
യുഗപ്രഭാവനായ ശ്രീനാരായണ ഗുരുവിന്റെ ദർശനവും സന്ദേശങ്ങളും പിന്നിടുന്ന സംവത്സരത്തിന്റെ ഉച്ചിയിൽ നിന്ന് പുതുവത്സരത്തിന്റെ താഴ്‌വരയിലേക്ക് ഒഴുകിയിറങ്ങുന്നതാണ് മഹത്തായ ശിവഗിരി തീർത്ഥാടനം. ഗുരുദേവ കാരുണ്യവും അനുകമ്പയുമാണ് ആ പുണ്യതീർത്ഥത്തിലെ ഓളങ്ങൾ. ഗുരുദേവ ഭക്തിയുടെ നിറവിൽ 93-ാമത് ശിവഗിരി തീർത്ഥാടന മഹാമഹം ഇന്നു രാവിലെ ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുകയാണ്. വർത്തമാനകാല വികസന മുന്നേറ്റത്തിൽ ഗുരുദേവ ദർശനത്തിന്റെ പ്രസക്തി മുഖ്യവിഷയമാക്കിയാണ് ഈ വർഷത്തെ തീർത്ഥാടന പരിപാടികൾ ഒരുക്കിയിട്ടുള്ളത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ മഹാസമാധിയുടെ ശതാബ്ദി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തത് ഇന്ത്യയുടെ ആദരണീയയായ രാഷ്ട്രപതി ദ്രൗപദി മുർമുവായിരുന്നു. ഇപ്പോഴിതാ തീർത്ഥാടനം ഉദ്ഘാടനം ചെയ്യുവാൻ ഉപരാഷ്ട്രപതിയും എത്തുന്നു. ശിവഗിരിയുടെ വർദ്ധിച്ചുവരുന്ന പ്രസക്തിയെ ഇത് കുറിക്കുന്നു.
ഇന്ത്യയുടെ വികസനത്തിലും ലോക സമാധാന ചിന്തകളിലും ഗുരുവിന്റെ സ്വാധീനത്തിന്റെ അടയാളം കൂടിയാണിത്. കേരള ഗവർണർ ആർ.വി. ആർലേക്കർ, മുൻ ഗവർണർ ആരിഫ് മുഹമ്മദ്‌ഖാൻ, പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ്, മുഖ്യമന്ത്രി പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങി പ്രമുഖരുടെ ഒരു നിരതന്നെ തീർത്ഥാടന സമ്മേളനങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഗുരുദേവനു മുന്നിൽ മനുഷ്യരെല്ലാം ആത്മസഹോദരങ്ങളാണ്. മനുഷ്യർ മാത്രമല്ല, സർവ ചരാചരങ്ങളുടെയും സുഖവും ക്ഷേമവുമാണ് അദ്ദേഹം കാംക്ഷിച്ചത്. ഒരു പീഡ ഉറുമ്പിനുപോലും വരുത്തരുതേ എന്ന് ആഗ്രഹിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തിരുന്ന ആ മഹാത്മാവ് അയിത്തത്തിന്റെയും അനാചാരങ്ങളുടെയും പേരിൽ മനുഷ്യൻ മനുഷ്യനെത്തന്നെ ക്രൂരമായി പീഡിപ്പിക്കുകയും ശിക്ഷിക്കുകയും ചെയ്തിരുന്ന വ്യവസ്ഥിതിയെ അറിവുകൊണ്ടുതന്നെ ചോദ്യം ചെയ്തു.
ജ്ഞാനത്തിലും അഹിംസയിലും അധിഷ്ഠിതമായ മാർഗത്തിലൂടെ അന്ധകാരം വിതയ്ക്കുകയും അതിനു കാവൽ നിൽക്കുകയും ചെയ്ത ശക്തികളെ ഗുരു തുരത്തി. സമൂഹത്തോട് പറയേണ്ടിവരുമ്പോൾ സൗമ്യമായും ലളിതമായും പറയുക എന്നതായിരുന്നു ഗുരുദേവന്റെ ശൈലി. അതേസമയം അദ്ദേഹം രചിച്ച ദാർശനിക കൃതികൾ ആഴമേറിയ സമുദ്രങ്ങളായിരുന്നു. ഭാരതം കണ്ട പല യുദ്ധങ്ങളുടെയും അന്ത്യം ചോരകൊണ്ട് അടയാളപ്പെടുത്തിയവയാണ്. എന്നാൽ അരുവിപ്പുറത്ത് നെയ്യാറിൽ നിന്ന് മുങ്ങിയെടുത്ത ശിവശില പ്രതിഷ്ഠിച്ചപ്പോൾ അതൊരു സമാനതകളില്ലാത്ത വിപ്ളവമായിരുന്നു. ഒരു തുള്ളി ചോര പോലും പൊടിയാത്ത മഹത്തായ വിപ്ളവം! ഗുരുദേവൻ നടത്തിയ പോരാട്ടങ്ങൾ മാനവ സ്നേഹത്തിന്റെ സാമ്രാജ്യത്തിനു വേണ്ടിയായിരുന്നു. കാലഹരണപ്പെട്ടതും അനാചാരങ്ങളുടെ മുഖച്ഛായയുള്ളതുമായ പല വിഗ്രഹങ്ങളും തകർത്തെറിഞ്ഞ ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശത്തിന് അനുയോജ്യമായ പ്രതിഷ്ഠകൾ നടത്തുകയും ചെയ്തു.
വിപ്ളവമെന്നാൽ സമൂഹത്തിന്റെ പുനഃസൃഷ്ടി, പുനഃപ്രതിഷ്ഠ എന്നു കൂടി അർത്ഥമുണ്ടെന്ന് ഗുരു ലോകത്തെ പഠിപ്പിച്ചു. ഏറ്റവും ഒടുവിൽ കണ്ണാടി പ്രതിഷ്ഠ നടത്തിയതിലൂടെ ഉള്ളിന്റെയുള്ളിലുള്ള ദൈവത്തെ കണ്ടെത്താനും തിരിച്ചറിയാനും ഓർമ്മപ്പെടുത്തി. ലോകത്തെ അറിവുകൊണ്ട് മാറ്റുകയും നവീകരിക്കുകയും ചെയ്യുന്ന മഹാത്മാക്കളെല്ലാം നമുക്ക് ഗുരുക്കന്മാരാണ്. അവർ ചൊരിയുന്ന വെളിച്ചമാണ് ലോകത്തെ പ്രകാശമാനമാക്കുന്നത്. പോയ സഹസ്രാബ്ദം ഭാരതത്തിനു നൽകിയ ജ്ഞാനസൂര്യനാണ് ശ്രീനാരായണഗുരു. ഓരോ തീർത്ഥാടനം കഴിയുന്തോറും ഗുരുദേവ ദർശനത്തിനും സന്ദേശങ്ങൾക്കും മാറ്റുകൂടിക്കൊണ്ടിരിക്കുന്നു. ലോകം ഇപ്പോഴും പലതരം കലഹങ്ങളിലൂടെയും അസ്വസ്ഥതകളിലൂടെയുമാണ് കടന്നുപോകുന്നത്. ഈ പശ്ചാത്തലത്തിൽ ജാതിമതഭേദാദികളെല്ലാം തകർത്തൊഴുകുന്ന ശിവഗിരി മഹാതീർത്ഥാടനത്തിന് സർവ ഭാവുകങ്ങളും നേരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |