
മായങ്ങളുടെയും മറിമായങ്ങളുടെയും കാലത്ത് എന്തു സംരംഭം തുടങ്ങണമെന്ന കലർപ്പില്ലാത്ത ചിന്തയിൽ നിന്നുള്ള നീരുറവ ജനുവരി രണ്ടാംവാരം മുതൽ നാടിനു സ്വന്തം. പുതുമകൾ നിറഞ്ഞ കുപ്പിയിൽ എത്തുന്നത് രാജ്യാന്തര നിലവാരമുള്ള കുടിവെള്ളം. ഒരു അമേരിക്കൻ മലയാളിയുടെ സംശുദ്ധ സ്വപ്നമാണ് ക്രസ്റ്റ് എന്ന ബ്രാൻഡിൽ സഫലമാകുന്നത്. ചുറ്റും വെള്ളമുള്ള നാട്ടിൽ പുതിയൊരു കുടിവെള്ളമോ എന്ന ചോദ്യത്തിന്, 'തുള്ളിത്തുളുമ്പാത്ത" ഒട്ടേറെ ഉത്തരങ്ങളുണ്ട് ഈ കുപ്പിയിൽ. കപ്പിനോട് സാദൃശ്യമുള്ള കുപ്പിയിൽ നല്ലൊരു കപ്പുമുണ്ട്!. അതായത്, രണ്ട് അടപ്പുകളിലൊന്ന് കപ്പായി ഉപയോഗിക്കാം. അതുകൊണ്ടുതന്നെ വെള്ളം തുളമ്പി വീഴില്ല. ഞെക്കിയാലോ താഴെ വീണാലോ കുപ്പി ചുളിയുകയോ പൊട്ടുകയോ ഇല്ല. പരിസ്ഥിതി സൗഹൃദ മാനദണ്ഡങ്ങൾ പാലിച്ച ഇവ പുനരുപയോഗിക്കാം. ജർമൻ-യു.എസ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വെള്ളം ശുദ്ധീകരിക്കുന്നത്. 100 ശതമാനം പ്രീമിയം ബ്രാൻഡ്.
അമേരിക്കയിൽ സോഫ്റ്റ് വെയർ ബിസിനസ് രംഗത്തുള്ള തൃപ്പൂണിത്തുറ സ്വദേശി കെ.എൻ. പ്രജീവിന്റെ ഭാര്യ ആര്യ ജയകുമാറാണ് ക്രസ്റ്റിന്റെ അമരക്കാരി. നാട്ടിൽ കുറച്ചുപേർക്കു തൊഴിൽ കിട്ടുന്ന സംരംഭം തുടങ്ങണമെന്ന ആശയമാണ് കുടിവെള്ളത്തിൽ എത്തിയത്. ബാർ, ഹോട്ടൽ, സിനിമ തുടങ്ങിയ ആശയങ്ങളുമായി പലരും വന്നെങ്കിലും താത്പര്യം കാട്ടിയില്ല. 'വെള്ളത്തിൽ" ഉറച്ച തീരുമാനം പ്രലോഭനങ്ങളിൽ ഒഴുകിയില്ല. പിറവത്തിനടുത്ത് മുളക്കുളത്ത് 55 സെന്റ് സ്ഥലത്താണ് പ്ലാന്റ്. രാജ്യാന്തര മാനദണ്ഡങ്ങളെല്ലാം പാലിച്ചപ്പോൾ പ്രാരംഭ ചെലവ് അഞ്ചുകോടിയായി. 25 പേർക്ക് എങ്കിലും തൊഴിൽ ലഭിക്കും. ഘട്ടംഘട്ടമായി വികസിപ്പിച്ച് കൂടുതൽ തൊഴിലവസരങ്ങളൊരുക്കും.
വെള്ളത്തിൽ നിന്ന് രോഗങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ശുദ്ധമായ കുടിവെള്ളം വലിയ വെല്ലുവിളിയാണെന്ന തിരിച്ചറിവാണ് ഈ സംരംഭം തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണമെന്ന് ആര്യ പറയുന്നു. ഭൂമിയുടെ പുറംപാളി എന്നർത്ഥമുള്ള ക്രസ്റ്റ് എന്ന പേര് തിരഞ്ഞെടുത്തതും ആര്യയാണ്. ഭാവിയിലെ യുദ്ധം കുടിവെള്ളത്തിനുവേണ്ടിയാകുമെന്ന നിരീക്ഷണങ്ങളെ ശരിവയ്ക്കുന്നതാണ് വിവിധ രാജ്യങ്ങളിലെ സ്ഥിതിഗതികൾ. സ്ഥാപനം തുടങ്ങുന്നതിനു മുന്നോടിയായി വിവിധ ജില്ലകളിലും അയൽ സംസ്ഥാനങ്ങളിലും സന്ദർശിച്ചു. പല പ്ലാന്റുകളിലെയും കുടിവെള്ള സ്രോതസുകളിലെയും സാഹചര്യങ്ങൾ ദയനീയമായിരുന്നു. നഷ്ടംമൂലം നിറുത്തിയ ചില കമ്പനികളുടെ പ്ലാന്റ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ചെന്നപ്പോൾ മെഷീനറികളും മറ്റു സംവിധാനങ്ങളും കണ്ട് ഞെട്ടിപ്പോയി.
ഇതിനെല്ലാമുള്ള ഉത്തരമാണ് മുളക്കുളത്തെ സ്വന്തം പ്ലാന്റ്. പ്രകൃതിയുടെ ഹൃദയത്തിൽനിന്ന് നിങ്ങളുടെ കൈകളിലേക്ക് എന്ന പ്രമേയത്തിൽ എല്ലാമുണ്ട്. അരലിറ്റർ, ഒരു ലിറ്റർ കുപ്പികളിൽ ലഭ്യമാക്കും.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിക്കുന്ന സംശുദ്ധ കുടിവെള്ളം
പ്രീമിയം നിലവാരത്തിൽ അമിതവില ഈടാക്കാത്ത ഉത്പന്നം
പരിസ്ഥിതി സൗഹൃദ പദ്ധതി ഗ്രാമീണമേഖലകളിലടക്കം വിതരണ ശൃംഖല
ലോകത്ത് പല മേഖലകളും രൂക്ഷമായ കുടിവെള്ള പ്രതിസന്ധി നേരിടുന്നതായാണ് റിപ്പോർട്ട്. ഭൂഗർഭ ജലനിരപ്പ് അപകടകരമാംവിധം താഴുന്നു. കുറഞ്ഞ മഴ, കാലം തെറ്റിയുള്ള മഴ എന്നിവ കടുത്ത വെല്ലുവിളികളാണ്. വികസിത രാജ്യങ്ങൾ ക്ലൗഡ് സീഡിംഗിലൂടെ കൃത്രിമമഴ പെയ്യിക്കുന്നുണ്ടെങ്കിലും പരിമിതികളേറെയാണ്. കടൽവെള്ളം ശുദ്ധീകരിച്ച് ഉപയോഗിക്കുന്നതിനും ചെലവ് കൂടുതലാണ്. പിന്നാക്ക രാജ്യങ്ങളാണ് കൂടുതൽ പ്രതിസന്ധി നേരിടുന്നത്. ആഭ്യന്തര സംഘർഷങ്ങളും യുദ്ധവുമാണ് മറ്റുവെല്ലുവിളികൾ. ബോംബിംഗിലും മറ്റും കുടിവെള്ള സ്രോതസുകൾ നശിക്കുകയോ മലിനമാകുകയോ ചെയ്യുന്നു. യെമൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിന്റെ ഇരകളാണ്. കുടിവെള്ളത്തിനായി യുദ്ധമുണ്ടാകാനുള്ള സാഹചര്യം ഭാവിയിൽ ഉണ്ടായേക്കുമെന്ന് രാജ്യാന്തര വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നത് ഇതുകൊണ്ടാണ്. ഗൾഫ് മേഖലകളിൽ അനധികൃത കുഴൽക്കിണറുകൾ സ്ഥാപിച്ച് വെള്ളം വിൽക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിച്ചുവരികയാണ്. നിലവിലുള്ളതോ പുതിയതോ ആയ കുഴൽക്കിണറുകളിൽ നിന്നെടുക്കുന്ന വെള്ളത്തിന്റെ കൃത്യമായ കണക്കു ബോധിപ്പിക്കുന്നതിനൊപ്പം ഉപയോഗിക്കാനും പ്രത്യേക അനുമതിപത്രം വേണം.
ഇന്ത്യയിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ പലയിടങ്ങളിലും കുടിവെള്ളക്ഷാമമുണ്ട്. ചുറ്റും വെള്ളമുണ്ടെങ്കിലും കുടിക്കാനില്ലാത്ത അവസ്ഥയാണ് മറ്റൊന്ന്. മലയാളികൾ കുപ്പിവെള്ള സംസ്കാരത്തിലേക്കു മാറിക്കഴിഞ്ഞു. ധാരാളം കമ്പനികൾ ഈ രംഗത്തുണ്ടെങ്കിലും അടിസ്ഥാന ശുചിത്വമാനദണ്ഡങ്ങൾ പോലും പാലിക്കാത്തവയുണ്ട്.
19 വർഷമായി അമേരിക്കയിലുള്ള കെ.എൻ. പ്രജീവ് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനങ്ങളിലടക്കം പ്രവർത്തിട്ടുണ്ട്. അമേരിക്കൻ ഡേനൈറ്റ് എന്ന പ്രശസ്ത ഇ-കൊമേഴ്സ് സ്ഥാപനത്തിലായിരുന്നു തുടക്കം. സ്വന്തം ആശയങ്ങളും ബുദ്ധിയും കൂടുതൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണമെന്നു തോന്നിയപ്പോൾ സോഫ്റ്റ് വെയർ ബിസിനസിലേക്കു കൂടി കടന്നു. സോഫ്റ്റ് വെയർ രംഗത്ത് പ്രമുഖ കമ്പനികൾക്ക് മാർഗനിർദ്ദേശവും ആശയങ്ങളും നൽകുന്നു. ഇപ്പോൾ അമേരിക്കൻ ബെസ്റ്റ് ഫുഡ് കമ്പനി എന്ന സംരംഭവും തുടങ്ങി. രുചിയും വിശ്വാസ്യതയും വൈവിദ്ധ്യങ്ങളും മുൻനിറുത്തിയുള്ള ഓൺലൈൻ ഭക്ഷണവിതരണമാണ് ഉദ്ദേശിക്കുന്നത്. മക്ഡൊണാൾഡ്സ്, കെ.എഫ്.സി, ചിക് കിംഗ്, സബ് വേ തുടങ്ങിയ പ്രമുഖ ശൃംഖലകൾ പോലൊരു സംരംഭമാണ് മനസിൽ. ഇന്ത്യയടക്കം വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ താമസിക്കുന്ന കോളനിയായ അമേരിക്കയിൽ വൈവിദ്ധ്യമാർന്ന രുചിക്കൂട്ടുകൾ അവതരിപ്പിക്കും. ഏതു രുചിയായാലും അവിടെ സ്വീകാര്യത ലഭിക്കും. നിലവാരമുള്ള ചേരുവകളും, ശുചിത്വവും മറ്റ് ആരോഗ്യമാനദണ്ഡങ്ങളുമാണ് പ്രധാനം.
ഇതിനെല്ലാം പുറമേ സിനിമാരംഗത്തും സജീവമാണ്. നിർമാതാവായി മികച്ച കഥകൾ സിനിമയാക്കാൻ ആലോചിക്കുന്നു.
ഇന്ത്യയിലും സിംഗപ്പൂരിലും അമേരിക്കയിലും പഠനം പൂർത്തിയാക്കിയ പ്രജീവ് അമേരിക്കയിലെ ഹൂസ്റ്റണിൽ സ്ഥിരമാക്കുകയായിരുന്നു. അമ്പലമുകൾ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. സാമ്പത്തിക വിജയത്തിൽ മാത്രം ഒതുങ്ങാതെ, സമൂഹത്തിൽ നല്ല മാറ്റങ്ങളുണ്ടാക്കാൻ കഴിയുന്ന സ്ഥാപനമാണ് പ്രജീവ് വിഭാവനം ചെയ്യുന്നത്.
ബി.എസ്സി നഴ്സിംഗ് ബിരുദധാരിയായ ഭാര്യ ആര്യ യു.കെയിൽജോലിചെയ്തിട്ടുണ്ട്. വിവാഹശേഷം അമേരിക്കയിലേക്കു പോയി. അവിടെ യോഗ്യതാപരീക്ഷകൾ പാസായെങ്കിലും സ്വന്തമായി സംരംഭം തുടങ്ങാനായിരുന്നു താത്പര്യം. അതു നാട്ടിലാകണമെന്നു നിർബന്ധമുണ്ടായിരുന്നു. കുറച്ചുപേർക്കു ന്യായമായ വേതനം കിട്ടുന്ന തൊഴിൽ നൽകുകയെന്ന സ്വപ്നത്തിന്റെ സാക്ഷാത്കാരമാണ് ഈ സംരംഭം. നിലവാരമുള്ള ഏത് ഉത്പന്നത്തിനും എവിടെയും സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പുണ്ട്. മറ്റു സംസ്ഥാനങ്ങളിലോ അമേരിക്കയിലോ തുടങ്ങാൻ ഒരുപാട് പേർ ഉപദേശിച്ചെങ്കിലും തീരുമാനം മാറ്റിയില്ല. ലാഭം കുറഞ്ഞാലും, നടപടിക്രമങ്ങൾ വൈകിയാലും നാടിന് ഗുണമുണ്ടാകട്ടേ എന്ന ചിന്ത ധൈര്യം പകരുന്നു.
പ്രയാൺ പ്രജീവ്, റോയൽ പ്രജീവ് എന്നിവരാണ് മക്കൾ.
നേട്ടങ്ങളിലേക്കു നടന്നുകയറുമ്പോഴും കടന്നുവന്ന വഴികളിലെ പാദമുദ്രകളിലേക്ക് ഇടയ്ക്കിടെ തിരിഞ്ഞുനോക്കണമെന്ന നിർബന്ധം പ്രജീവിനെ വർഷത്തിൽ അഞ്ചുതവണയെങ്കിലും നാട്ടിലെത്തിക്കുന്നു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ എന്നും മുൻനിരയിൽ. വിദ്യാർത്ഥികൾ, രോഗികൾ, വയോധികർ, അംഗപരിമിതർ തുടങ്ങിയവർക്കായി ഒട്ടേറെ ക്ഷേമപ്രവർത്തനങ്ങൾ നിശബ്ദമായി നടത്തുന്നു. അർഹരെ കണ്ടെത്താനും സഹായിക്കാനും പ്രത്യേക സംവിധാനമുണ്ട്. ഏതു സംരംഭമായാലും നാടിനു ഗുണകരമാകണമെന്നും നിർബന്ധമുണ്ട്. എല്ലാവർഷവും ചുരുങ്ങിയത് 150 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്യുന്നു. സമർത്ഥരായവർക്ക് പഠിക്കാൻ സാമ്പത്തകസഹായവും നൽകുന്നു. കഴിഞ്ഞവർഷം 250ലേറെ വിദ്യാർത്ഥികൾക്ക് സഹായം നൽകി. കൊവിഡ് കാലത്തും വെള്ളപ്പൊക്കമുണ്ടായപ്പോഴും ധാരാളം കുടുംബങ്ങളിൽ അവർ പോലുമറിയാതെ സഹായമെത്തി.
സഹായം നൽകുന്നതിൽ സ്വദേശിയെന്നോ വിദേശിയെന്നോ വിവേചനമില്ല. സഹായം അവർ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്തുന്നുണ്ടോ എന്നു നിരീക്ഷിക്കും. കഷ്ടപ്പെടുന്ന ഒരുപാടുപേർ വിദേശരാജ്യങ്ങളിലുമുണ്ട്.
തൃപ്പൂണിത്തുറ പൂർണത്രയീശന്റെ ഭക്തനായ പ്രജീവ് എല്ലാ ഉത്സവത്തിനും പങ്കെടുക്കും. ഉത്സവത്തലേന്ന് ആയാലും എത്തും. മുഴുവൻ സമയവും ആഘോഷങ്ങളുടെ മുൻനിരയിലുണ്ടാകും. വർഷത്തിൽ പലതവണ, മണിക്കൂറുകളോളം യാത്ര ചെയ്ത് നാട്ടിലെത്തുന്നതിന് ഇതുമൊരു കാരണമാണ്.രണ്ടു പതിറ്റാണ്ടായി വിദേശത്താണെങ്കിലും സ്വന്തം നാടിനെ മറന്ന് ഒരുകാര്യവുമില്ലെന്നും പ്രജീവ് പറയുന്നു.
നൂതന ആശയവുമായി എത്തിയാൽ സംരംഭം തുടങ്ങാൻ എല്ലാ സഹായവും അമേരിക്കയിലുണ്ട്. പ്രത്യേകിച്ച്, കാലിഫോർണിയയിലെ സിലിക്കൻവാലിയിൽ. അവിടത്തെ സമ്പദ് വ്യവസ്ഥയിൽ അതു പ്രതിഫലിക്കുന്നുമുണ്ട്. കേരളവും ഇതേ രീതിയിലേക്ക് മാറിക്കഴിഞ്ഞു. 20 വർഷം മുൻപുള്ള സാഹചര്യങ്ങൾ അല്ല.. എല്ലാ മേഖലയിലും സ്മാർട്ട് ആയിക്കഴിഞ്ഞു. സംരംഭം തുടങ്ങാനുള്ള പദ്ധതി മുന്നോട്ടു വയ്ക്കുമ്പോൾ മുതൽ എല്ലാ പിന്തുണയും നൽകുന്നു. വ്യവസായ വകുപ്പിന്റെ ഉൾപ്പടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. നാടിനു ഗുണമുള്ള പദ്ധതിയെന്നു ബോധ്യമായാൽ ഫയൽ നീങ്ങാൻ താമസമില്ല. അതിവേഗം ബഹുദൂരം എന്ന സങ്കൽപം ഇപ്പോഴാണ് യാഥാർഥ്യം ആയത്. വിദേശ മലയാളികൾക്ക് ഏറെ പ്രതീക്ഷ നൽകുന്ന കാര്യം ആണിത്. നാട് കൂടെയുണ്ട് എന്ന് തിരിച്ചറിയണം. എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ സഹായത്തിനു ഉദ്യോഗസ്ഥർ ഓടിയെത്തും.മുളക്കുളത്തു പണി തുടങ്ങിയപ്പോൾ മുതൽ എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നും അനുകൂല സമീപനം ആണുണ്ടായത്. ഇത്രയും പേർക്ക് തൊഴിൽ കിട്ടുമല്ലോ എന്ന് ചിന്തിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ മാറി. അതുകൊണ്ട് തന്നെ കൂടുതൽ പേർക്ക് തൊഴിൽ അവസരം ഒരുക്കാൻ പ്ലാന്റ് വികസിപ്പിക്കാനും, പുതിയ സംരംഭങ്ങൾ തുടങ്ങാനും ആഗ്രഹിക്കുന്നു.
നാട്ടിൽ കൂടുതൽ സംരംഭങ്ങൾ ഉണ്ടായാൽ വിദ്യാസമ്പന്നരായ യുവതീയുവാക്കൾ വിദേശത്ത് ചേക്കേറുന്ന സാഹചര്യം ഉണ്ടാകില്ല. വിദ്യാസമ്പന്നരും ശാസ്ത്രീയ പരിശീലനം നേടിയവരും കൈകോർത്താൽ കൊച്ചു കേരളത്തെ അവസരങ്ങളുടെ വലിയ സിലിക്കൻ വലിയാക്കാം.
അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയിലടക്കം ഒട്ടേറെ ഇന്ത്യക്കാർ ജോലിചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം ചിന്താശേഷിയും, ആശയങ്ങളും, അറിവും നാടിനു ഗുണകരമാകണം.അമേരിക്കയിൽ സന്ദർശനത്തിനെത്തുന്ന മന്ത്രിമാരും, ഉദ്യോഗസ്ഥരും ഇക്കാര്യങ്ങൾ മനസിലാക്കുന്നുണ്ട്
ഓരോ വ്യക്തിയും സമൂഹവും നാടും കൂടുതൽ സ്മാർട്ട് ആയാലേ രാജ്യം സൂപ്പർ സ്മാർട്ടാകൂ എന്ന് അവർ ഓർമ്മിപ്പിക്കുന്നു. ഈ കുടിവെള്ള പദ്ധതി കേരളത്തിന്റെ വികസനത്തിന് ഉണർവ്വേകും എന്നതിന് പുറമെ, കൂടുതൽ സംരംഭകരുടെ കടന്നു വരവിനു അവസരം ഒരുക്കുമെന്നും പ്രജീവിനും ആര്യക്കും ഉറപ്പുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |