
കാസർകോട്: കോൺഗ്രസ്, ബി.ജെ.പി അംഗങ്ങൾ വിട്ടുനിന്നതിനെ തുടർന്ന് മാറ്റിവച്ച പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്തിൽ നറുക്കെടുപ്പിലൂടെ എൽ.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം. എൽ.ഡി.എഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതോടെ യു.ഡി.എഫിന് വൈസ് പ്രസിഡന്റ് സ്ഥാനവും ലഭിച്ചു. എൽ.ഡി.എഫിലെ സി.കെ.സബിത പ്രസിഡന്റായും കോൺഗ്രസിലെ എൻ.കെ.ബാബുരാജ് വൈസ് പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു.
എൽ.ഡി.എഫിന് ഒൻപത്, യു.ഡി.എഫിന് ഒൻപത്, ബി.ജെ.പിക്ക് ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ നിന്ന് ബി.ജെ.പി അംഗം വിട്ടുനിന്നു. സബിതയ്ക്കും യു.ഡി.എഫ് സ്ഥാനാർത്ഥി ഉഷ എൻ.നായർക്കും ഒമ്പത് വോട്ട് വീതം ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ എൻ.കെ ബാബുരാജിനെതിരെ സി.പി.എമ്മിലെ എ.കൃഷ്ണനായിരുന്നു മത്സരിച്ചത്. സി.പി.എമ്മിലെ നളിനിയുടെ വോട്ട് അസാധുവായതോടെ ബാബുരാജ് ഒരു വോട്ടിന് വിജയിച്ചു.
പ്രസിഡന്റ് സ്ഥാനാർത്ഥിയെ ചൊല്ലി കോൺഗ്രസിൽ ഭിന്നാഭിപ്രായം ഉണ്ടായതിനെ തുടർന്നാണ് ശനിയാഴ്ചത്തെ വോട്ടെടുപ്പിൽ നിന്ന് യു.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നത്. ബി.ജെ.പിയുടെ ഒരംഗവുമായി ധാരണയിൽ എത്താതിരുന്നതിനാലാണ് വിട്ടുനിന്നതെന്ന ആരോപണവും ഇതിനിടെ ഉയർന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |