
ന്യൂഡൽഹി: വിമാനം പറത്തുന്നതിന് തൊട്ടുമുമ്പ് മദ്യപിച്ചെന്ന സംശയത്താൽ എയർ ഇന്ത്യയുടെ പൈലറ്റിനെ തടഞ്ഞുവച്ചു. കഴിഞ്ഞ ഡിസംബർ 23ന് ഡൽഹിയിലേക്കുള്ള എഐ186 വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് പിടിയിലായത്. ഇതേത്തുടർന്ന് വിമാനം പുറപ്പെടാൻ വൈകി.
ക്രിസ്മസിന് മുന്നോടിയായുള്ള തിരക്കിനിടെ കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ഡ്യൂട്ടി ഫ്രീ ഷോപ്പിൽ നിന്ന് പൈലറ്റ് മദ്യം വാങ്ങി കഴിച്ചതിനെ തുടർന്ന് അവിടുത്തെ ജീവനക്കാരൻ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ ബ്രീത്ത് അനലൈസർ പരിശോധനയിലും പൈലറ്റ് മദ്യപിച്ചിരുന്നതായി കണ്ടെത്തി. ഇതോടെ അധികൃതർ തടഞ്ഞുവയ്ക്കുകയിരുന്നു.
ഡ്യൂട്ടിയിൽ ആയിരിക്കുമ്പോൾ പൈലറ്റിന്റെ ശാരീരിക ക്ഷമത സംബന്ധിച്ച ആശങ്കകളെത്തുടർന്നാണ് നടപടിയെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. സുരക്ഷ മുൻനിർത്തി ഉടൻ തന്നെ പകരം മറ്റൊരു പൈലറ്റിനെ നിയോഗിച്ചാണ് വിമാനം ഡൽഹിയിലേക്ക് തിരിച്ചത്.
പൈലറ്റിനെ ജോലിയിൽ നിന്ന് താൽക്കാലികമായി മാറ്റി നിർത്തി. അന്വേഷണത്തിന് പിന്നാലെ കുറ്റം തെളിഞ്ഞാൽ കർശനമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും എയർഇന്ത്യ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ലെന്ന് എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |