ലാ ദിവസവും ദൈവദശകം ചൊല്ലാനും ആ വരികളിലെ ആശയത്തിൽ അധിഷ്ഠിതമായ ജീവിതം നയിക്കാനും മക്കളെ പഠിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു. ഓരോ തീർത്ഥാടനം കഴിയുന്തോറും ഗുരുകൃപയാൽ നളിനമ്മയുടെ മക്കൾ സാമ്പത്തിക സുരക്ഷിതരായിക്കൊണ്ടിരുന്നു. അതോടെ തീർത്ഥാടകരുടെ കഞ്ഞിയും കപ്പയും ഊണായി മാറി. തീർത്ഥാടകരെ വരാന്തയിൽ ഇരുത്തി ഇലയിട്ട് ഊണ് വിളമ്പി.പദയാത്രയിലെ തീർത്ഥാടകരുടെ എണ്ണം കൂടിയപ്പോൾ വീട്ടുമുറ്റത്ത് പന്തലൊരുക്കിയ നളിനമ്മ തീർത്ഥാടകരുടെ അമ്മയായി അന്നമൂട്ടി. ഭർത്താവും മക്കളും നളിനമ്മയുടെ അന്നദാനത്തിന് പൂർണ്ണ പിന്തുണ കൊടുത്തതോടെ അന്നദാനം സദ്യയായി. അന്നദാനം എന്ന വാക്കിനോട് നളിനമ്മക്ക് താല്പര്യമേ ഇല്ലായിരുന്നു.അന്നം ദാനമായി കൊടുക്കലല്ല,ഗുരുദേവന്റെ അനുഗ്രഹത്തെ പ്രസാദമായി നൽകുന്നതായാണ് നളിനമ്മ പറഞ്ഞിരുന്നത്. ശിവഗിരി തീർത്ഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ തകൃതിയായി നടന്ന ഒരു ഡിസംബറിലാണ് നളിനമ്മയുടെ ആത്മാവ് ഗുരുദേവന്റെ തൃപ്പാദങ്ങളിൽ അണഞ്ഞത്. അമ്മ ആഗ്രഹിച്ച അന്നപ്രസാദം ഈ തീർത്ഥാടനത്തിനും മക്കൾ വിതരണം ചെയ്യുകയാണ്.തീർത്ഥാടനത്തിന് ശിവഗിരി നാഥന്റെ തിരുസന്നിധിയിലേക്ക് വ്രതാനുഷ്ഠാനങ്ങളോടെ വരുന്ന എല്ലാ പദയാത്രികർക്കും പാളയംകുന്നിലെ വണ്ടിപ്പുരയിലുള്ള പ്രസാദ് മന്ദിരത്തിൽ അന്നപ്രസാദം ലഭിക്കും. വയറെരിഞ്ഞല്ല വയറ് നിറഞ്ഞാണ് ഗുരുദേവനെ കാണേണ്ടതെന്ന നളിനമ്മയുടെ ആഗ്രഹം സമംഗളമായി നടത്താനുള്ള ശ്രമത്തിലാണ് മക്കൾ.നളിനമ്മയുടെ വീട്ടിലെ അന്നപ്രസാദം കഴിക്കുന്ന തീർത്ഥാടകർക്ക് ഗുരുദേവന്റെ അനുഗ്രഹത്തോടൊപ്പം നളിനമ്മയുടെ ആത്മാവിന്റെ അദൃശ്യ സാന്നിധ്യവും അനുഭവിക്കാനാകും.
അന്ന പ്രസാദം ആവശ്യമുള്ളവർ വിളിക്കുക
ശിവഗിരി തീർത്ഥാടനത്തിന് പദയാത്രയായി വരുന്നവർ അന്ന പ്രസാദത്തിനായി നളിനമ്മയുടെ മകനും സൺ ഹോംസിന്റെ മാനേജിംഗ് ഡയറക്ടറുമായ സജീവിനെ നേരത്തെ വിളിച്ച് പറയണം. പദയാത്രയിൽ എത്ര പേരുണ്ടെങ്കിലും നേരത്തെ വിളിച്ച് പറഞ്ഞാൽ ആവശ്യമുള്ള ആഹാരം തയ്യാറാക്കി വയ്ക്കും. ഗുരുദേവന്റെ അനുഗ്രഹവും നളിനമ്മയുടെ ആശിർവാദവും കലർന്ന അന്ന പ്രസാദത്തിന് വിളിക്കേണ്ട നമ്പർ: സജീവ്: 9447777977
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |