
വികസിത ഇന്ത്യ എന്ന സങ്കല്പം ഓരോ ഭാരതീയന്റെയും മഹത്തായ സ്വപ്നമാണ്. 2047ൽ, ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെ 100-ാം വാർഷികം ആഘോഷിക്കുമ്പോൾ നമ്മുടെ രാജ്യം എല്ലാ അർത്ഥത്തിലും ലോകത്തോരമാക്കുകയെന്നതാണ് ലക്ഷ്യം. ആ നിലയിൽ നടപ്പിലാക്കേണ്ട മുന്നൊരുക്കങ്ങളിൽ പ്രധാനമാണ് മാലിന്യ സംസ്കരണം. അതിൽ തന്നെ പൊതുജന ആരോഗ്യത്തെ ബാധിക്കുന്ന ജൈവമാലിന്യ സംസ്കരണവും അതിനോടുള്ള മനോഭാവവും ഏറെ പുരോഗമിക്കേണ്ടതുണ്ട്. ഇവിടെയാണ് ജൈവമാലിന്യ സംസ്കരണമേഖലയിൽ സ്വന്തമായി വികസിപ്പിച്ചെടുത്ത 'റോബോബിൻ' സങ്കതികവിദ്യയുമായി ഷിബു വിജയവേദം എന്ന യുവസംരംഭകൻ ശ്രദ്ധേയനാകുന്നത്. സാധാരണ ജനങ്ങൾ അവഗണനയോടെ കണ്ടിരുന്ന ജൈവമാലിന്യ സംസ്കരണത്തിനും സംസ്കരിക്കപ്പെടുന്ന പ്രദേശത്തിനും അവിടെ തൊഴിലെടുക്കുന്ന തൊഴിലാളികൾക്കും ഒരു പോലെ അന്തസും അഭിമാനവുമേകിയ സംരംഭമാണ് റോബോബിൻ. തികഞ്ഞ പരിസ്ഥിതി പ്രവർത്തകനും മനുഷ്യ സ്നേഹിയും സാമൂഹ്യ പ്രവർത്തകനുമായ ഷിബുവിന്റെ ദീർഘവീക്ഷണവും സാമൂഹ്യപ്രതിബദ്ധതയും നിഴലിക്കുന്നതുകൂടിയാണ് ഈ സംരംഭം. അതാകട്ടെ, സംസ്ഥാനത്താകെ മാലിന്യസംസ്കരണത്തിന് അനുകരിക്കാവുന്ന സാങ്കേതികവിദ്യയുമാണ്. നീണ്ടനാളത്തെ ഗവേഷണങ്ങൾക്ക് ശേഷം ആലുവ നഗരസഭയിൽ ഷിബു അവതരിപ്പിച്ച റോബോബിൻ സംവിധാനം വിജയകരമായി ഒരു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. സംരംഭകരെ പ്രോത്സാഹിപ്പിക്കുകയും പുതിയ സംരംഭങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ ഷിബു നയിക്കുന്ന വിജയവേദം ചാരിറ്റബിൾ ട്രസ്റ്റിന്റെ നിരവധി പദ്ധതികളിൽ ഒന്നാണ് റോബോബിൻ. ആലുവയിൽ തുടങ്ങി വികസിത ഇന്ത്യയുടെ ബാനറിൽ ഇന്ത്യയിലാകമാനം നടപ്പിലാക്കാവുന്നതാണ് ഈ നൂതന സംവിധാനമെന്ന് ഷിബു വിജയവേദം പറഞ്ഞു.
റോബോബിൻ
കോടികൾ ചെലവഴിച്ചിട്ടും ശാശ്വതപരിഹാരം കാണാനാകാത്ത പ്രശ്നമാണ് കേരളത്തിലെ ജൈവമാലിന്യസംസ്കരണം. 'ഉറവിടമാലിന്യ സംസ്കരണം', 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്വം' എന്നൊക്കെയുള്ള മഹനീയ സന്ദേശങ്ങൾ മതിലുകളിൽ എഴുതിവച്ചതുകൊണ്ടും പ്രശ്ന പരിഹാരമായില്ല. എന്തുകൊണ്ടാണ് ഈ പ്രതിഭാസം. സംശയമില്ല, അത് മാലിന്യത്തോടുള്ള മനുഷ്യ മനോഭാവവമാണ്. മാനോഭാവം മാറിയാൽ മാലിന്യപ്രശ്നവും പരിഹരിക്കപ്പെടും. അതിനുവേണ്ടിയുള്ള നീണ്ടനാളത്തെ ഗവേഷണത്തിലൂടെ ഉരുത്തിരിച്ച് എടുത്തതും കേന്ദ്ര സർക്കാരിന്റെ സ്വച്ചതാ ഹി സേവ, മാലിന്യമുക്ത ഭാരതം പദ്ധതിയുടെ ഭാഗമായി രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സംവിധാനമാണ് റോബോബിൻ.
ഷിബു വിജയവേദത്തിന്റെ പ്രവർത്തനങ്ങളിൽ താൽപര്യമുണ്ടായിരുന്ന മുൻ രാഷ്ട്രപതി ഡോ. എ.പി.ജെ. അബ്ദുൾ കലാം അഹമ്മദാബാദ് ഐ.ഐ.എം വൈസ് ചാൻസലറിന് ഒരു ശുപാർശകത്ത് നൽകുകയും നേരിട്ട് കണ്ട് സംസാരിക്കുകയും ചെയ്തതുവഴിയാണ് ഐ.ഐ.എന്റെ ഭാഗത്തുനിന്നുള്ള സാങ്കേതിക സഹായം ഈ പദ്ധതിക്ക് ലഭിച്ചത്. അതിന്റെയൊക്കെ തുടർച്ചയാണ് സ്വച്ചതാ ഹി സേവ, മാലിന്യമുക്ത ഭാരതം പദ്ധതിയുടെ ഭാഗമാകാൻ അവസരമൊരുങ്ങിയത്.
കരസ്പർശമില്ലാതെ മാലിന്യ സംസ്കരണം
റോബോ ബിൻ വീടുകളിൽ ഉരുത്തിരിയുന്ന ഭക്ഷ്യ- ജൈവമാലിന്യങ്ങൾ മനുഷ്യ കരസ്പർശം ഇല്ലാതെ ശേഖരിച്ച് ആധൂനിക യന്ത്രസഹായത്തോടെ നഗരമദ്ധ്യത്തിൽ തന്നെ സംസ്കരിക്കുന്നു എന്നതാണ് റോബോബിൻ സാങ്കേതിക വിദ്യയുടെ സവിശേഷത. മാലിന്യ സംസ്കരണം ജനവാസമില്ലാത്തിടത്ത് കൊണ്ടുപോയി ഗോപ്യമായി ചെയ്യേണ്ട ജോലിയാണെന്ന പൊതുധാരണ തിരുത്തുന്നതിനൊപ്പം മാലിന്യം മാന്യമായി കൈകാര്യം ചെയ്യാൻ ശീലിപ്പിക്കുക എന്ന ദൗത്യവും ഇതിനുപിന്നിലുണ്ട്. ആലുവ നഗരസഭ ടൗൺഹാളിന് സമീപത്താണ് മാലിന്യശേഖരണത്തിനുള്ള ബൂത്തും ഒരുടൺവരെ സംസ്കരിക്കുന്നതിനുള്ള പ്ലാന്റും സ്ഥാപിച്ചിരിക്കുന്നത്.
മാറേണ്ടത് മനോഭാവം
2018ൽ തുടങ്ങിയ ആലോചനയും ആസൂത്രണവുമാണ് ഇതിനുപിന്നിലുള്ളത്. കൊവിഡ് കാലത്ത് ആരംഭിച്ച പ്ലാന്റിന് 2023ൽ സംസ്ഥാന ശുചിത്വമിഷന്റെ അംഗീകാരം ലഭിച്ചു. ഇവിടെ മാലിന്യത്തിന് അറപ്പുളവാക്കുന്ന പാഴ്വസ്തു എന്ന പര്യായമില്ല. മാലിന്യം = ആരോഗ്യം, സമ്പത്ത്, കല എന്ന തത്വശാസ്ത്രമാണ് ആലുവയിലൂടെ ഷിബു ആഗോളമാക്കാൻ ശ്രമിക്കുന്നത്. രുചികരമായ ഭക്ഷണത്തിന്റെ ഉപോൽപ്പന്നമാണ് മാലിന്യം. ഭക്ഷണം പാത്രത്തിൽ വിളമ്പുമ്പോൾ അന്നമാകും. അത് കഴിക്കുന്നതിനിടെ നിലത്തുവീണാലൊ ചവച്ചുതുപ്പിയാലൊ മാലിന്യമാകും. ഭക്ഷണവും മാലിന്യവും തമ്മിലുള്ള അന്തരം വളരെ ചെറുതാണ്. എന്നാലും നിലത്തുവീണുപോയതൊ ചവച്ചുതുപ്പിയതൊ പിന്നീട് കൈകൊണ്ട് എടുക്കാൻതന്നെ പലർക്കും അറപ്പാണ്. അതുപാടില്ല, ഭക്ഷണം അവകാശമാണ് എന്നതുപോലെ മാലിന്യം ഉത്തരവാദിത്വമായും കാണാൻ ശീലിക്കണം.
മാലിന്യം പാഴ്വസ്തു അല്ല
മാലിന്യമായി പുറംതള്ളുന്ന വസ്തു അതിന്റെ പരിണാമപ്രക്രിയയിലെ അവസാനരൂപമല്ല. ഏതൊരു ജൈവവസ്തുവിനും ഉത്ഭവം മുതൽ അവസാനംവരെ മണ്ണിലും വിണ്ണിലും വായുവിലുമൊക്കെയായി വിലയം പ്രാപിക്കേണ്ടതായൊരു ചാക്രിക ദൗത്യമുണ്ട്. അതിന് തടസമാകുമ്പോഴാണ് ആ വസ്തു മറ്റൊരു രൂപത്തിൽ അസ്വസ്ഥമാകുന്നതും മനുഷ്യരെയും ജീവജാലങ്ങളെയും അസ്വസ്ഥമാക്കുന്നതും. ഉദാഹരണത്തിന് മണ്ണിൽ ലയിച്ചുചേരേണ്ട വസ്തുവിനെ അതിനനുവദിക്കാതെ എവിടെയങ്കിലും കൂട്ടിയിട്ടാൽ ചീഞ്ഞളിഞ്ഞ് ദർഗന്ധം വമിപ്പിക്കും. യഥാർത്ഥത്തിൽ ആ വസ്തുവിൽ വന്നുചേരുന്ന ബാക്ടീരിയകളുടെ പ്രവർത്തനഫലമായുണ്ടാകുന്ന പ്രതിഭാസം മാത്രമാണ് ദുർഗന്ധം. അതേസമയം അതിന് പ്രകൃതിയോട് ഇഴുകി ചേരാനുള്ള അവസരം ലഭിച്ചാൽ അതൊരു പുനർജന്മമായി മാറും. മാലിന്യം സംസ്കരിച്ചെടുക്കുന്ന ജൈവവളത്തിൽ നിന്ന് വൃക്ഷങ്ങളും ചെടികളും വളരുന്നു എന്ന് മനസിലാക്കിയാൽ മതി. ഇത്തരത്തിൽ ഭക്ഷ്യാവശിഷ്ടങ്ങളെ അതിന്റെ ചാക്രീക ദൗത്യം പൂർത്തിയാക്കാൻ അനുവദിക്കുക മാത്രമാണ് മാലിന്യസംസ്കരണത്തിലൂടെ നാം ചെയ്യേണ്ടത്.
ഒരു അടുപ്പിന് പത്ത് ചട്ടിയിൽ ചെടി
ഒരു അടുപ്പിന് പത്ത് ചട്ടിയിൽ ചെടി എന്ന ഫോർമുലയാണ് നമുക്കാവശ്യം . അതായത് ഒരു അടുപ്പിലൂടെ പാചകം ചെയ്യുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ 10 ചെടികൾക്ക് ജൈവവളമാകും. അതുപോലെ ഒരടുപ്പിൽ നിന്ന് ഉരുത്തിരിയുന്ന കാർബൺ ഡൈ ഓക്സൈഡിനെ ഓക്സിജനാക്കി പരിവർത്തനപ്പെടത്താൻ 10 ചെടികൾക്ക് സാധിക്കും. യഥാർത്ഥത്തിൽ ഉറവിട മാലിന്യസംസ്കരണം എന്ന മുദ്രാവാക്യം അന്വർത്ഥമാക്കേണ്ടത് ഇങ്ങനെയാണ്. അടുക്കള മാലിന്യവും കാർബണും അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നവയാണ്. അവയെ ശുദ്ധീകരിക്കേണ്ടതും ഉറവിടത്തിൽനിന്നുള്ള ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം നിറവേറ്റുന്നതിനുള്ള അവബോധം സൃഷ്ടിക്കലാണ് യഥാർത്ഥത്തിൽ റോബോബിന്നിലൂടെ ചെയ്തുകൊണ്ടിരിക്കുന്നത്.
റോബോബിൻ ആപ്പ്
ആലുവ നഗരസഭ പരിധിയിലെ ഗാർഹിക ജൈവമാലിന്യങ്ങൾ യൂസർ ഫീ ഈടാക്കി ശേഖരിച്ച് ജൈവവളമാക്കി പുനരുപയോഗിക്കുന്നതാണ് റോബോബിൻ ചെയ്യുന്നത്. റോബോബിൻ മൊബൈൽ ആപ്പിലൂടെ രജിസ്റ്റർ ചെയ്യുന്നവർക്ക് പദ്ധതിയുടെ ഭാഗമാകാം. ഇത്തരം വീടുകളിൽ ഒരു ബയോ ചേഞ്ചിംഗ് ബക്കറ്റ് നൽകും. അതിന്റെ ഏതാണ്ട് പകുതിയോളം നിറയുമ്പോൾ വാട്സ് ആപ്പിൽ സന്ദേശം അയച്ചാൽ റോബോബിൻ പ്രതിനിധികൾ വീടുകളിൽ എത്തി ബക്കറ്റ് എടുക്കുകയും പുതിയ ബക്കറ്റ് പകരം നൽകുകയും ചെയ്യും. ഈ പ്രക്രിയ ആഴ്ചയിൽ രണ്ടോ മൂന്നോ തവണ എന്നതോതിൽ തുടരും. ഒരു കിലോമാലിന്യത്തിന് 7രൂപയാണ് യൂസേഴ്സ് ഫീ.
മാലിന്യത്തിൽ നിന്ന് മരുന്ന് ചെടി
പദ്ധതിയുടെ രണ്ടാം ഘട്ടമായി മാലിന്യത്തിൽ നിന്ന് ഉരുത്തിരിയുന്ന ജൈവവളം ഉപയോഗിച്ച് ആര്യവെപ്പ് കൃഷി വ്യാപിപ്പിക്കാനാണ് തീരുമാനം. അതിനായി ആര്യവേപ്പിന്റെ പ്രചാരകനായ പരിസ്ഥിതി പ്രവർത്തകൻ ശ്രീമൻ നാരായണൻ വേരുപിടിപ്പിച്ച 3000 ആര്യവേപ്പിൻ തൈകൾ സംഭാവന ചെയ്തിട്ടുമുണ്ട്. 800ൽപ്പരം ഗുണഭോക്താക്കളാണ് റോബോബിൻ സംവിധാനത്തെ ആശ്രയിക്കുന്നത്. നഗരത്തിലെ ഹോട്ടലുകളും ബഹുഭൂരിപക്ഷം ആളുകളും പദ്ധതിയോട് പുറം തിരഞ്ഞുനിൽക്കുകയാണ്.
നഗരസഭയ്ക്ക് ഇരട്ടിനേട്ടം
ആലുവ നഗരസഭ ജൈവമാലിന്യം സംസ്കരിക്കുന്നതിന് ടണ്ണിന് 1800രൂപ സ്വകാര്യ ഏജൻസികൾക്ക് യൂസേഴ്സ് ഫീസ് നൽകിയിരുന്നൊരു കാലമുണ്ട്. എന്നാൽ റോബോബിൻ ശേഖരിക്കുന്ന ഓരോ കിലോ ഗ്രാം മാലിന്യത്തിനും 2രൂപ നിരക്കിൽ (ടണ്ണിന് 2000രൂപ) നഗരസഭയ്ക്ക് നൽകുകയാണ് ചെയ്യുന്നത്. ഫലത്തിൽ നഗരസഭയ്ക്ക് മുതൽ മുടക്കില്ലാതെ മാലിന്യം സംസ്കരിക്കുന്നു എന്ന് മാത്രമല്ല, മുമ്പ് 1800രൂപ വീതം ചെലവ് ചെയ്തിരുന്നതിന് പകരമായി 2000രൂപ വരുമാനം ലഭിക്കുന്നു എന്ന സവിശേഷതയുമുണ്ട്. കൂടുതൽ ആളുകൾ പദ്ധതിയുമായി സഹകരിച്ചാൽ നഗരസഭയുടെ വരുമാനവും വർദ്ധിക്കും.
ഇനോക്കുലത്തേക്കാൾ ചെലവ് കുറവ്
ഉറവിട മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി നഗരസഭ വ്യക്തികൾക്ക് നൽകുന്ന ബയോബിൻ ബക്കറ്റുകളിൽ ഒരുമാസം ഇനോക്കൂലത്തിനമാത്രം ഗുണഭോക്താക്കൾക്ക് 240രൂപ ചെലവഴിക്കണം. എന്നാൽ റോബിബിൻ പദ്ധതിയലേക്ക് മാലിന്യം കൈമാറുന്നവർക്ക് ഒരുമാസം വരാവുന്ന പരമാവധി ചെലവ് 190രൂപ മാത്രമാണ്. അങ്ങനെ ഏതർത്ഥത്തിൽ നോക്കിയാലും വ്യക്തികൾക്കും നഗരസഭയ്ക്കും ലാഭകരവും നാടിന് പുതിയ മാതൃകയുമായ റോബോബിൻ പദ്ധതിക്ക് അർഹമായ അംഗീകാരവും പ്രോത്സാഹനവും ലഭിച്ചാൽ കേരളത്തിൽ കീറാമുട്ടിയായി അവശേഷിക്കുന്ന മാലിന്യസംസ്കരണ പ്രശ്നത്തിന് ഈ ആലുവ മോഡൽ ഒരു ശാശ്വത പരിഹാരമായേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |