SignIn
Kerala Kaumudi Online
Thursday, 08 January 2026 11.12 AM IST

പ്രത്യാശകളുമായി പുതുവത്‌സരം

Increase Font Size Decrease Font Size Print Page
sa

ലോകമെങ്ങും 'ഹാപ്പി ന്യൂ ഇയർ" എന്ന ആശംസ ഓരോരുത്തരുടെയും നാവിൽ നിന്ന് ആവർത്തിക്കുന്ന സുദിനമാണിന്ന്. പ്രത്യാശയുടെ ശുഭ്രവർണമുള്ള സൂര്യകിരണങ്ങളുടെ അകമ്പടിയോടെ ഒരു പുതുവർഷം കൂടി പിറന്നിരിക്കുന്നു. പഴയ സങ്കടങ്ങൾ മറക്കാനും പുതിയ സന്തോഷങ്ങൾ സ്വീകരിക്കാനും സമാധാനപരമായ ദിനരാത്രങ്ങളാൽ സമ്പന്നമാകട്ടെ 2026 എന്ന് പ്രതീക്ഷിക്കാം. ഇന്ത്യയെയും കേരളത്തെയും സംബന്ധിച്ച് സംഭ്രമജനകവും സന്തുഷ്ടിദായകവുമായ ഒട്ടേറെ സംഭവങ്ങളാൽ സമ്മിശ്രമായ ഒരു വർഷമാണ് കടന്നുപോയ 2025. സന്തോഷത്തോടെയും ആഘോഷത്തോടെയും ഒരുമിച്ചുനിന്ന് നാം പുതുവത്‌സരത്തെ വരവേൽക്കുമ്പോൾ 'വരും കൊല്ല,​ മാരെന്നും എന്തെന്നും ആർക്കറിയാം" എന്ന കവിവചനത്തിലെ വിസ്‌മയമാണ് ജീവിതത്തെ കൂടുതൽ അർത്ഥപൂർണവും പ്രതീക്ഷാനിർഭരവുമാക്കി മാറ്റുന്നത്.

വിരലിലെണ്ണാവുന്ന ദിനങ്ങൾ മാത്രമേ നീണ്ടുനിന്നുള്ളൂ എങ്കിലും അയൽരാജ്യമായ പാകിസ്ഥാനുമായി ഒരു യുദ്ധം നടത്തേണ്ടിവന്ന വർഷമാണ് കടന്നുപോയിരിക്കുന്നത്. 'ഓപ്പറേഷൻ സിന്ദൂർ" ഓരോ ഇന്ത്യാക്കാരന്റെയും അഭിമാനത്തിന്റെ പ്രതീകമായി മാറി എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 'മൻ കി ബാത്തി"ൽ എടുത്തുപറഞ്ഞത്. 'ഇന്നത്തെ ഭാരതം സുരക്ഷയിൽ വിട്ടുവീഴ്‌ച ചെയ്‌തില്ലെന്ന് ലോകം വ്യക്തമായി കണ്ടു. ഇന്ത്യയുടെ ശക്തി ലോകത്തിന് ബോദ്ധ്യപ്പെട്ടു. വന്ദേമാതരം 150 വർഷം പൂർത്തിയാക്കിയപ്പോഴും ഇതേ വികാരം പ്രകടമായിരുന്നു." പ്രധാനമന്ത്രിയുടെ ഈ വാക്കുകൾ വരാൻ പോകുന്ന നാളുകളിലും ഇന്ത്യ എല്ലാ രംഗത്തും പതിപ്പിക്കാൻ പോകുന്ന സുദൃഢമായ വ്യക്തിമുദ്ര‌യെക്കുറിച്ച് ബോദ്ധ്യം പകരുന്നതാണ്.

കഴിഞ്ഞ വർഷം ശാസ്‌ത്രത്തിലും ബഹിരാകാശരംഗത്തും ഇന്ത്യ ഗണ്യമായ പുരോഗതിയാണ് കൈവരിച്ചത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ ആദ്യ ഇന്ത്യക്കാരനായി ശുഭാംശു ശുക്ള മാറിയത് സ്വപ്നതുല്യമായ ശാസ്‌ത്രനേട്ടം തന്നെയാണ്. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി പ്രയാഗ്‌രാജിൽ നടന്ന മഹാകുംഭമേള രാജ്യത്തിന്റെയും ലോകത്തിന്റെയും നാനാഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിന് ജനങ്ങളെയാണ് മോക്ഷദായകമായ ഗംഗാസ്നാനത്തിന് എത്തിച്ചത്. ക്രൂരമായ മാസമാണ് ഏപ്രിൽ എന്ന മറ്റൊരു പ്രസിദ്ധമായ കവിവചനത്തെ അന്വർത്ഥമാക്കും വിധം,​ ജമ്മുകാശ്‌മീരിലെ പഹൽഗാമിൽ ഭീകരർ 26 ഇന്ത്യൻ ടൂറിസ്റ്റുകളെ അവരുടെ കുടുംബാംഗങ്ങളുടെ മുന്നിൽ വച്ച് നിഷ്കരുണം വധിച്ച സംഭവം നടന്നത് 2025 ഏപ്രിൽ 22നാണ്.

ഇതിന് തിരിച്ചടിയായാണ് മേയ് 6 മുതൽ 10 വരെ നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂർ എന്ന വ്യോമാക്രമണം നടന്നത്. യുദ്ധവിരാമത്തിനായി പാകിസ്ഥാന് ഇന്ത്യയോട് അപേക്ഷിക്കേണ്ടിവന്ന ഈ സംഭവം ഇന്ത്യയുടെ ശക്തി ലോക ജനതയ്ക്കു മുന്നിൽ വിളംബരം ചെയ്യുന്നതായി മാറി. ജൂൺ 12-ന് അഹമ്മദാബാദിലുണ്ടായ വിമാന ദുരന്തത്തിൽ 241 വിമാനയാത്രക്കാർക്കും 19 സിവിലിയന്മാർക്കും ജീവൻ നഷ്ടപ്പെട്ട സംഭവം ഇന്ത്യയെ ഞെട്ടിക്കുന്നതായിരുന്നു. സിനിമാ നടൻ വിജയ്‌യുടെ പാർട്ടിയുടെ പ്രചാരണ റാലിയിലുണ്ടായ തിക്കിലും തിരക്കിലും തമിഴ്‌നാട്ടിലെ കരൂരിൽ അമ്പതോളം പേർക്ക് ജീവഹാനി സംഭവിച്ചത് സെപ്തംബറിലെ ഏറ്റവും വലിയ നഷ്ടമായി മാറി. നവംബർ 10-ന് ന്യൂഡൽഹിയിലെ ചെങ്കോട്ടയ്ക്കു സമീപം സ്ഫോടകവസ്തുക്കൾ നിറച്ച കാർ പൊട്ടിത്തെറിച്ച്,​ ചാവേറായ ഭീകരൻ ഉൾപ്പെടെ 12 പേർ മരണമടഞ്ഞ സംഭവം രാജ്യസുരക്ഷയ്ക്കു നേരെ ഉയർന്ന വലിയ വെല്ലുവിളിയായി.

ബി.ജെ.പി എന്ന രാഷ്ട്രീയ കക്ഷിയുടെ ജനകീയ കോട്ട അപ്രരിരോദ്ധ്യമാണെന്ന് തെളിയിച്ചുകൊണ്ട് നവംബറിൽ ഡൽഹിയിലും ബീഹാറിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എൻ.ഡി.എയ്ക്ക് മിന്നുന്ന വിജയം കരസ്ഥമാക്കാനായി. പുതിയ ചരിത്രം കുറിച്ചാണ് ഐ.എസ്.ആർ.ഒ 2025 പൂർത്തിയാക്കിയത്. 6500 കിലോഗ്രാം ഭാരമുള്ള അമേരിക്കൻ ഉപഗ്രഹമായ ബ്ളൂബേർഡ് ബ്ളോക്ക് - 2 വിജയകരമായി വിക്ഷേപിച്ചതിലൂടെ ഐ.എസ്.ആർ.ഒയുടെ എൽ.വി.എം 03 റോക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധയാണ് ആകർഷിച്ചത്.

വാർത്തകൾക്കും വിവാദങ്ങൾക്കും ഒരു കുറവുമില്ലാത്ത വർഷത്തിലൂടെയാണ് കേരളവും കഴിഞ്ഞ കൊല്ലം കടന്നുപോയത്. ശബരിമല സ്വർണക്കൊള്ള, പി.എം ശ്രീ, അതിദാരിദ്ര്യ മുക്ത കേരളം, വരാത്ത മെസി, മാങ്കൂട്ടത്തിലിന്റെ ഹൂ കെയേഴ്‌സ്, നടി ആക്രമിക്കപ്പെട്ട കേസിലെ വിധി, അയ്യപ്പസംഗമം, പാരഡി ഗാനം തുടങ്ങി തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണകക്ഷിക്ക് ഉണ്ടായ തിരിച്ചടിയോടെയാണ് സംഭവബഹുലമായ 2025 അവസാനിച്ചത്. ഓണറേറിയം വർദ്ധിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളോടെ ആശാ വർക്കർമാർ മാസങ്ങളായി തുടർന്ന ദയനീയമായ സമരം വിജയകരമായിട്ടല്ലെങ്കിൽപ്പോലും സർക്കാരിന്റെ ഉറപ്പുകളുടെ അടിസ്ഥാനത്തിൽ അവസാനിച്ചത് ആശ്വാസകരമായിരുന്നു.

പി.വി. അൻവർ പൊട്ടിച്ച,​ ചീറ്റിപ്പോയ ഹൈഡ്രജൻ ബോംബുകൾക്കൊടുവിൽ വാശിയേറിയ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടന്നതും യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ജയിച്ചതും മുന്നണി രാഷ്ട്രീയത്തെ ചൂടുപിടിപ്പിച്ച ഇനമായിരുന്നു. ലൈംഗിക പീഡന ആരോപണത്തിന്റെ പേരിൽ യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷസ്ഥാനം നഷ്ടപ്പെടുകയും പിന്നീട് കേസ് വന്നപ്പോൾ കോൺഗ്രസിൽ നിന്നുതന്നെ പുറത്തായി ഒളിവിൽ കഴിയുകയും മുൻകൂർ ജാമ്യം തേടി പുറത്തുവരികയും ചെയ്ത രാഹുൽ മാങ്കൂട്ടമാണ് പോയവർഷം വലിയ വാർത്ത സൃഷ്ടിച്ച രാഷ്ട്രീയ നേതാവ്.

ശബരിമലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് സർക്കാർ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമത്തിനു പിന്നാലെ ഇടതു സർക്കാരിനെ കടുത്ത പ്രതിസന്ധിയിലാക്കിക്കൊണ്ട് ശബരിമല സ്വർണ മോഷണ വിവാദം കൊടുമ്പിരിക്കൊണ്ടു. സി.പി.എം നിയോഗിച്ച ഉറച്ച പാർട്ടിക്കാരായ രണ്ട് ദേവസ്വം ബോർഡ് പ്രസിഡന്റുമാർ ഇപ്പോഴും അകത്തു കിടക്കുകയാണ്. ഈ പശ്ചാത്തലത്തിൽ സംസ്ഥാനത്തു നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണമുന്നണിക്ക് തിരിച്ചടിയും അപ്രതീക്ഷിത നഷ്ടങ്ങളും ഉണ്ടായി. തിരുവനന്തപുരം കോർപ്പറേഷൻ ഇതാദ്യമായി ബി.ജെ.പി പിടിച്ചതാണ് ചരിത്ര സംഭവമായി വിശേഷിപ്പിക്കാവുന്നത്.

സംസ്ഥാനത്ത് ഭരണമാറ്റം വരുന്ന ഹാപ്പി ന്യൂ ഇയർ കൂടിയാണിത്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചുവടുപിടിച്ച് യു.ഡി.എഫ് വരുമോ,​ എൽ.‌ഡി.എഫ് തുടർഭരണം സാദ്ധ്യമാക്കുമോ തുടങ്ങിയ ചോദ്യങ്ങളും ചർച്ചകളുമാണ് എവിടെയും നടന്നുവരുന്നത്. കേരളത്തിന്റെ സമുദ്ര‌മേഖലയിൽ നടന്ന രണ്ട് വലിയ കപ്പലപകടങ്ങളും തുടർന്നുള്ള ഇന്ധന ചോർച്ചയും കണ്ടെയ്‌നറുകൾ തീരത്ത് അടിച്ചുകയറിയ സംഭവങ്ങളും വലിയ ആശങ്ക സൃഷ്ടിച്ചതായിരുന്നു. മുനമ്പം സമരവും കേരളമാകെ ചർച്ചചെയ്യപ്പെട്ടു. ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്ക് രാജ്യത്തെ ഏറ്റവും വലിയ ബഹുമതിയായ ഫാൽക്കെ പുരസ്‌കാരം അർഹിക്കുന്ന കരങ്ങളിൽ, മോഹൻലാലിൽ എത്തിച്ചേർന്ന വർഷം കൂടിയാണ് കടന്നുപോയത്.

കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ വിയോഗം,​ കമ്മ്യൂണിസ്റ്റ് തത്വങ്ങളിൽ അടിയുറച്ചുനിന്ന് കേരളമാകെ പടർന്നുപന്തലിച്ച സഖാവ് വി.എസ്. അച്യുതാനന്ദന്റെ വിടപറയലായിരുന്നു. സിനിമാരംഗത്തിനും സാമൂഹ്യ രംഗത്തിനും ഏറ്റവും വലിയ നഷ്ടം വരുത്തിക്കൊണ്ട് ശ്രീനിവാസനും ചിരികൾക്ക് വിടപറഞ്ഞ് മടങ്ങിപ്പോയി. ഭാവഗായകൻ പി. ജയചന്ദ്രന്റെ വിയോഗവും വലിയ നൊമ്പരമായി. കാത്തിരിപ്പും പ്രതീക്ഷയുമാണല്ലോ ഓരോ ജീവനെയും മുന്നോട്ടു നയിക്കുന്നത്. എല്ലാവർക്കും നല്ലതു വരാൻ 'കേരളകൗമുദി" ഹൃദയപൂർവം പുതുവത്‌സരാശംസകൾ നേരുന്നു.

TAGS: EDITORIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.