
ഇറാനിൽ സംഭവിക്കുന്നതെന്താണ്. നേപ്പാളിലും ബംഗ്ലാദേശിലുമൊക്കെ കണ്ട പോലെ ഭരണകൂടമാറ്റം ഉണ്ടാകുമോ? ആദ്യം തന്നെ പറയട്ടെ, ഇറാനിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യത്യസ്തമാണ്. സായുധസേനയിലെ പ്രമുഖരായ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ പിന്തുണയുള്ള കാലം ഭരണകൂടത്തിന്റെ പതനം വിദൂരമാണ്. റഷ്യയുടെയും ചൈനയുടെയും ശക്തമായ പിന്തുണയുമുണ്ട്. പക്ഷേ, കാര്യമെന്തൊക്കെയായാലും യു.എസും ഇസ്രയേലും അവസരം മുതലെടുക്കാൻ ശ്രമിച്ചാൽ കാര്യങ്ങൾ കുഴഞ്ഞുമറിയും. ശ്രമം തുടങ്ങിയിട്ടുമുണ്ട്.
ജെൻ സി മാത്രമല്ല
ഇറാനിലെ പ്രക്ഷോഭത്തിന്റെ ബുദ്ധികേന്ദ്രം ജെൻ സി അല്ല. ടെഹ്റാനിലെ വ്യാപാരികളാണ് പ്രതിഷേധങ്ങൾക്ക് തുടക്കമിട്ടത്. റിയാലിന്റെ മൂല്യം കൂപ്പുകുത്തിയതും രൂക്ഷമായ വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധികളുമാണ് കാരണം. യൂണിവേഴ്സിറ്റി സ്റ്റുഡന്റ് യൂണിയനുകൾ ഏറ്റെടുത്തതോടെ ജെൻ സി, ഭരണകൂട വിരുദ്ധ സ്വഭാവം കൈവന്നു. 1989 മുതൽ തുടരുന്ന പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയെ (86) പുറത്താക്കൂ, മരണം വിധിക്കൂ (ഡെത്ത് ടു ഖമനേയി ) തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയരുന്നുണ്ട്. ഭരണകൂടത്തെ ഭയന്ന് യു.എസിൽ തുടരുന്ന കിരീടാവകാശി റെസ പഹ്‌ലവിയെ രാജ്യത്ത് തിരിച്ചെത്തിച്ച് ഇടക്കാല സർക്കാർ രൂപീകരിക്കണമെന്നും ആവശ്യമുണ്ട്. അവസാന ഷാ ആയ മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ. പെൻഷൻകാരും തൊഴിലാളികളുമെല്ലാം പ്രക്ഷോഭത്തിന്റെ ഭാഗമാണ്.
ഉരുക്കുമുഷ്ടി
ഹിജാബ് ധരിക്കാത്തതിന്റെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ട മഹ്സ അമിനിയെന്ന 22കാരി പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ടത് 2022ൽ വൻ പ്രക്ഷോഭത്തിന് ഇടയാക്കി. നഗരങ്ങൾ ആളിക്കത്തി. 500ലേറെ പേർ കൊല്ലപ്പെട്ടു. പക്ഷേ ഭരണകൂടത്തിന്റെ ഉരുക്കുമുഷ്ടിക്ക് മുന്നിൽ പ്രക്ഷോഭം പരാജയപ്പെട്ടു. സ്ത്രീകൾക്ക് ഹിജാബ് അടക്കം നിർബന്ധിത നിയമങ്ങൾ തുടരുന്നു. ഇത്തവണ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ കർക്കശക്കാരനായ റെവല്യൂഷണറി ഗാർഡ് ഉപമേധാവി അഹമ്മദ് വഹീദിയെ ഖമനേയി ചുമതലപ്പെടുത്തിയിട്ടുണ്ട്.
12 ദിവസത്തിന്റെ വില
കഴിഞ്ഞ ജൂൺ 13 മുതൽ 12 ദിവസം ഇസ്രയേലുമായി നിലനിന്ന ഏറ്റുമുട്ടലിന്റെ പ്രതിഫലനമാണ് ഇപ്പോൾ കാണുന്നത്. ഇറാന്റെ സൈനിക മേധാവിമാരും ആണവ ശാസ്ത്രജ്ഞരും അടക്കം ആയിരത്തിലേറെ പേർ ഇസ്രയേൽ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെട്ടു. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസും ബോംബിട്ടു. തൊട്ടുപിന്നാലെ ഇടിത്തീ പോലെ ഉപരോധങ്ങളുടെ നിരയും. കോടിക്കണക്കിന് ഡോളർ നഷ്ടമുണ്ടായതോടെ പ്രതിരോധ മേഖലയുടെ പുനർനിർമ്മാണത്തിനും ഇസ്രയേലിന്റെ അടിയേറ്റ് വീണ ഹിസ്ബുള്ള, ഹൂതി ഗ്രൂപ്പുകളെ നിലനിറുത്തുന്നതിനും ഇറാൻ വൻതോതിൽ സാമ്പത്തിക സ്രോതസുകളെ വഴിതിരിച്ചുവിട്ടു. ദേശീയ ഖജനാവിലുണ്ടായ ചോർച്ച സാധാരണക്കാർക്ക് ഇരുട്ടടിയായി.
അസ്വസ്ഥരാണ്
2022 മുതൽ ഇറാൻ ജനതയുടെ സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. താഴ്ന്ന ശമ്പളം, വിലക്കയറ്റം, ഊർജ്ജ ക്ഷാമം, മനുഷ്യാവകാശ ലംഘനങ്ങൾ, അഴിമതി തുടങ്ങിയവ സാധാരണക്കാരെ അക്ഷമരാക്കി. പ്രക്ഷോഭങ്ങളെ അടിച്ചമർത്തുന്നത് ഇറാന് പുതിയ കാര്യമല്ല. മുറിവേറ്റെങ്കിലും ഭരണകൂടം തളർന്നിട്ടില്ല. പക്ഷേ എത്രനാൾ അടിച്ചമർത്തൽ തുടരും ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |