തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം. ബഷീർ കാറിടിച്ച് മരിച്ച കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെ കൈയിലുണ്ടായ പൊള്ളൽ തെളിവായി മാറുമെന്ന് ക്രൈംബ്രാഞ്ച്. സ്റ്റിയറിംഗ് വീലിൽ പിടിച്ചിരിക്കവേ കാറിലെ എയർബാഗ് വേഗത്തിൽ തുറന്നാൽ കൈയിൽ പൊള്ളലേൽക്കാമെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. കാറോടിച്ചത് സുഹൃത്ത് വഫാ ഫിറോസ് ആണെന്നും താൻ മദ്യപിച്ചിരുന്നില്ലെന്നും ശ്രീറാം കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് വിശദീകരണം നൽകിയിരുന്നു. ശ്രീറാം പറയുന്നതു പച്ചക്കള്ളമാണെന്ന് ആരോപിച്ച് വഫയും രംഗത്തെത്തി. എയർബാഗ് തുറന്ന് അതിനുള്ളിലെ പൗഡർ ശരീരവുമായി ഉരയുമ്പോൾ പൊള്ളലോ ചെറിയ പോറലുകളോ ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്നാണു കാർ നിർമ്മാതാക്കൾ പൊലീസിനെ അറിയിച്ചത്. എയർബാഗ് തുറന്നപ്പോഴാണു ശ്രീറാമിന്റെ കൈയിൽ പൊള്ളൽ ഉണ്ടായതെന്നു ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞാൽ കേസിൽ നിർണായകമാകും. അപകട സമയത്തു ശ്രീറാമാണു വാഹനമോടിച്ചതെന്ന് ഇതിലൂടെ തെളിയിക്കാനാകുമെന്നാണ് അന്വേഷണസംഘം പറയുന്നത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന വഫയ്ക്കു പരിക്കേറ്റില്ലെന്നതും നിർണായകമാവും. അപകട സമയത്ത് കാറിന്റെ വേഗത മനസിലാക്കാനായിട്ടില്ല. ശ്രീറാം സഞ്ചരിച്ച കാറിൽ ഇവന്റ് ഡാറ്റാ റെക്കാഡർ ഇല്ലാത്തതിനാൽ വേഗത മനസിലാക്കാനുള്ള സാദ്ധ്യതകൾ കുറവാണെന്നു കാർ കമ്പനി ക്രൈംബ്രാഞ്ചിനെ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |