
ദേശീയതലത്തിൽ ബി.ജെ.പി നടപ്പാക്കുന്ന വിജയതന്ത്രങ്ങൾ പ്രതിപക്ഷ കക്ഷികളും അനുകരിക്കണമെന്നല്ല. പക്ഷേ, അതിനെ നേരിടാനും ജനങ്ങളെ ആകർഷിക്കാനും എന്ത് ബദലുകളാണ് തങ്ങളുടെ പക്കലുള്ളതെന്ന് അവർ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു
ഒരു വർഷത്തെ രാഷ്ട്രീയം ഓർമ്മയാവുകയാണ്. കാലം മറ്റൊരു രാഷ്ട്രീയത്തിന്റെ വരവിനായി ചാലുകീറി നിൽക്കുന്നു. ശരവേഗത്തിലാണല്ലോ രാഷ്ട്രീയം മാറിമറിയുന്നത്. 'അതിവേഗത്തിൽ ഭൂതകാലമായി തിരോഭവിക്കുന്ന വർത്തമാന നിമിഷങ്ങൾ/ നിരന്തരമായി മുന്നോട്ടു മാത്രം നീങ്ങിക്കൊണ്ടിരിക്കുന്ന കാലം" എന്ന് മഹാകവി പി. കുഞ്ഞിരാമൻ നായർ പറഞ്ഞത് കണിശതയോടെ സംഭവിക്കുന്നത് രാഷ്ട്രീയത്തിലാണ്. പുതുരാഷ്ട്രീയം സംഭവബഹുലമായിരിക്കും എന്നർത്ഥം. പോയ വർഷത്തിലേക്ക് മടങ്ങിവന്നാൽ, എങ്ങനെയാണ് അതിന്റെ രാഷ്ട്രീയത്തെ സ്വാംശീകരിക്കാനാവുന്നത്?
ദേശവിചാരം
തിരിച്ചറിയാനാവാത്ത വിധം ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വ്യാകരണം മാറിയിരിക്കുന്നു. ഒരുവശത്ത്, ബി.ജെ.പി ശക്തിപ്പെടുകയും ചില സംസ്ഥാനങ്ങളിൽ പ്രാദേശിക കക്ഷികൾ കരുത്തു കാട്ടുകയും ആനുപാതികമായി കോൺഗ്രസ് ക്ഷയിക്കുകയും ചെയ്യുന്നു. മറുവശത്ത്, ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം വഷളാകുകയും രാഷ്ട്രീയത്തിൽ നിന്ന് ധാർമ്മികത നാടുനീങ്ങുകയും ചെയ്യുന്നു.
ദേശീയ രാഷ്ട്രീയത്തിൽ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ എൻ.ഡി.എ നിർണായക ശക്തിയായി മാറി എന്നതാണ് 2025 നൽകുന്ന ഏറ്റവും വലിയ സൂചന. ഡൽഹി, ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പുകളിലെ തകർപ്പൻ വിജയം ഇതിന്റെ സമീപകാല തെളിവാണ്. മോദിയുടെ വ്യക്തിപ്രഭാവവും നേതൃപാടവവും ബി.ജെ.പി/എൻ.ഡി.എയുടെ കെട്ടുറപ്പും മാത്രമല്ല ഇതിന് ആധാരം.അതിനപ്പുറം, അവർ ഉപയോഗിക്കുന്ന സാംസ്കാരിക ബിംബങ്ങളും ഉയർത്തുന്ന മുദ്രാവാക്യങ്ങളും (ഗോസംരക്ഷണം മുതൽ രാമക്ഷേത്രം വരെ) ഭൂരിപക്ഷം ഇന്ത്യാക്കാരെയും അവരോട് ചേർത്തുനിറുത്തുന്നു എന്നതാണ് വസ്തുത. ഇതു തന്നെയാണ് ബി.ജെ.പി മുന്നോട്ടു വയ്ക്കുന്ന ദേശീയതയുടെ കാര്യവും.
ജാതിക്കും പ്രദേശിക വൈജാത്യങ്ങൾക്കും അതീതമായി അത്, ഹിന്ദുക്കളെ യോജിപ്പിക്കാനും പാർട്ടിയോട് അനുഭാവം പുലർത്താനും പ്രേരിപ്പിക്കുന്നു. ബി.ജെ.പിയുടെ ഇത്തരം നിലപാടുകളോട് വിയോജിക്കുമ്പോഴും, ജനങ്ങളെ ആകർഷിക്കാനുള്ള അവയുടെ സാദ്ധ്യതയെ കുറച്ചുകാണുന്നത് മൗഢ്യമാണ്. ബി.ജെ.പി സർക്കാരുകളുടെ ക്ഷേമപദ്ധതികൾ - പ്രത്യേകിച്ച് സ്ത്രീകൾക്കായുള്ളത് - കൂടി ഇതിനോടു ചേരുമ്പോൾ എൻ.ഡി.എയുടെ ജനസമ്മതി വീണ്ടും വർദ്ധിക്കുന്നു. പോരെങ്കിൽ, രാജ്യത്തെ മുഖ്യധാരാ മാദ്ധ്യമങ്ങളുടെ പിന്തുണയും അവർക്കുണ്ട്. അവർ പറയുന്നതിന് ചെവികൊടുക്കുന്ന ഒരു വലിയ ജനാവലി ഇവിടെയുണ്ടെന്നാണ് ഇതിനർത്ഥം. അതുകൊണ്ട്, മാദ്ധ്യമങ്ങളെ പഴിക്കുന്നതിനെക്കാൾ, ജനങ്ങൾ എന്തുകൊണ്ട് അവയെ മുഖവിലയ്ക്ക് എടുക്കുന്നു എന്നാണ് പ്രതിപക്ഷം അന്വേഷിക്കേണ്ടത്.
ബി.ജെ.പി നടപ്പിലാക്കുന്ന വിജയതന്ത്രങ്ങൾ അവരും അനുകരിക്കണമെന്നല്ല വിവക്ഷ. പിന്നെയോ, അതിനെ നേരിടാനും ജനങ്ങളെ ആകർഷിക്കാനും എന്ത് ബദലുകളാണ് തങ്ങളുടെ പക്കലുള്ളതെന്ന് അവർ സ്വയം ചോദിക്കേണ്ടിയിരിക്കുന്നു. 'വോട്ട് ചോരി" ഉയർത്തിക്കാട്ടുന്നതും പാർലമെന്റ് പ്രക്ഷുബ്ദ്ധമാക്കുന്നതും വഴിപാട് സമരങ്ങൾ നടത്തുന്നതും ഇതിന് പകരമാവില്ല. ഇതിനാവശ്യം, പ്രതിപക്ഷ ഐക്യവും വ്യത്യസ്തമായ രാഷ്ട്രീയ ഭാവനയും ശൈലിയും പാദാവലികളും കാര്യപ്രാപ്തിയുള്ള നേതൃത്വവുമാണ്. ഇന്നത്തെ അവസ്ഥയിൽ ഇത് അതിന്റെ അഭാവം കൊണ്ടാണ് ശ്രദ്ധിക്കപ്പെടുന്നത്.
ശത്രുക്കൾ മാത്രം
ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്നു എന്നു മാത്രമല്ല, പലപ്പോഴും ശത്രുതാപരമായി മാറുകയും ചെയ്യുന്നു എന്നതാണ് 2025 നൽകുന്ന മറ്റൊരു സൂചന. പാർലമെന്റിലായാലും പുറത്തായാലും, തിരഞ്ഞെടുപ്പ് സമയത്തായാലും അല്ലെങ്കിലും ഇതാണ് അവസ്ഥ. ഭരണപക്ഷവും പ്രതിപക്ഷവും എല്ലാറ്റിനെയും പരസ്പരം എതിർക്കുന്നതല്ല, കഴിയുന്നത്ര മേഖലകളിൽ സഹകരിക്കുന്നതാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. ഇതിന് മുൻകൈയെടുക്കാനുള്ള ബാദ്ധ്യത ഭരണപക്ഷത്തിനുമാണ്. ഭരണപക്ഷത്തെ മാത്രമല്ല, പ്രതിപക്ഷത്തെയും ജനങ്ങളാണ് തിരഞ്ഞെടുക്കുന്നത്. പ്രതിപക്ഷമെന്നത് ശത്രുപക്ഷമല്ല, മറ്റൊരു നിലപാടാണ്.
നെഹ്റുവും വാജ്പേയിയും തമ്മിലുണ്ടായിരുന്ന സൗഹൃദം ഈ സന്ദർഭത്തിൽ ഓർമ്മവരുന്നു. 1962- ലെ തിരഞ്ഞെടുപ്പിൽ നെഹ്റുവിനെതിരെ പ്രചാരണത്തിനിറങ്ങിയ വാജ്പേയിയുടെ യോഗങ്ങൾ കോൺഗ്രസുകാർ അലങ്കോലപ്പെടുത്തിയതറിഞ്ഞ നെഹ്രു അവരെ ശകാരിച്ചുകൊണ്ട് പറഞ്ഞു: 'ആ ചെറുപ്പക്കാരൻ നന്നായി പ്രസംഗിക്കും, അദ്ദേഹം വന്ന് സംസാരിക്കട്ടെ. ജനങ്ങൾ എനിക്ക് വോട്ട് ചെയ്താൽ നന്ന്. അതല്ല, മാറ്റാർക്കെങ്കെിലുമാണ് അവർ വോട്ടുചെയ്യുന്നതെങ്കിൽ അങ്ങനെയും ആകട്ടെ!" ഇതേ സൗമനസ്യം 1996-ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാരനായ ശിവരാജ് പാട്ടീലിനോട് വാജ്പേയി തിരിച്ചും കാണിച്ചു എന്നതാണ് ഇതിന്റെ മറുവശം.
രാഷ്ട്രീയത്തിൽ എതിരാളികളായിരിക്കുമ്പോഴും പൊതുപ്രവർത്തകർ പരസ്പരം സൗഹൃദം നിലനിറുത്തേണ്ടത് ആവശ്യമാണെന്ന് തിരിച്ചറിഞ്ഞവരാണ് ഇരുവരും. അപവാദങ്ങൾ മാറ്റിവച്ചാൽ, ജനാധിപത്യത്തിന്റെ ഈ അടിസ്ഥാനതത്വം നമുക്ക് അന്യമായിരിക്കുന്നു. ഗാന്ധിജിയെപ്പോലും നമുക്ക് വേണ്ടാതായിരിക്കുന്നു. ധാർമ്മിക മൂല്യങ്ങൾ നഷ്ടപ്പെടുകയും, രാഷ്ട്രീയം വെറും അധികാരത്തിനു വേണ്ടിയുള്ളതാവുകയും ചെയ്യുന്നതിന്റെ ലക്ഷണമാണ് ഇത്.
നാട്ടുവിചാരം
ദേശീയ രാഷ്ട്രീയത്തിന്റെ ഇത്തരം ചില സൂചനകൾ കേരള രാഷ്ട്രീയത്തിലും സുലഭമാണ്. പ്രതിപക്ഷവും ഭരണപക്ഷവും യോദ്ധാക്കളെപ്പോലെയാണ് പെരുമാറുന്നത്. നയപരമായ എതിർപ്പിനപ്പുറം അത് പരസ്പര ബന്ധത്തെ വഷളാക്കുന്നതിലേക്ക് നീങ്ങിക്കഴിഞ്ഞു. യോജിപ്പ് കേന്ദ്രത്തെ പഴിപറയാൻ മാത്രം. ഗാന്ധിജിയെ കേരളത്തിലും വേണ്ടാതായിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഗാന്ധി പ്രതിമ തകർക്കപ്പെടുന്നത്. കേരള രാഷ്ട്രീയത്തിൽ മുമ്പില്ലാത്തൊരു പ്രതിഭാസമാണ് ഇതൊക്കെ. അധികാരം ഏതുവിധവും നിലനിറുത്താനും കൈക്കലാക്കാനും ശ്രമിക്കുമ്പോൾ ഇങ്ങനെയൊക്കെയേ സംഭവിക്കൂ.
എല്ലാ യുദ്ധങ്ങളും ജയിക്കാൻ വേണ്ടിയുള്ളതല്ല എന്നു പറയാറുണ്ട്. പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ടു തന്നെ ചില യുദ്ധങ്ങളിൽ മനുഷ്യർ ഏർപ്പടുന്നു, നിലപാടുകൾക്കു വേണ്ടിയുള്ള പോരാട്ടങ്ങളാണ് അത്. ഇതുതന്നെയാണ് രാഷ്ട്രീയത്തിന്റെ കാര്യവും. അത് ജയിക്കാൻ മാത്രമുള്ളതല്ല, ചില നിലപാടുകൾക്കു വേണ്ടിയുള്ളതു കൂടിയാണ്. പക്ഷേ നമ്മുടെ രാഷ്ട്രീയ പോരാട്ടങ്ങളെല്ലാം ജയിക്കാൻ വേണ്ടിയുള്ളതായിരിക്കുന്നു. അങ്ങനെ വരുമ്പോൾ അധികാരം എന്തിനുവേണ്ടിയെന്ന ചോദ്യം രാഷ്ട്രീയക്കാർ മറന്നുപോകും. ഇതാണ് കേരളത്തിൽ സംഭവിക്കുന്നത്.
രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നയപരമായ വ്യത്യാസങ്ങളും ഏതാണ്ട് ഇല്ലാതായി എന്ന സൂചനയും നൽകിക്കൊണ്ടാണ് 2025 അവസാനിക്കുന്നത്. പി.എം ശ്രീ മുതൽ വിദേശമൂലധനത്തിന്റെ കാര്യത്തിൽ വരെ ഇത് പ്രകടമാണ്. ഇടത് ഏത്, വലത് ഏത് , മദ്ധ്യേയുള്ളത് ഏത് എന്ന് തിരിച്ചറിയാൻ നന്നേ ബുദ്ധിമുട്ടായിരിക്കുന്നു. മാത്രമല്ല, ഏതു പാർട്ടിയിൽ നിന്ന് ആര്, എപ്പോൾ, എങ്ങോട്ട് കൂറുമാറുമെന്ന് പറയാനുമാവില്ല. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുവേളയിൽ ഇത് വ്യാപകമായി നാം കണ്ടതാണ്, രാഷ്ട്രീയ പാർട്ടികളിൽ നിന്ന് രാഷ്ട്രീയം കുടിയിറങ്ങുന്നതിന്റെ വിപൽസൂചന.
ദേശീയ രാഷ്ട്രീയത്തിൽ നിന്ന് വേറിട്ടൊരു പ്രവണത കേരളത്തിൽ കാണുന്നത്, ഇവിടെ ഭരണമുന്നണിയുടെ നില പരുങ്ങലിൽ ആണെന്നതും, ശക്തമായൊരു എതിർപക്ഷം ഉണ്ടെന്നതുമാണ്. ലോക്സഭ/തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങൾ ഇതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇടതു മുന്നണിയുടെ സാമൂഹികാടിത്തറയിൽ വിള്ളൽ വീണിരിക്കുന്നു. ഇത് യു.ഡി.എഫിനാണ് വലിയതോതിൽ പ്രയോജനം ചെയ്തതെങ്കിലും, ബി.ജെ.പിയും അതിന്റെ ഗുണഭോക്താക്കളായുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ശതമാനം കുറഞ്ഞെങ്കിലും, തലസ്ഥാന നഗരിയിലെ വിജയം അവർക്കു നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. ഇത് കേരള രാഷ്ട്രീയത്തിൽ അവർക്കും ചില പ്രതീക്ഷകൾ നൽകുന്നു. ബ്രെഹ്ത് പറഞ്ഞതുപോലെ, എല്ലാം എക്കാലവും ഒരുപോലെ ആയിരിക്കില്ലല്ലോ!
(പ്രമുഖ സാമൂഹിക നിരീക്ഷകനാണ് ലേഖകൻ )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |