
തിരുച്ചിറപ്പള്ളി: എം.ഡി.എം.കെ നേതാവ് വൈകോയുടെ സമത്വ മാർച്ച് തമിഴ്നാട്ടിലെ കോൺഗ്രസ് നേതൃത്വം ബഹിഷ്കരിച്ചു. ഡി.എം.കെ നേതൃത്വം നൽകുന്ന സംസ്ഥാനത്തെ 'ഇന്ത്യ'മുന്നിയുടെ ഈ വർഷത്തെ ആദ്യ രാഷ്ട്രീയപരിപാടിയിൽ നിന്നും കോൺഗ്രസ് വിട്ടു നിന്നത് തമിഴ്നാട്ടിലാകെ ചർച്ചയായിട്ടുണ്ട്.
മാർച്ചിന് തുടക്കകുറിച്ചുകൊണ്ട് നടന്ന സമ്മേളനം മുഖ്യമന്ത്രിയും ഡി.എം.കെ പ്രസിഡന്റുമായ എം.കെ.സ്റ്റാലിലാണ് ഉദ്ഘാടനം ചെയ്തത്.
കൊല്ലപ്പെട്ട എൽ.ടി.ടി.ഇ നേതാവ് വി.പ്രഭാകരന്റെ ഫോട്ടോ പരിപാടിയിൽ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്നാട് .പി.സി.സി പ്രസിഡന്റ് കെ.സെൽവപെരുന്തഗൈ മാർച്ചിന്റെ ഉദ്ഘാടന പരിപാടിയിൽ നിന്നും പാർട്ടി പിന്മാറിയെന്ന് പിന്നീട് വ്യക്തമാക്കി. തൃച്ചി ജില്ലാ പ്രസിഡന്റ്
റെക്സ് പാർട്ടി ബഹിഷ്കരിച്ചതാണെന്ന് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
ഡി.എം.കെയുടെ മറ്റ് സഖ്യകക്ഷിയിൽ പെട്ട വി.സി.കെ നേതാവ് തോൽ തിരുമാവളവൻ, ഐ.യു.എം.എൽ നേതാവ് ഖാദർ മൊയ്തീൻ എന്നിവർ പങ്കെടുത്തു.
കോൺഗ്രസ് നേതൃത്വം ടി.വി.കെയുമായി അടുക്കുന്നുവെന്ന പ്രചാരണം ശക്തമായി നിലനിൽക്കുന്ന വേളയിലാണ് കോൺഗ്രസ് പരിപാടിയിൽ നിന്നും വിട്ടുനിന്നത്. വരുംനാളുകളിൽ ഇത് പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴി വെയ്ക്കും.
നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള വൈകോയുടെ രാഷ്ട്രീയ പ്രചാരണത്തെ അടയാളപ്പെടുത്തുന്ന പരിപാടിയാണ് പത്ത് ദിവസത്തെ 'സമത്വ നടൈ പയനം', സാമുദായിക സൗഹൃദം പ്രോത്സാഹിപ്പിക്കുന്നതിനും മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ജനുവരി 12 ന് മധുരയിൽ ഏകദേശം 175 കിലോമീറ്റർ സഞ്ചരിച്ച് സമാപിക്കും.
കുട്ടികൾ വഴിതെറ്റിപോകരുത്: സ്റ്റാലിൻ
മയക്കുമരുന്ന് കടത്ത് ശൃംഖല വ്യാപകമാണെന്നും യുവാക്കളെ മയക്കുമരുന്ന് ഭീഷണി ബാധിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു
മയക്കുമരുന്നിന്റെ സ്വാധീനത്തിൽ നിന്ന് യുവാക്കളെ മോചിപ്പിക്കുന്നതിനുള്ള സർക്കാർ ശ്രമങ്ങൾക്ക് മാതാപിതാക്കളും അദ്ധ്യാപകരും പിന്തുണ നൽകണം.കുട്ടികൾ വഴിതെറ്റിപ്പോകുന്നില്ലെന്ന് ഉറപ്പാക്കാൻ മാതാപിതാക്കളോടും അദ്ധ്യാപകരോടും അഭ്യർത്ഥിക്കുന്നവെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈക്കോയ്ക്ക് 82 വയസ്സുണ്ടെങ്കിലും, അദ്ദേഹത്തിന്റെ ദൃഢനിശ്ചയവും ഉത്സാഹവും 28 വയസ്സുള്ള ഒരാളുടേതു പോലെയാണെന്ന് സ്റ്റാലിൻ പറഞ്ഞു.മന്ത്രിമാരായ കെ.എൻ. നെഹ്റു, അൻപിൽ മഹേഷ് തുടങ്ങിയവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |