
ബോധവത്കരണ പരിപാടികൾ, സെമിനാറുകൾ,ഫ്ളാഷ് മോബുകൾ തുടങ്ങി ദിവസേന പത്തിലധികം പരിപാടികൾ നിരത്തുകളിൽ ചോര പുരളാതിരിക്കാൻ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങിൽ മുടങ്ങാതെ നടത്തുന്നുണ്ട്. പക്ഷേ അവയൊന്നും തന്നെ കാര്യമായി ഫലം കാണുന്നില്ലെന്നാണ് പൊലീസ് റിപ്പോർട്ടുകൾ പറയുന്നത്. നിയമം കാറ്റിൽ പറത്തി ബസുകളും മറ്ര് വാഹനങ്ങളും നിരത്തുകളിൽ മത്സരിച്ചോടുമ്പോൾ അപകടങ്ങളും കുത്തനെ കൂടുകയാണ്.
സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ ശരാശരി ഒരു ദിവസം 11 ജീവനുകൾ വരെ നഷ്ടമാകുന്നുണ്ടെന്നാണ് കണക്കുകൾ. നിയമങ്ങൾ ശക്തമാണെന്ന് പറയുമ്പോഴും വാഹനാപകടങ്ങളിൽ കുറവില്ല എന്നതാണ് യാഥാർത്ഥ്യം. ക്രൈംറെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകൾപ്രകാരം ഈ വർഷം
ഒക്‌ടോബർ വരെ സംസ്ഥാനത്ത് 41372 റോഡപകടങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
3050 പേർ റോഡപകടങ്ങളിൽ മരണപ്പെടുകയും 47002 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2024ലെ കണക്ക് പ്രകാരം 48834 റോഡപകടങ്ങളിലായി 3880 പേർ മരണപ്പെടുകയും 54796 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. രണ്ട് മാസത്തെ കണക്കുകൾ കൂടെ ക്രോഡീകരിച്ചാൽ ഈ വർഷം 2024 ലേക്കാൾ അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് തന്നെ പറയാവുന്നതാണ്. വാഹനങ്ങളുടെ എണ്ണത്തിലെ വർദ്ധനയും അമിതവേഗവുമാണ് കേരളത്തിൽ റോഡപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാക്കിയിട്ടുളളത്. ഇന്നത്തെ ന്യൂജെൻ ജെൻസി തലമുറയടക്കം സുരക്ഷയ്ക്കായുള്ള പല നിർദ്ദേശങ്ങളും കാറ്റിൽ പറത്തിയാണ് റോഡിൽ വാഹനങ്ങളുമായെത്തുന്നത്.
കാലം മാറി, പക്ഷേ!
നൂതന സാങ്കേതിക വിദ്യകൾ കൂട്ടുപിടിച്ച് ഇന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചാലുള്ള ആഘാതം പരമാവധി ഒഴിവാക്കുന്ന തരത്തിലുള്ള വാഹനങ്ങളാണ് ഒരോ കമ്പനികളും നിരത്തിലിറക്കുന്നത്. സീറ്റ് ബെൽറ്റും എയർബാഗിനുമപ്പുറം
വാഹനങ്ങൾ പരസ്പരം കൂട്ടിയിടിക്കുന്നത് സ്വയം ഒഴിവാക്കുന്നതും ഡ്രൈവർ ഉറങ്ങിയാൽ മുന്നറിയിപ്പുനൽകുന്നതുമായ ഒട്ടേറെ സാങ്കേതിക വിദ്യകൾ ഇന്നത്തെ വാഹനങ്ങളിലുണ്ട്. എന്നിരുന്നാലും റോഡുകളുടെ മോശം അവസ്ഥയും നിരത്തിലെ ശ്രദ്ധക്കുറവും അപകടങ്ങൾ ക്ഷണിച്ചു വരുത്തുക തന്നെ ചെയ്യുന്നുണ്ട്. റോഡിൽ എത്ര തന്നെ ശ്രദ്ധിച്ച് വാഹനമോടിച്ചാലും ശ്രദ്ധതിരിക്കുന്ന തരത്തിൽ സ്വകാര്യ ബസുകളും മുൻപിലെത്തും. സമയക്രമത്തെ ചൊല്ലിയുള്ള മത്സരയോട്ടവും ജീവനക്കാർ തമ്മിലുള്ള വാക്കേറ്റവും കെെയാങ്കളിയും റോഡിലെ സ്ഥിരം കാഴ്ചകളാണ്. വെെരാഗ്യം മൂലം ബസുകൾ ബോധപൂർവം ഇടിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ മാറുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ജനത്തിരക്കേറിയ കോഴിക്കോട് നഗര ഹൃദയത്തിൽ ട്രാഫിക് പൊലീസ് നോക്കി നിൽക്കെയാണ് നിറയെ യാത്രക്കാരുള്ള ബസ് മറ്റൊരു ബസിൽ ഇടിച്ചു കയറ്രിയത്. സംഭവ സമയത്ത് ട്രാഫിക് പൊലീസ് സമീപത്ത് ഉണ്ടായിരുന്നെങ്കിലും നടപടി എടുക്കാത്തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. ബസ് ഉടമ നൽകിയ പരാതിയിലാണ് പിന്നീട് പൊലീസ് കേസെടുത്തത് .പുതുവർഷം ആഘോഷിക്കാൻ നിരവധി പേരാണ് നഗരത്തിലേക്ക് വാഹനവുമായെത്തുന്നത്. തിരക്കിൽ വാഹനങ്ങളുടെ മത്സരയോട്ടം കൂടിയാകുമ്പോൾ അപകടസാദ്ധ്യത ഏറുകയാണ്. ചിലയിടങ്ങളിൽ സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ബസുമായും മത്സരമുണ്ട്. മറ്റു വാഹനങ്ങളെ തഴഞ്ഞ് ഹോൺ മുഴക്കിയും സൈഡ് നൽകാതെയും അപകടകരമായ രീതിയിലാണ് സർവീസ് നടത്തുന്നത്. സിറ്റി ബസുകളും ദീർഘ ദൂര ബസുകളും ഒരു പോലെ മത്സരയോട്ടത്തിൽ മത്സരിക്കുന്ന കാഴ്ചയാണ്. അപകടവളവുകളിൽ പോലും ഡ്രെെവർമാർ ശ്രദ്ധ പുലർത്താറില്ല. അതിവേഗം നിയന്ത്രിക്കുന്നതിനായി സ്ഥാപിക്കുന്ന വേഗപ്പൂട്ട് പോലും അഴിച്ച് വെച്ചാണ് യാത്ര. ഇരുചക്ര വാഹനങ്ങൾ കഴിഞ്ഞാൽ കൂടുതലും വലിയ വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിലേറെയും. അമിത വേഗം, മദ്യപിച്ച് വണ്ടിയോടിക്കുക, തെറ്റായ ദിശയിൽ ഡ്രൈവ് ചെയ്യുക, ഡ്രൈവർമാരുടെ അശ്രദ്ധ, റോഡിന്റെ ശോചനീയാവസ്ഥ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കുക എന്നിവയാണ് അപകടങ്ങളുടെ പ്രധാന കാരണങ്ങൾ.
ക്ഷണിച്ചു വരുത്തുന്നതോ?
രൂപമാറ്റം വരുത്തി വാഹനങ്ങൾ നിരത്തിലിറക്കുന്നതും അതുമൂലമുണ്ടാകുന്ന അപകടങ്ങളും ജില്ലയിൽ കൂടുന്നുണ്ട്. ബെെക്കുകളാണ് ഇത്തരത്തിൽ കൂടുതൽ അലങ്കാര പണികൾ ചെയ്യുന്നത്. സൈലൻസർ അഴിച്ചുമാറ്റി വലിയ ശബ്ദമുള്ളവ ഘടിപ്പിക്കുക, ബൈക്കിലെ രണ്ട് മിററുകളും അഴിച്ച് മാറ്റുക, ടയറുകളും ഫ്യുവലുകളും മാറ്റുക തുടങ്ങിയവയെല്ലാം നിത്യകാഴ്ചയാണ്. ഇതെല്ലാം നിയമ ലംഘനങ്ങളും അപകടത്തിലേക്ക് നയിക്കാവുന്നവയുമാണ്.മിക്കപ്പോഴും ഗുരുതര അപകടങ്ങളെ തുടർന്ന് ജനരോഷം ശക്തമാകുമ്പോഴാണ് മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങുന്നത്. പ്രതിഷേധം തണുക്കുമ്പോൾ പരിശോധനയും തണുക്കും. എ.ഐ ക്യാമറകൾ വന്നെങ്കിലും അപകടങ്ങൾക്ക് കാര്യമായ മാറ്റമൊന്നുമുണ്ടായിട്ടില്ല.
മാത്രമല്ല അപകടമുണ്ടാകാനുള്ള സാഹപര്യം കണ്ടെത്തി ഒഴിവാക്കുന്നതിനുപകരം വാഹനങ്ങൾ തടഞ്ഞു നിറുത്തിയും മറ്റും പിഴചുമത്താനുള്ള സംവിധാനമായി പൊലീസും മോട്ടോർവാഹനവകുപ്പും മാറുന്നുണ്ടെന്ന ആക്ഷേപവും പരക്കേയുണ്ട്. കാര്യങ്ങൾ ഇങ്ങനെയാക്കെയാണെങ്കിലും നിരത്തുകളിൽ ജീവനുകൾ പൊലിയുമ്പോഴും നിസ്സഹായത കെെവെടിഞ്ഞ് അധികാരികൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമായിട്ടുണ്ട്. റോഡിൽ നിയമം ശക്തമാക്കിയും പുതിയ റോഡ് സുരക്ഷാ സംസ്കാരം വളർത്തിയെടുത്തും നല്ല നാളേയ്ക്കായി ഈ പുതുവർഷത്തിലെങ്കിലും നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |