
പാകിസ്ഥാൻ മോശം അയൽക്കാർ
അയൽപക്ക ബന്ധം പ്രായോഗികതയിലും സാമാന്യബുദ്ധിയിലും ഊന്നിയുള്ളത്
ന്യൂഡൽഹി: പാകിസ്ഥാനെ ലക്ഷ്യം വച്ച് ഭീകരത ഊട്ടിവളർത്തുന്ന മോശം അയൽക്കാരൻ ഇന്ത്യയ്‌ക്കുണ്ടെന്ന് വിദേശകാര്യമന്ത്രി ഡോ.എസ്. ജയശങ്കർ. അയൽപക്കത്തെ രാജ്യം ഭീകരതയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചാൽ അതിൽനിന്നു സ്വന്തം ജനതയെ സംരക്ഷിക്കാൻ രാജ്യത്തിന് അവകാശമുണ്ട്. ആ അവകാശം വിനിയോഗിക്കുമെന്നും ജയശങ്കർ പറഞ്ഞു. ഇന്നലെ മദ്രാസ് ഐ.ഐ.ടിയിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്ന സാഹചര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് അയൽപക്ക ബന്ധത്തിലെ ഇന്ത്യൻ നയം വ്യക്തമാക്കിയത്. സിന്ധു നദീജല കരാർ സംബന്ധിച്ചും അഭിപ്രായം രേഖപ്പെടുത്തി. മികച്ച അയൽപക്ക ബന്ധമല്ലെങ്കിൽ അത്തരം പ്രയോജനങ്ങളും ലഭ്യമാകില്ല. വെള്ളം കിട്ടണം, പക്ഷെ ഭീകരത തുടരുമെന്ന നിലപാട് അംഗീകരിക്കാനാകില്ല. ഇന്ത്യ എന്തു ചെയ്യണം, എന്തു ചെയ്യരുത് എന്നു നിർദ്ദേശിക്കാൻ ആർക്കും കഴിയില്ലെന്ന് ട്രംപ് ഭരണകൂടത്തെ ലക്ഷ്യമിട്ടും പറഞ്ഞു. അയൽ രാജ്യങ്ങളുമായുള്ള ബന്ധം പ്രായോഗികതയിലും സാമാന്യബുദ്ധിയിലും ഊന്നിയാണ്. ഇന്ത്യയോട് നല്ല സമീപനമുള്ളവരോട് തിരിച്ചും അങ്ങനെ തന്നെയായിരിക്കും. ആ രാജ്യത്തിന് ബുദ്ധിമുട്ടുണ്ടാകുമ്പോൾ സഹായിക്കും. നിക്ഷേപങ്ങൾ നടത്തും. അവർക്ക് പ്രശ്‌നങ്ങളില്ലെങ്കിൽ സൗഹൃദം വർദ്ധിപ്പിക്കാൻ 'ഹലോ" എന്നെങ്കിലും പറയാനാകും. കൊവിഡ് കാലത്ത് വാക്‌സിനുകൾ കയറ്റി അയച്ചിട്ടുണ്ട്. ശ്രീലങ്കയെ അവരുടെ സാമ്പത്തിക പ്രതിസന്ധി സമയത്ത് സഹായിച്ചു.
അരുണാചൽ ഇന്ത്യയുടേത്
അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നും എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ജയശങ്കർ. ചൈനയിലെ ഷാങ്ഹായ് വിമാനത്താവളത്തിൽ, അരുണാചൽ സ്വദേശിയായ പ്രേമ വാഗ്ജോം തോങ്ഡുകിനെ ഇന്ത്യക്കാരിയെന്ന നിലയിൽ അംഗീകരിക്കാൻ അധികൃതർ തയ്യാറായിരുന്നില്ല. ചൈനയുടെ ഇത്തരം തന്ത്രങ്ങളൊന്നും വിലപോകില്ല.
'ചൈനീസ് സൈന്യം വരുന്നു"
പാകിസ്ഥാനിലെ ബലൂചിസ്ഥാൻ മേഖലയിൽ ചൈനീസ് സൈന്യത്തെ വിന്യസിക്കാൻ സാദ്ധ്യതയുണ്ടെന്ന് ആശങ്കപ്പെട്ട് ജയശങ്കറിന് ബലൂച് നേതാവിന്റെ കത്ത്. അവിടുത്തെ മനുഷ്യാവകാശ ആക്‌ടിവിസ്റ്റ് കൂടിയായ മിർ യാർ ബലോചാണ് ആശങ്കയുന്നയിച്ചത്. പാകിസ്ഥാന്റെ നിയന്ത്രണത്തിൽ പതിറ്റാണ്ടുകളായി അടിച്ചമർത്തൽ നേരിടുകയാണ് ബലൂചിസ്ഥാൻ. സ്റ്റേറ്റ് സ്‌പോൺസേഡ് അക്രമങ്ങളും, മനുഷ്യാവകാശ ധ്വംസനങ്ങളും തുടർക്കഥയാണെന്നും തുറന്ന കത്തിൽ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |