SignIn
Kerala Kaumudi Online
Tuesday, 30 December 2025 4.14 AM IST

ജലാശയങ്ങൾ അപകടക്കെണികളാകുമ്പോൾ

Increase Font Size Decrease Font Size Print Page
sa

മുന്നറിയിപ്പ് അവഗണിച്ചും സുരക്ഷ സംവിധാനങ്ങൾ ഉപയോഗിക്കാതെയും ജലാശയങ്ങളിലിറങ്ങി ഈ വർഷം നവംബർ വരെ പാലക്കാട് ജില്ലയിൽ പൊലിഞ്ഞത് 50 ജീവനുകളാണ്. ഇതിൽ ഒക്ടോബറിൽ മാത്രം ഒമ്പത് മുങ്ങി മരണമാണ് സംഭവിച്ചത്. നവംബറിൽ ഏഴ് അപകടങ്ങളിൽ അഞ്ച് മരണവും. പാലക്കാട് ജില്ലയിലെ അഗ്നിശമന സേനാ വിഭാഗത്തിന്റെ മാത്രം കണക്കാണിത്. യാതൊരു നിയന്ത്രണവും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ ജലാശയങ്ങളിൽ മീൻ പിടിക്കുന്നതിനും കുളിക്കുന്നതിനും മറ്റും ഇറങ്ങിയാണ് മിക്ക അപകടങ്ങളും സംഭവിക്കുന്നതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഒക്ടോബറിൽ മാത്രം പട്ടാമ്പി, പാലക്കാട് സബ് സ്റ്റേഷനുകൾക്ക് കീഴിൽ മൂന്ന് വീതം മുങ്ങി മരണങ്ങളാണുണ്ടായി. കോങ്ങാട്, ഷൊർണൂർ, വടക്കഞ്ചേരി സബ് സ്റ്റേഷനുകൾക്ക് കീഴിൽ ഒന്ന് വീതം മരണവും. ആഗസ്റ്റിൽ പാലക്കാട് ഡിവിഷനിൽ 3, വടക്കഞ്ചേരി 1, ഷോർണൂർ- 2 എന്നിങ്ങനെയും മരണങ്ങൾ സംഭവിച്ചു. ജില്ലാ ഫയർ സ്റ്റേഷന്റെ നേതൃത്വത്തിൽ അപകട സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ ബോധവത്കരണവും അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതെല്ലാം അവഗണിച്ചാണ് പലരും കുളിക്കാനിറങ്ങുന്നത്. നീന്തൽ അറിയാതെ ഒഴുക്കിൽപ്പെട്ടും മരണങ്ങളുണ്ടായി. പുഴകളിലും കനാലുകളിലും കുളങ്ങളിലും ഉണ്ടായിട്ടുള്ള അപകട മരണങ്ങൾക്ക് പുറമെ ജില്ലയിലെ അണക്കെട്ടുകളിലും മുങ്ങി മരണങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചിറ്റൂർ കുളത്തിൽ ആറുവയസുകാരൻ സുഹാൻ മുങ്ങി മരിച്ചതാണ് ഒടുവിലത്തെ സംഭവം. ജനുവരി 14ന് മലമ്പുഴ അണക്കെട്ടിൽ കുളിക്കുകയായിരുന്ന യുവാവ് കനാലിൽ അകപ്പെട്ട് മരിച്ചതാണ് ഈ വർഷത്തെ ആദ്യ ജലാശയ മരണം. പാലക്കാട് അഗ്നി രക്ഷാ സേനയുടെ സ്‌കൂബാ ടീം രാത്രി 12ന് തുടങ്ങിയ തിരച്ചിലിൽ രാവിലെയോടെ മൃതദേഹം കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് നിന്ന് ദൂരെയായിരുന്നു മൃതദേഹം. ജനുവരി, മേയ് മാസങ്ങളിലായി മൂന്ന് പേർക്കാണ് മലമ്പുഴ അണക്കെട്ടിൽ ജീവൻ നഷ്ടപ്പെട്ടത്. ഫെബ്രുവരി 18ന് ചിറ്റൂർ പുഴയിൽ കൊടുമ്പിൽ ഒഴുക്കിൽപ്പെട്ടയാൾ, മാർച്ച് രണ്ടിന് പാലക്കാട് കാവൽകുളത്ത് കുളത്തിൽ വീണ സ്ത്രീ, കടമ്പഴിപ്പുറം വായില്യാംകുന്ന് ശിവക്ഷേത്രത്തിന്റെ കുളത്തിൽ മുങ്ങി മരിച്ചയാൾ, പാലക്കാട് യാക്കര പുഴയിൽ കളിമൺപാടം എന്ന സ്ഥലത്ത് ഒരു സ്ത്രീ, പട്ടാമ്പി പുഴയിൽ മമ്മിപ്പടി പുഴയിൽ അകപ്പെട്ട കുട്ടി, കല്ലടിക്കോട് മീൻവല്ലം വെള്ളച്ചാട്ടത്തിന് സമീപം വിനോദസഞ്ചാരത്തിന് എത്തിയ യുവാവ്, അട്ടപ്പാടിയിലെ ഭവാനിപുഴയിൽ കുളിക്കാനിറങ്ങിയ പഠനയാത്രയിലെ വിദ്യാർത്ഥി തുടങ്ങിയവരാണ് മരിച്ചത്. പുതുപ്പള്ളിത്തെരുവ് സ്വദേശികളായ രണ്ട് സഹോദരങ്ങളാണ് മേയിൽ മലമ്പുഴ ഡാമിൽ മുങ്ങി മരിച്ചത്. അഗ്നി രക്ഷാ സേനയുടെ സ്‌കൂബ ടീമിന്റെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. മലമ്പുഴ, വാളയാർ ഡാമുകളിലും പട്ടാമ്പി പുഴയിലും മീൻവല്ലം വെള്ളച്ചാട്ടത്തിലും മണ്ണാർക്കാട് കരുത്തിച്ചാലിലും ഇതിനോടകം നിരവധി പേർ മരിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ വാളയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ നിരവധി യുവാക്കൾ മരിച്ചിട്ടുണ്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്. ആഴക്കൂടുതലുള്ള ഡാമിൽ കോയമ്പത്തൂരിലെ കോളേജുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് അധികവും അപകടത്തിൽ പെടുന്നത്. അണക്കെട്ടുകളിലെയും പുഴകളിലെയും അപകട സാധ്യതകളുള്ള പ്രദേശങ്ങളെ പറ്റിയും ചുഴികളെ പറ്റിയും പ്രദേശവാസികൾക്ക് മാത്രമാണ് അറിവുള്ളതെന്നിരിക്കെ ഇതറിയാത്തവരാണ് മിക്കപ്പോഴും അപകടത്തിൽ പെടുന്നത്.

ചതിക്കുഴികളെ കരുതിയിരിക്കണം

റോഡപകടങ്ങൾ കഴിഞ്ഞാൽ ആളുകൾ ഏറ്റവും കൂടുതൽ മരിക്കുന്നത് ജലാശയങ്ങളിലാണ്. ഒരു നിമിഷം കൊണ്ടായിരിക്കാം പലപ്പോഴും മരണങ്ങൾ സംഭവിക്കുന്നത്. ജലാശയങ്ങളിലെ കയങ്ങളിലും അടിയൊഴുക്കുള്ള നദികളിലും പതിയിരിക്കുന്ന ചതിക്കുഴികൾ മനസിലാക്കാതെയാണ് പലരും അപകടത്തിലേക്ക് എടുത്തു ചാടുന്നത്. യൂവാക്കളാണ് കൂടുതലായും അപകടത്തിൽ പെടുന്നതും മരണമടയുന്നതും. ജലാശയങ്ങളിൽ മീൻ പിടിക്കാൻ പോകുന്ന പരിചയ സമ്പന്നരായവർ പോലും പ്രതികൂല കാലാവസ്ഥയിൽ അപകടത്തിൽപ്പെടുന്നു. മറഞ്ഞിരിക്കുന്ന കെണികൾ കാണാതെയാണ് പലരും അപകടത്തിലേക്ക് ഊഴിയിടുന്നത്. താഴ്ചയും അഗാധങ്ങളിലെ കൊടും തണുപ്പും പലപ്പോഴും രക്ഷാ പ്രവർത്തനവും ദുഷ്‌കരമാക്കുന്നു. കയത്തിലും ചെളി നിറഞ്ഞ ഭാഗങ്ങളിലും അകപ്പെട്ട് തിരികെ കയറാൻ കഴിയാതെയാണ് പലരുടെയും ജീവൻ നഷ്ടമാകുന്നത്. നീന്തൽ അറിയാവുന്നവരുടെയും ജീവൻ ഇത്തരത്തിൽ പൊലിഞ്ഞിട്ടുണ്ട്. പല പുഴകളും പുറമേ നിന്നു കാണുമ്പോൾ ആഴം കുറഞ്ഞവയായി തോന്നാം. പക്ഷേ, മണലൂറ്റൽ മൂലം രൂപപ്പെട്ട കുഴികൾ അപകടത്തിൽപെടുത്താം. ഇത്തരം ഗർത്തങ്ങളിൽ കുടുങ്ങിയാൽ പിന്നെ രക്ഷയില്ല. വല്ലാത്ത അടിയൊഴുക്കും ഇവിടങ്ങളിലുണ്ടാകും. പുറമെ പുല്ല് വളർന്നു നിൽക്കുന്ന വെള്ളക്കെട്ടുകൾക്ക് ആഴം കുറവാകുമെന്നു കരുതിയിറങ്ങി അപകടത്തിൽപെടുന്നവരും ഏറെയാണ്. പുല്ലിന് താഴെ ആഴക്കയമാണെങ്കിൽ നീന്തി രക്ഷപ്പെടാൻ പോലും കഴിയില്ല. ചുഴി, അടിയൊഴുക്ക്, പാറക്കെട്ടുകളിലെ വഴുക്കൽ, മുങ്ങാങ്കുഴിയിടുന്നവരെ കുടുക്കുന്ന കരിങ്കൽ ചീളുകൾ, കുഴികൾ എന്നിവയും അപകടമുണ്ടാക്കുന്നു. എത്ര നന്നായി നീന്തൽ അറിയാമെങ്കിലും ഇവയെക്കുറിച്ചു ധാരണയില്ലാത്തിടത്ത് ഇറങ്ങരുത്. വെള്ളച്ചാട്ടങ്ങളിലും, വലിയ ആഴമുള്ള നദികളിലും വിനോദ സഞ്ചാരത്തിനു പോകുമ്പോൾ അബദ്ധത്തിൽ കാൽവഴുതി വീണുപോകുന്നവരുടെ മരണങ്ങൾ ദയനീയമാണ്. ഓരോ ജലാശയവും വ്യത്യസ്തമാണ്. അതിന്റെ ഒഴുക്ക്, സ്വാഭാവം, ആഴം, പരപ്പ് ഒക്കെ വ്യത്യസപ്പെട്ടിരിക്കും. ഇത് നീന്തൽ അറിയാവുന്ന ആളെയും രക്ഷപ്പെടുത്താൻ ഇറങ്ങുന്നവരെയും അപകടത്തിലാക്കും.

മുങ്ങി മരണങ്ങളെ പ്രതിരോധിക്കാം


വെള്ളത്തിനടുത്ത് പോകുന്ന കുട്ടികളെ നിരീക്ഷിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കുട്ടികളെയും യുവാക്കളെയും നീന്തലും പ്രാഥമിക രക്ഷാനടപടികളും പരിശീലിപ്പിക്കാം. മഴക്കാലങ്ങളിൽ കാലാവസ്ഥാ അറിയിപ്പുകൾ ശ്രദ്ധിച്ചു വേണം വെള്ളത്തിലൂടെ യാത്ര ചെയ്യേണ്ടത്. മദ്യമോ, മയക്കുമരുന്നോ കുളത്തിലോ, പുഴയിലോ ഇറങ്ങുമ്പോൾ ഉപയോഗിക്കാതിരിക്കാം. ബോട്ടിലും മറ്റും യാത്ര ചെയ്യുന്നവർ ലൈഫ് ജാക്കറ്റുകൾ ധരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നീന്തൽ കുളങ്ങളിൽ പ്രവേശിക്കുന്നവരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണം. ജല സുരക്ഷ ഒരു പാഠ്യേതര വിഷയമായി ഉൾപ്പെടുത്തുക. പ്രതീക്ഷിക്കാത്തയിടങ്ങളിലും മുതിർന്നവരുടെ മേൽനോട്ടമെത്താതെ കുട്ടികൾ എത്തിപ്പെടാവുന്ന ഇടങ്ങളിലുമുള്ള വെള്ളക്കെട്ടുകൾ ഒഴിവാക്കുക. ഇത് ചെയ്യാൻ പറ്റാത്തയിടങ്ങളിൽ വേലി, മതിൽകെട്ട്, അപകട സാധ്യത മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിക്കുക. നീന്തൽ പരിശീലിക്കുക, ഇതോടൊപ്പം തന്നെ ജലസമ്പർക്കം ഒഴിവാക്കേണ്ട സാഹചര്യങ്ങളെ കുറിച്ചും അവബോധം സൃഷ്ടിക്കുക. മറ്റു അപകടങ്ങളെ അപേക്ഷിച്ചു മുങ്ങലിന് മരണസാധ്യത കൂടുതൽ ഉള്ളതിനാൽ, എത്രയും പെട്ടെന്ന് മറ്റുള്ളവരുടെ സഹായം തേടുക. പൊലീസിലോ ഫയർ ആൻഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥരെയോ അറിയിക്കുക.

TAGS: OPINION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.