
തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പത്മകുമാറിനെ നവംബർ 20ന് അറസ്റ്റ്ചെയ്തശേഷം മെല്ലെപ്പോക്ക് സ്വീകരിച്ച എസ്.ഐ.ടി ഹൈക്കോടതിയുടെ വിമർശനത്തോടെയാണ് ഉണർന്നത്.
ബോർഡംഗങ്ങളടക്കം വൻസ്രാവുകളെ പിടിക്കുന്നില്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. അന്വേഷണത്തിന്റെ വിശ്വാസ്യത സംശയം ജനിപ്പിക്കുന്നതാണെന്നും പ്രതിചേർക്കുന്നവരുടെ കാര്യത്തിൽ വിവേചനം കാണിക്കുന്നുണ്ടെന്നും ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. ബോർഡ് മുൻ അംഗങ്ങളിലേക്കു പോലും അന്വേഷണം നീണ്ടില്ലെന്നും ഹൈക്കോടതി തുറന്നടിച്ചു.
ഇതോടെ, മുൻകൂർജാമ്യാപേക്ഷ നൽകിയശേഷം വിജയകുമാർ ഒളിവിൽപോകുകയായിരുന്നു. സമ്മർദ്ദം താങ്ങാനാവുന്നില്ലെന്നും ജീവിതം അവസാനിപ്പിക്കുകയാണെന്നും അടുത്ത സുഹൃത്തുക്കൾക്ക് സന്ദേശം അയയ്ക്കുകയും ചെയ്തിരുന്നു.
മിനിട്ട്സും മൊഴിയും
കുരുക്കായി
1.ശബരിമല അയ്യപ്പനെതിരായോ ദേവസ്വം ബോർഡിന് എതിരായോ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് നേരത്തേ വിജയകുമാർ പറഞ്ഞത്. ഉണ്ണികൃഷ്ണൻ പോറ്റിയെ വ്യക്തിപരമായി അറിയില്ലെന്നും പറഞ്ഞു. ഇതെല്ലാം കളവാണെന്ന് എസ്.ഐ.ടി കണ്ടെത്തുകയായിരുന്നു.
2)2019 മാർച്ച് 19നുചേർന്ന ബോർഡിന്റെ മിനിട്ട്സിൽ കൃത്രിമംകാട്ടിയത് പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാനെന്നാണ് കണ്ടെത്തൽ. സ്വർണം പൊതിഞ്ഞ പിത്തളയെന്ന പരാമർശം പത്മകുമാർ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്നെഴുതി. ഇതിനുതാഴെ ബോർഡംഗങ്ങൾ ഒപ്പിട്ടിട്ടുണ്ട്.
3) കൂട്ടുത്തരവാദിത്തമുണ്ടെന്നും പ്രസിഡന്റിന് മാത്രമായി ഒന്നുംചെയ്യാനാവില്ലെന്നുമുള്ള പത്മകുമാറിന്റെ മൊഴിയും കുരുക്കായി. ബോർഡിൽ ചർച്ചചെയ്ത ശേഷമാണ് പാളികൾ പോറ്റിക്ക് കൊടുത്തത്.
4)എല്ലാം പത്മകുമാറാണ് ചെയ്തതെന്നും തങ്ങൾക്കൊന്നുമറിയില്ലെന്നുമായിരുന്നു വിജയകുമാറും ശങ്കരദാസും മൊഴിനൽകിയിരുന്നത്. ബോർഡിന് കൂട്ടുത്തരവാദിത്തമെന്ന് ഹൈക്കോടതി പറഞ്ഞതും വിജയകുമാറിന് കുരുക്കായി.
പിരിച്ചുവിട്ടെങ്കിലും ഇടത്
സർക്കാർ തിരിച്ചെടുത്തു
ദേശീയപണിമുടക്കിനിടെ വനിതാജീവനക്കാർക്കെതിരെയടക്കം അക്രമം കാട്ടിയതിന് 2006ഫെബ്രുവരിയിൽ എൻ.വിജയകുമാറിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടിരുന്നു. കേന്ദ്രസർക്കാരിനെതിരായ പണിമുടക്ക്ദിവസം ജോലിക്കെത്തിയവർ പുറത്തിറങ്ങി കഞ്ഞിയും കപ്പയും പാചകംചെയ്തതിലെ രോഷമായിരുന്നു അക്രമത്തിലെത്തിയത്. 2006മേയിൽ അധികാരത്തിലെത്തിയ വി.എസ്.അച്യുതാനന്ദൻ സർക്കാരാണ് തിരിച്ചെടുത്തത്.
2016ൽ ഒരുവർഷക്കാലം സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയായ സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു.
''നിരപരാധിയാണ്. തെറ്റൊന്നും ചെയതിട്ടില്ല. മറ്റൊന്നും പറയാനില്ല''
-എൻ.വിജയകുമാർ
(വൈദ്യപരിശോധനയ്ക്കെത്തിച്ചപ്പോൾ പറഞ്ഞത്)
അറസ്റ്റിലായത് 3 സി.പി.എം നേതാക്കൾ
പ്രത്യേക ലേഖകൻ
തിരുവനന്തപുരം: സ്വർണക്കൊള്ളക്കേസിൽ പിടിയിലായ മൂന്നാമത്തെ സി.പി.എം നേതാവാണ് വിജയകുമാർ. ബോർഡ് പ്രസിഡന്റായിരുന്ന പത്മകുമാർ സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗമാണ്. രണ്ടുവട്ടം ദേവസ്വം കമ്മിഷണറും പിന്നീട് ബോർഡ് പ്രസിഡന്റുമായ വാസുവും സി.പി.എമ്മിന്റെ വിശ്വസ്തനാണ്. കൊട്ടാരക്കര പൂവറ്റൂർ സ്വദേശിയായ വാസു 2006-11കാലത്ത് മന്ത്രി പി.കെ.ഗുരുദാസന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. ഏറെക്കാലം കുളക്കട പഞ്ചായത്ത് പ്രസിഡന്റായിരുന്നു. വിജിലൻസ് ട്രൈബ്യൂണൽ അംഗമായിരുന്നു. വിജയകുമാർ ഇപ്പോഴും സി.പി.എം ലോക്കൽകമ്മിറ്റി അംഗമാണ്.
ഇവരടക്കം 10പേർ അറസ്റ്റിലായിട്ടുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി (സ്പോൺസർ), മുരാരി ബാബു (ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ), ഡി.സുധീഷ് കുമാർ ( മുൻ എക്സിക്യുട്ടീവ് ഓഫിസർ), കെ.എസ്.ബൈജു (മുൻ തിരുവാഭരണം കമ്മിഷണർ), എസ്.ശ്രീകുമാർ (മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ), പങ്കജ് ഭണ്ഡാരി (സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ), ഗോവർദ്ധൻ (ബെല്ലാരിയിലെ റോദ്ധം ജുവലറിയുടമ) എന്നിവരാണ് അറസ്റ്റിലായ മറ്റു പ്രതികൾ.
സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയതിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ദിണ്ഡിഗലിലെ ഡി-മണിയെയും കൂട്ടാളികളെയുമെല്ലാം ചോദ്യംചെയ്തുരുന്നു. അവർക്ക് തിരുവനന്തപുരത്ത് എത്താൻ നോട്ടീസ് നൽകിയിരിക്കുകയാണ്. പിന്നാലെയാണ് വിജയകുമാറിന്റെ അറസ്റ്റ്.
കൂട്ടുത്തരവാദിത്തം
വ്യക്തമായി
ബോർഡ് അംഗങ്ങൾ സ്വർണക്കൊള്ളയ്ക്ക് വഴിയൊരുക്കാൻ പത്മകുമാറിനൊപ്പം ഗൂഢാലോചന നടത്തിയെന്നും രേഖകളിൽ കൃത്രിമം കാട്ടിയെന്നും എസ്.ഐ.ടി കണ്ടെത്തിയതോടെ, ബോർഡിന്റെ കൂട്ടുത്തരവാദിത്തം വ്യക്തമാവുകയാണ്. പാളികളുടെ അടിസ്ഥാനലോഹം ചെമ്പായതിനാൽ അതിലുള്ള സ്വർണം മങ്ങിപ്പോയെന്ന് പറഞ്ഞുനിൽക്കാമെന്ന് പത്മകുമാർ ബോർഡിൽ വിശദീകരിച്ചപ്പോൾ അംഗങ്ങൾ യോജിച്ചെന്നാണ് കണ്ടെത്തൽ. ഇത് ക്രമക്കേടാണെന്നറിഞ്ഞിട്ടും രണ്ട് അംഗങ്ങളും എതിർക്കാതെ കൂട്ടുനിന്നു. എതിർത്തിരുന്നെങ്കിൽ അജൻഡ പാസാവുമായിരുന്നില്ല.
ഭണ്ഡാരി, ഗോവർദ്ധൻ:
കസ്റ്റഡി അപേക്ഷ
ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലുള്ള ചെന്നൈ സ്മാർട്ട്ക്രിയേഷൻസ് സി.ഇ.ഒ പങ്കജ് ഭണ്ഡാരി, സ്വർണം വാങ്ങിയ ബെല്ലാരിയിലെ ജുവലറിയുടമ ഗോവർദ്ധൻ എന്നിവരുടെ കസ്റ്റഡി അപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ഇന്നലെ അപേക്ഷ പരിഗണിച്ച തിരുവനന്തപുരം വിജിലൻസ് കോടതി നാളെ പരിഗണിക്കാൻ മാറ്റുകയായിരുന്നു. ഇരുവരെയും കസ്റ്റഡിയിൽ ചോദ്യംചെയ്താലേ സ്വർണപ്പാളികൾ കണ്ടെടുക്കാനാവൂ എന്നാണ് എസ്.ഐ.ടിയുടെ നിലപാട്. സ്വർണപ്പാളികൾ വിദേശത്തേക്ക് കടത്തിയെന്നും ഉരുക്കിയെടുത്ത് അന്യസംസ്ഥാനങ്ങളിൽ വിറ്റെന്നുമടക്കം ആരോപണമുയരുന്നുണ്ട്.
വ്യവസായിയുടെ നിർണായക മൊഴി:
ഡി-മണിയുടെ സംഘത്തിന്
നൽകിയത് സ്വർണ ഉരുപ്പടി
തിരുവനന്തപുരം: അന്താരാഷ്ട്ര പുരാവസ്തു ഇടപാടുകാരുമായി ബന്ധമുള്ള തമിഴ്നാട് ദിണ്ഡിഗൽ സ്വദേശി ഡി-മണിക്ക് തിരുവനന്തപുരത്ത് വച്ച് സ്വർണ ഉരുപ്പടികൾ വിറ്റെന്ന് പ്രവാസി വ്യവസായി എസ്.ഐ.ടിക്ക് മൊഴി നൽകി. ഇത് ശബരിമലയിലെ ഉരുപ്പടികളാണെന്നാണ് അനുമാനം. തിരുവനന്തപുരത്തെ ഹോട്ടലിലാണ് പോറ്റിയും മണിയുമായി ഇടപാട് നടന്നത്. ഇതിന് താൻ സാക്ഷിയാണ്. കച്ചവടത്തിനായി ആദ്യം സമീപിച്ചത് തന്നെയാണ്. പുരാവസ്തുക്കളിൽ താത്പര്യമുള്ളതിനാൽ ദിണ്ഡിഗലിലെ ഡി-മണിയുടെ വീട്ടിലെത്തിയപ്പോഴാണ് അമൂല്യവസ്തുക്കൾ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടത്. വിലപേശലിൽ തീരുമാനമുണ്ടാവാത്തതിനാൽ എല്ലാം കാണാൻ കഴിഞ്ഞില്ല. കച്ചവടം നടന്നില്ല. ലോഹക്കച്ചവടക്കാർക്കിടയിൽ മണി അറിയപ്പെടുന്നത് ദാവൂദ് മണിയെന്നാണ്. മണിയുടെ നമ്പർ എസ്.ഐ.ടിക്ക് നൽകിയത് വ്യവസായിയാണ്. സ്വർണ ഉരുപ്പടികൾ ഡി മണി വഴി കടത്തിക്കൊണ്ടുപോയെന്നാണ് മൊഴി. വിമാനത്തിലാണ് മണി തിരുവനന്തപുരത്ത് എത്തിയത്. ദിണ്ഡിഗലിൽ നിന്ന് റോഡ് മാർഗമാണ് മണി പണമെത്തിച്ചത്. ശബരിമലയിലെ ഉന്നതരും ഇടപാടിന് സാക്ഷിയാണെന്നാണ് മൊഴി. മണിയോടും കൂട്ടാളികളായ ബാലമുരുകൻ, ശ്രീകൃഷ്ണൻ എന്നിവരോടും ഇന്ന് തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാവാൻ എസ്.ഐ.ടി നോട്ടീസ് നൽകിയിട്ടുണ്ട്. ഹാജരായില്ലെങ്കിൽ കസ്റ്റഡിയിലെടുക്കാനാണ് നീക്കം. സ്വർണപ്പാളികൾ അന്താരാഷ്ട്ര പുരാവസ്തു മാഫിയയ്ക്ക് കൈമാറിയെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് വെളിപ്പെടുത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |