
അഭിരുചിയല്ല; മറിച്ച് മാതാപിതാക്കളുടെ നിർബന്ധമാണ് ഭൂരിപക്ഷം വിദ്യാർത്ഥികളെയും മെഡിസിൻ പഠനത്തിന് പ്രേരിപ്പിക്കുന്നത്. ഏതു വിധേനയും മക്കളെ ഡോക്ടറാക്കിയാൽ ജീവിതാഭിലാഷം പൂർത്തിയായി എന്നു കരുതുന്ന മാതാപിതാക്കളുടെ തലമുറ ഇപ്പോൾ പതുക്കെയാണെങ്കിലും മാറിവരികയാണ്. മറ്റ് പഠനങ്ങളെ അപേക്ഷിച്ച് കഠിനമായ മെഡിസിൻ പരീക്ഷ പാസാകുന്നവർക്കു മുന്നിലെ കടമ്പകളും, അവസരങ്ങളുടെ കുറവും, താരതമ്യേന കുറഞ്ഞ ശമ്പളവും മറ്റുമാണ് മെഡിസിൻ പഠനത്തിൽ നിന്ന് പിന്തിരിയാൻ വിദ്യാർത്ഥികളെ നിലവിൽ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. സയൻസിൽ പ്ളസ് ടു പാസാകുന്ന കുട്ടികളുടെ മുന്നിൽ മെഡിസിൻ, എൻജിനിയറിംഗ് എന്നീ രണ്ട് ശാഖകൾ മാത്രമുണ്ടായിരുന്ന പഴയ അവസ്ഥയിൽനിന്ന് പുതിയ കാലത്ത് അനേകം വൈവിദ്ധ്യമാർന്ന ആധുനിക കോഴ്‌സുകൾ ഉണ്ടായി വന്നിട്ടുണ്ട്.
സ്വകാര്യ മേഖലയിലെ എൻജിനിയറിംഗ് കോളേജുകളിൽ ഇന്ത്യയൊട്ടാകെ ഫീസ് കുറച്ചിട്ടുപോലും പഠിക്കാൻ കുട്ടികളെ കിട്ടാതെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ ഇപ്പോഴും മെഡിസിൻ പഠനത്തിന് കുട്ടികളെ ലഭിക്കുന്നുണ്ട്. ഭാവിയിൽ മെഡിസിൻ സീറ്റുകളിലേക്കും കുട്ടികളെ കിട്ടാത്ത അവസ്ഥ ഉണ്ടാകുമെന്നാണ് അക്കാഡമിക് രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്. സ്പെഷ്യലൈസേഷന് വളരെയധികം പ്രാധാന്യമേറിയ ഇക്കാലത്ത്, വെറും എം.ബി.ബി.എസ് നേടിയതുകൊണ്ട് ഒരു ഡോക്ടർ എന്ന നിലയിലുള്ള പൂർണമായ അംഗീകാരവും ജോലിയും ലഭിക്കില്ല. എം.ഡി എടുക്കണമെങ്കിൽ മൂന്നുവർഷം വീണ്ടും പഠിക്കുകയും സ്വകാര്യ മേഖലയിലാണെങ്കിൽ ഒരു കോടിയിലധികം രൂപ ചെലവാക്കുകയും വേണം.
മെഡിസിനു പോകുന്ന വിദ്യാർത്ഥികൾ ഏതാണ്ട് ചെറുപ്പകാലം മുഴുവൻ പഠനത്തിനായി നീക്കിവയ്ക്കേണ്ടി വരും.
എന്നാൽ, ഐ.ടി മേഖലയിലേക്കും മറ്റും തിരിഞ്ഞ, അവരുടെ തന്നെ സഹപാഠികൾ ഉയർന്ന ശമ്പളം വാങ്ങി കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോഴും മെഡിസിനിലേക്ക് തിരിഞ്ഞ ഭൂരിപക്ഷം പേരുടെയും ഭാവി പ്രതിസന്ധിയിൽ തുടരുകയായിരിക്കും. വൈകിയാണെങ്കിലും ഇത് മനസിലാക്കി കുട്ടികളെ ഡോക്ടറാക്കണം എന്ന ചിന്താഗതിയിൽ നിന്ന് മാതാപിതാക്കളും പിന്മാറാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ കേരളത്തിൽ നിന്നുതന്നെ മെഡിസിൻ പഠനത്തിനായി ചൈന, റഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കു പോയ വിദ്യാർത്ഥികളുടെ എണ്ണം ഇപ്പോഴും വളരെ കൂടുതലാണ്. വിദേശ പഠനം കഴിഞ്ഞെത്തുന്നവർക്ക് ഫോറിൻ മെഡിക്കൽ ഗ്രാജുവേറ്റ് പരീക്ഷ പാസായാൽ മാത്രമേ ഇന്ത്യയിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ അർഹത ലഭിക്കൂ. ഈ പരീക്ഷ പാസായതിനു ശേഷം ഇന്റേൺഷിപ്പും കഴിഞ്ഞാലേ രജിസ്ട്രേഷന് അപേക്ഷിക്കാനാവൂ.
ഈ പരീക്ഷ പാസാകാൻ തന്നെ നല്ല ബുദ്ധിമുട്ടാണ്. എന്നാൽ അത് പാസാകുന്നവരെപ്പോലും ഇന്റേൺഷിപ്പിന് അവസരം നൽകാതെ വീണ്ടും വലയ്ക്കുന്ന സ്ഥിതിയാണ് കേരളത്തിൽ നിലവിലുള്ളത്. ഈ പരീക്ഷ പാസായ 425 വിദ്യാർത്ഥികൾക്ക് സർക്കാർ മെഡിക്കൽ കോളേജുകളിൽ ഒഴിവില്ലെന്ന ന്യായം പറഞ്ഞാണ് അവസരം നിഷേധിക്കുന്നത്. ഇത് അവരോടു ചെയ്യുന്ന ക്രൂരതയാണ്. ഭൂരിപക്ഷം പേരും ബാങ്ക് ലോണും മറ്റും എടുത്താണ് വിദേശ പഠനം പൂർത്തിയാക്കുന്നത്. ഇന്റേൺഷിപ്പ് കഴിഞ്ഞ് രജിസ്ട്രേഷൻ ലഭിച്ചാൽ മാത്രമേ അവർക്ക് ഒരു ജോലിയിൽ പ്രവേശിക്കാനും വായ്‌പാ തിരിച്ചടവ് തുടങ്ങാനും മറ്റും കഴിയൂ. സർക്കാർ ഇടപെട്ട് സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അവസരമൊരുക്കിയാൽ ഇവരുടെ പ്രതിസന്ധി മാറിക്കിട്ടും. തികച്ചും മനുഷ്യത്വപരമായ ഒരു സമീപനം ഇക്കാര്യത്തിൽ ആരോഗ്യ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |