
വാഷിംഗ്ടൺ: 2026ന് വർണ ഗംഭീരമായ വരവേൽപ്പ് നൽകി ലോക രാജ്യങ്ങൾ. സ്കൈ ടവർ (ന്യൂസിലൻഡ്), സിഡ്നി ഹാർബർ ബ്രിഡ്‌ജ് (ഓസ്ട്രേലിയ), ബുർജ് ഖലീഫ (യു.എ.ഇ), ടൈം സ്‌ക്വയർ (യു.എസ്), ലണ്ടൻ ഐ (യു.കെ), കൊളോസിയം (ഇറ്റലി) തുടങ്ങി ചരിത്രപ്രസിദ്ധമായ ഇടങ്ങളിലെല്ലാം ആയിരങ്ങളെ സാക്ഷിയാക്കി കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകളും മനോഹരമായ ഡ്രോൺ ഷോകളും അരങ്ങേറി.
കഴിഞ്ഞ മാസം 15 പേരുടെ ജീവനെടുത്ത ബോണ്ടി ബീച്ച് കൂട്ടവെടിവയ്‌പിന്റെ പശ്ചാത്തലത്തിൽ ഒരു നിമിഷം മൗനം ആചരിച്ചുകൊണ്ടാണ് സിഡ്നിയിലെ ജനങ്ങൾ പുതുവർഷത്തെ വരവേറ്റത്. ക്ഷേത്രങ്ങളിലെ മണികൾ മുഴക്കിയും സൂര്യോദയം കാണാൻ മലനിരകളിൽ കയറിയും ജാപ്പനീസ് ജനത 2026നെ സ്വാഗതം ചെയ്തു.
ദക്ഷിണ കൊറിയയിലെ ബൂസാൻ പോലുള്ള നഗരങ്ങളിൽ ആകാശത്ത് അത്യാധുനിക ഡ്രോണുകൾ വിസ്മയം തീർത്തു. ഗ്രീസ്, സൈപ്രസ് പോലുള്ള രാജ്യങ്ങളിൽ വളർത്തുമൃഗങ്ങൾക്ക് അനുയോജ്യമായ ശബ്ദം കുറഞ്ഞ കരിമരുന്ന് പ്രയോഗത്തിനാണ് മുൻഗണന നൽകിയത്.
പ്രളയ പശ്ചാത്തലത്തിൽ ഇൻഡോനേഷ്യയിലും നവംബറിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ഹോങ്കോങ്ങിലും ആഘോഷങ്ങൾ പരിമിതപ്പെടുത്തി. ടൈം സ്‌ക്വയറിലെ പ്രശസ്‌തമായ ബോൾ ഡ്രോപ്പ് കാണാൻ 10 ലക്ഷം പേർ ന്യൂയോർക്ക് സിറ്റിയിൽ എത്തിയെന്നാണ് കണക്ക്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തുടങ്ങി വിവിധ രാഷ്ട്രത്തലവൻമാർ സമാധാനത്തിന്റെയും പ്രതീക്ഷകളുടെയും ഐശ്വര്യത്തിന്റെയും പുതുവർഷ സന്ദേശങ്ങളും പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |