
തിരുവനന്തപുരം: ഇ - ബസ് വിവാദത്തിൽ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന് മറുപടിയുമായി തിരുവനന്തപുരം മേയർ വിവി രാജേഷ്. ബസുകൾ കെഎസ്‌ആർടിസി സ്റ്റാൻഡിലിടാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞതായി കണ്ടു. കെഎസ്‌ആർടിസി സ്റ്റാൻഡിലേ കിടക്കൂവെന്ന് ബസുകൾക്ക് നിർബന്ധമില്ല. നൂറോ ആയിരമോ ബസിടാൻ സ്ഥലം കോർപ്പറേഷനുണ്ടെന്ന് മേയർ വ്യക്തമാക്കി.
'ഇടറോഡിലേക്കുള്ള ചെറിയ ബസുകൾ വിട്ടുതരുമോയെന്നാണ് കൂടുതൽ ഗ്രാമീണരുടെയും ആവശ്യം. 30 ശതമാനം മാത്രമാണ് സിറ്റി പോലുള്ള വാർഡുകൾ. ബാക്കിയെല്ലാം ഗ്രാമീണ മേഖലകളാണ്. അവിടെയൊക്കെ ഇടറോഡുകൾ ധാരാളമുണ്ട്. എന്റെ വാർഡിൽതന്നെ വലിയൊരു വിഭാഗം ആൾക്കാരും കൂലിപ്പണിക്കാരാണ്. ഇടറോഡിലൂടെ പോകുന്ന ചെറിയ ബസുകളാണ് ഇവരും ആവശ്യപ്പെടുന്നത്. നിരവധി കൗൺസിലർമാർ ആദ്യമേതന്നെ ആവശ്യപ്പെട്ടത് കോർപ്പറേഷൻ ബസുകളാണ്. മേയർ എന്ന നിലയിൽ എനിക്ക് വിഷയം പരിഗണിക്കേണ്ടതായുണ്ട്. അങ്ങനെയാണ് സെക്രട്ടറിയോട് ആവശ്യപ്പെട്ട് കരാറിന്റെ കോപ്പി പരിശോധിച്ചത്. തുടർന്ന് കരാർ ലംഘനമാണ് നടക്കുന്നതെന്ന് കണ്ടെത്തി.
113 കോടി രൂപ സ്‌മാർട്ട് സിറ്റിയുടെ പേരിൽ കോർപ്പറേഷന് തരുമ്പോൾ അതിൽ നിന്ന് ലാഭം കിട്ടുമ്പോൾ കോർപ്പറേഷനും പങ്ക് ലഭിക്കണമെന്നത് ന്യായമായ അവകാശമാണ്. ഈ സ്ഥാപനവും നിലനിൽക്കേണ്ടതുണ്ട്. കോർപ്പറേഷനുകൂടി ലാഭം പങ്കിടാമെന്ന കരാറുള്ളപ്പോൾ അത് പാലിക്കേണ്ടത് ന്യായമായ ആവശ്യമാണ്. അത് പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരേണ്ട ഉത്തരവാദിത്തമാണ് ഞാൻ നിർവഹിച്ചത്. കോർപ്പറേഷനിൽ ഉൾപ്പെടുന്ന കൂലിപ്പണിക്കാരായ സാധാരണക്കാർ കരഞ്ഞുകൊണ്ടുപറഞ്ഞ ആവശ്യം നിറവേറ്റാൻ വേണ്ടിയാണ് ഞങ്ങൾ കെഎസ്‌ആർടിസിയോടും സർക്കാരിനോടും ആവശ്യപ്പെടുന്നത്. ഇത് രാവിലെ ആറുമണിമുതൽ വൈകിട്ട് എട്ടുമണിവരെ വിട്ടുകൊടുത്താൽ പാവപ്പെട്ടവർക്ക് ഗുണപ്പെടും.
നഗരത്തിലെ ജനങ്ങൾക്ക് ഗതാഗത സൗകര്യം ഉറപ്പാക്കുന്നതിന് തിരുവനന്തപുരം നഗരസഭ സ്‌മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി 115 വൈദ്യുതി ബസുകൾ കെഎസ്‌ആർടിസി സ്വിഫ്‌ടിന് വാങ്ങിനൽകിയതെന്നാണ് മുൻ മേയർ ആര്യാ രാജേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. ത്രികക്ഷി കരാർ വ്യവസ്ഥ പ്രകാരമാണിതെന്നും പോസ്റ്റിലുണ്ട്. കെഎസ്‌ആർടിസി ഈ കരാർ ലംഘിച്ചതായാണ് പരിശോധനയിൽ കാണുന്നതെന്നും പോസ്റ്റിൽ വ്യക്തമാക്കുന്നു. നഗരപരിധി വിട്ടുള്ള സർവീസുകൾക്ക് നഗരസഭ വാങ്ങിനൽകിയ വൈദ്യുതി ബസ് ഉപയോഗിച്ചുവെന്നതാണ് പ്രധാന കരാർ ലംഘനം.
സമീപ ജില്ലയിലേയ്ക്കുവരെ ഈ ബസുകൾ സർവീസ് നടത്തുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്താൻ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് നഗരസഭ പരാതി നൽകിയിട്ടുണ്ടെന്നും 2024 സെപ്തംബർ ഏഴിലെ ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നത്. കരാർ പാലിക്കണമെന്നാണ് ഞങ്ങൾ പറയുന്നത്. കത്ത് കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ ബസുകൾ തിരിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. എന്നാൽ ഞങ്ങൾക്ക് ആ പ്ളാനില്ല.
ഇലക്ട്രിക് ബസുകളുടെ പ്രധാന ഘടകം അതിന്റെ ബാറ്ററിയാണ്. ഇപ്പോൾ എല്ലാ ബസുകളിലും ബാറ്ററി മാറ്റേണ്ട സമയമായിക്കഴിഞ്ഞു. ബസ് വാങ്ങുന്നതിന്റെ 70 ശതമാനവും ബാറ്ററിക്കാണ് ആകുന്നത്. ആ ബസുകളുടെ നല്ലകാലം ഓടിക്കഴിഞ്ഞു. ഇനി ആ 113 ബസുകൾ തിരിച്ചെടുക്കണമെന്ന് ഞങ്ങൾക്കില്ല. തർക്കുത്തരത്തിനോ ഗുസ്‌തി മത്സരത്തിനോ അല്ല ഉന്നയിച്ചത്. ബസുകൾ കെഎസ്‌ആർടിസി സ്റ്റാൻഡിലിടാൻ പറ്റില്ലെന്ന് മന്ത്രി പറഞ്ഞതായി കണ്ടു. കെഎസ്‌ആർടിസി സ്റ്റാൻഡിലേ കിടക്കൂവെന്ന് ബസുകൾക്ക് നിർബന്ധമില്ല. നൂറോ ആയിരമോ ബസിടാൻ സ്ഥലം കോർപ്പറേഷനുണ്ട്. അങ്ങനെയൊരു ഘട്ടം വന്നാൽ അത് ചെയ്യും. എന്നാലിപ്പോൾ അത്തരത്തിലെ ആലോചനയില്ല'- വി വി രാജേഷ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |