
രാംനാരായണന്റെ ശരീരത്തിൽ 40ലധികം മുറിവുകളുണ്ടായിരുന്നു. പരുക്കില്ലാത്ത ഒരിടം പോലും ശരീരത്തിലുണ്ടായിരുന്നില്ല. ദേഹമാസകലം രക്തസ്രവമുണ്ടായത് ഗുരുതരാവസ്ഥയിലാക്കി. തലമുതൽ കാൽപ്പാദം വരെ വടി കൊണ്ടോ വിറക് കൊണ്ടോ അടിച്ചിരുന്നു. എക്സറേയിലും പരിക്ക് ദൃശ്യമായിരുന്നു. മണിക്കൂറുകൾ നീണ്ട ക്രൂരമർദനമാണ് രാംനാരായണന് നേരെയുണ്ടായത്. പുറംഭാഗം മുഴുവൻ വടികൊണ്ട് അടിച്ചതിന്റെ ചതവുകൾ, തലയ്ക്കും കൈകൾക്കും മാരക മുറിവുകൾ, അടിയേറ്റ് ചതഞ്ഞ ചെവിക്കുറ്റി........ അങ്ങനെ നീളുന്നു വാളയാറിൽ ആൾകൂട്ടായാക്രമണത്തിൽ കൊല്ലപ്പെട്ട രാംനാരായണന്റെ പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ഇത് നടന്നത് ഉത്തർപ്രദേശിലോ ബീഹാറിലോ അല്ല. പ്രബുദ്ധ കേരളമെന്നും സാക്ഷരകേരളമെന്നും ദിനംപ്രതിയെന്നോണം അഭിമാനം കൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാടായ നമ്മുടെ കേരളത്തിലാണ്. തൊഴിലന്വോഷിച്ച് ഛത്തീസ്ഗഢിൽ നിന്നും നമ്മുടെ നാട്ടിലെത്തിയ ഒരു പാവപ്പെട്ട മനുഷ്യനെയാണ് അക്രമോത്സുക ആൾകൂട്ടം കൊന്നുകളഞ്ഞത്. മാത്രവുമല്ല മതിലിൽ ചേർത്തിയിരുത്തി ചോദ്യം ചെയ്യുന്നതും ചെകിട്ടത്തും തലയ്ക്കും ആഞ്ഞടിക്കുന്നതും പകർത്താൻ നരാധമക്കൂട്ടം മത്സരിക്കുകയായിരുന്നു. ഏഴു വർഷം മുമ്പ് അട്ടപ്പാടിയിലെ മുക്കാലിയിൽ ആൾക്കൂട്ട വിചാരണയെ തുടർന്ന് കൊല്ലപ്പെട്ട ആദിവാസി യുവാവ് മധുവിന്റെ ഓർമ്മകൾ കേരള മനസ്സാക്ഷിയെ വേട്ടയാടി കൊണ്ടിരിക്കെയാണ് രാംനാരായണനെന്ന അഥിതി തൊഴിലാളിയെ ആൾക്കൂട്ടം കൊലപ്പെടുത്തിയ വാർത്ത പാലാക്കാട്ടി നിന്നു തന്നെ കേരളം കേട്ടത്. അന്ന് മധുവാണെങ്കിൽ ഇന്ന് രാംനാരായണൻ. കാലം മാറുമ്പോഴും മലയാളിയുടെ മനസ്സിലെ ക്രൂരതയ്ക്ക് ശമനമില്ലെന്ന് തെളിയിക്കുകയാണ് സമാനമായ സംഭവങ്ങൾ. നിരവധിയായ ആൾകൂട്ടാക്രമണ കൊലപാതകങ്ങളാണ് ഇതിനകം പുറത്തു വന്നിട്ടുള്ളത്. അതിഥി തൊഴിലാളികളെ കേവലം 'അന്യസംസ്ഥാനക്കാർ' എന്നതിലുപരി ക്രിമിനലുകളായോ നുഴഞ്ഞുകയറ്റക്കാരായോ കാണുന്ന പ്രവണത വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. നിയമം കൈയ്യിലെടുക്കുന്ന ആൾക്കൂട്ടത്തിന്റെ പല മുഖങ്ങളാണ് ഇത്തരം സംഭവങ്ങളിലൂടെ പുറത്തുവരുന്നത്. സംശയം മാത്രം മുൻനിർത്തി ഒരാളെ ആക്രമിക്കുന്നതിലൂടെ പരിഷ്‌കൃത സമൂഹമെന്ന് അവകാശപ്പെടുന്ന കേരളത്തിന് വലിയൊരു തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.
രാംനാരായണനെ കൊലപ്പെടുത്തിയത് തല്ലിച്ചതച്ച്
കഞ്ചിക്കോട് കിൻഫ്രയിൽ ജോലിക്കായാണ് രാംനാരായണൻ ഭയ്യാർ പാലക്കാട്ടെത്തിയത്. സംഭവം നടന്ന ഡിസംബർ 17ന് ബുധനാഴ്ച വഴിതെറ്റിയാണ് അദ്ദേഹം അട്ടപ്പള്ളം ഭാഗത്തെത്തിയതെന്നാണ് സൂചന. അപരിചിതനായ വ്യക്തിയെ കണ്ടപ്പോൾ നാട്ടുകാർ മോഷ്ടാവാണെന്ന സംശയത്തിൽ ചോദ്യം ചെയ്യാൻ തുടങ്ങി. ഇരയുടെ കൈവശം മോഷണ വസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ചോദ്യം ചെയ്യലും ആൾക്കൂട്ട വിചാരണയും തുടർന്നു. അതിനിടെ മർദകരിൽ ഒരാൾ ബംഗ്ലാദേശിയാണോ എന്ന് ചോദിച്ചു. സഹോദരിയുടെ വീട്ടിൽനിന്നാണ് വരുന്നേെന്നാ മറ്റോ പറഞ്ഞെങ്കിലും ബംഗ്ലാദേശിൽ നിന്നല്ലേയെന്ന് ചോദിക്കുന്നത് മർദിച്ചവർ പകർത്തിയ വിഡിയോയിൽ വ്യക്തമാണ്. പരിഭ്രാതിയോടെ തലയാട്ടിയ രാംനാരായണിനെ തലയിൽ ഇടിക്കുന്നതും തല്ലിച്ചതയ്ക്കുന്നതും കാണാം. തുടർന്ന് ഒന്നര മണിക്കൂറോളം രാം നാരായണൻ രക്തം വാർന്ന് റോഡിൽ കിടന്നു. പൊലീസ് എത്തിയാണ് ആശുപത്രിയിലെത്തിച്ചത്. എങ്കിലും മർദനത്തിന്റെ കാഠിന്യം മൂലം അധികം താമസിയാതെ മരണപ്പെട്ടു. മർദിക്കുന്നതിന്റെ കൂടുതൽ വീഡിയോകൾ പൊലിസ് കണ്ടെത്തിയിട്ടുണ്ട്. മർദനസമയത്ത് ഇരുപതോളം പേർ ഇയാൾക്കു ചുറ്റുമുണ്ടായിരുന്നെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. എട്ടും പത്തും വയസ്സുള്ള രണ്ട് കുട്ടികളുണ്ട് രാം നാരായണന്. 2018ൽ അഗളിയിൽ മധുവിന്റെ കൊലപ്പെ ടുത്തിയതിനേക്കാൾ ക്രൂരമാണ് ഈ കൊലപാതകം. ആയിരക്കണക്കിനു മൃദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്‌തെങ്കിലും ഇത്രയുമേറെ മർദനമേറ്റ മൃതശരീരം ആദ്യമായാണ് കാണുന്നതെന്നാണ് മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത ഡോക്ടർ സാക്ഷ്യപ്പെടുത്തിയത്.
അട്ടപ്പാടിയിലെ മധു
2018 ഫെബ്രുവരി 22നാണ് അട്ടപ്പാടി മുക്കാലിക്കടുത്താണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണം ആരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത്. അട്ടപ്പാടിയിലെ ചിണ്ടക്കി സ്വദേശിയായിരുന്നു മധു. കൊല്ലപ്പെടമ്പോൾ 27 വയസ്സ്. കാടിനുസമീപത്തെ കവലയായ മുക്കാലിയിലെ കടയിൽനിന്ന് അരിയും മറ്റു പലവ്യഞ്ജനങ്ങളും മോഷ്ടിച്ചുവെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം മധുവിനെ മർദിച്ചത്. സംഭവദിവസം കാട്ടിൽ മരത്തടികൾ ശേഖരിക്കാൻ പോയ ഒരാൾ ഗുഹയ്ക്കുള്ളിൽ മധുവിനെ കാണുകയും മുക്കാലിയിൽനിന്ന് ആളുകളെ വിളിച്ചുവരുത്തുകയുമാണുണ്ടായത്. ഈ ആൾക്കൂട്ടം മധുവിനെ ചോദ്യംചെയ്യുകയും അതിക്രൂരമായി മർദിക്കുകയും ചെയ്‌തെന്ന് കേസിന്റെ രേഖകളിൽ പറയുന്നു. കൈകൾ ലുങ്കികൊണ്ട് ബന്ധിച്ച്, കനമുള്ള ചാക്കുകെട്ട് തലച്ചുമടായി വെച്ച്, നാലുകിലോമീറ്റർ അകലെയുള്ള മുക്കാലി കവലയിലേക്കു നടത്തിച്ചു. നടത്തത്തിനിടയിലും മുക്കാലിയിലെത്തിയശേഷവും മർദിച്ചു. മുക്കാലിയിലെത്തുമ്പോൾ സമയം ഏതാണ്ട് ഉച്ചകഴിഞ്ഞിരുന്നു. കൂട്ടത്തിലരോ പോലീസിനെ വിവരമറിയിച്ചു. മൂന്നുമണിയോടെ പൊലീസെത്തി. അവശനായ മധുവിനെ മൂന്നരയോടെ പോലീസ് ജീപ്പിൽ ആശുപത്രിയിലേക്കു കൊണ്ടുപോയി. ജീപ്പിൽവെച്ച് മധു ഛർദിക്കുകയും കുഴഞ്ഞുവീഴുകയും ചെയ്തു. വൈകീട്ടോടെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയ്‌ക്കേറ്റ മർദനമായിരുന്നു മരണകാരണം. ഒരു വാരിയെല്ല് തകരുകയും ചെയ്തിരുന്നു. അന്ന് മധുവിനെ കെട്ടിയിട്ട് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രാദേശിക ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതാണ് പിന്നീട് അന്വേഷണത്തിൽ നിർണായകമായത്. പ്രബുദ്ധ കേരളത്തിൽ നിന്ന് ഇതുപോലെയുള്ള ആൾക്കൂട്ട ആക്രമണങ്ങളുണ്ടാകുന്നത് അങ്ങേയറ്റം വേദനാജനകവും സങ്കടകരവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |