
കേരളത്തിന് ആ പേര് കൈവന്നതിന് പല കാരണങ്ങൾ പറയാറുണ്ട്. പക്ഷെ കേരവൃക്ഷ സമൃദ്ധമായ നാട് എന്നതിനാണ് പ്രാമുഖ്യം. കല്പവൃക്ഷം എന്നുകൂടി അറിയപ്പെടുന്ന തെങ്ങിൻതോപ്പുകളും കായലും നെൽവയലുകളും അതിരിടുന്ന സുന്ദരമായ സംസ്ഥാനമാണ് കേരളമെന്ന് അന്യനാട്ടുകാരും വിദേശികളും വിശേഷിപ്പിക്കാറുണ്ട്.
കേരളത്തിന്റെ തേങ്ങയും തൊണ്ടും കയറും ഇളനീരും ഒരുകാലത്ത് വിദേശ രാജ്യങ്ങളിൽ വൻ പ്രിയമായിരുന്നു. സ്വർണനിറവും ഈടും ബലവുമുള്ള കയറും കയറുത്‌പന്നങ്ങളും വലിയ തോതിൽ കയറ്റുമതി ചെയ്തിരുന്നു. കൈത്തറി, കയർ, കശുഅണ്ടി വ്യവസായങ്ങൾ സാധാരണ കുടുംബങ്ങളിലെ സ്‌ത്രീപുരുഷന്മാരുടെ വരുമാന സ്രോതസുകളായിരുന്നു. കേരളീയ സമൂഹത്തിന്റെ സ്പന്ദനങ്ങളായിരുന്നു ഈ മേഖലയിൽ പണിയെടുക്കുന്നവരുടെ ജീവിതപ്രതീക്ഷകളും സ്വപ്നങ്ങളും. ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളായിരുന്നു ഈ ചെറുകിട വ്യവസായങ്ങളുടെ സിരാകേന്ദ്രങ്ങൾ. സംഘടിത തൊഴിലാളി വർഗത്തിന്റെ വിയർപ്പും ഉയിർപ്പും അക്കാലത്തെ സാഹിത്യകൃതികളിലും പാട്ടുകളിലും പ്രതിഫലിച്ചുകാണാം. രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും ഈ മേഖലകളിലെ സംഘബലത്തെ വളർത്താൻ മാത്രമേ ശ്രദ്ധിച്ചുള്ളു എന്നതാണ് യാഥാർത്ഥ്യം. കയറുത്പന്നങ്ങൾക്കും കൈത്തറി ഉത്പന്നങ്ങൾക്കും കാലാനുസൃതമായ നവീകരണവും യന്ത്രവൽക്കരണവും നടപ്പിലാക്കാൻ പലപ്പോഴും വൈകി.
കയർ മേഖലയുടെ നവീകരണത്തിന് കയർ കോർപ്പറേഷൻ പല പദ്ധതികളും ആവിഷ്കരിക്കുകയുണ്ടായി. ചിലതൊക്കെ ഫലപ്രദമാവുകയും ചെയ്തു.
നൂതനമായ പല പദ്ധതികളും ആസൂത്രണപ്പിഴവുകൊണ്ടോ നടത്തിപ്പിലെ ശുഷ്‌കാന്തിക്കുറവുകൊണ്ടോ വേണ്ടത്ര വിജയം കൈവരിക്കാതെ പോകാറുണ്ട്. കയർ കോർപ്പറേഷന്റെ 'തെങ്ങിൻ തോപ്പുകൾ" ഒരുക്കാനുള്ള പദ്ധതി ആശയപരമായി സദുദ്ദേശ്യത്തോടെയാണ്. നാളികേര ഉത്‌പാദനവും തൊണ്ട് സംഭരണവും മെച്ചപ്പെടുത്താനാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
ചേർത്തല കണിച്ചുകുളങ്ങരയിൽ ആയിരം തെങ്ങുകൾ നട്ട് പദ്ധതിക്ക് തുടക്കം കുറിക്കും. 30 ലക്ഷം രൂപ ചെലവിട്ട് കൃഷിവകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതിയെങ്കിലും നടത്തിപ്പ് കയർ കോർപ്പറേഷനാണ്.
നൂതനാശയങ്ങളും പദ്ധതികളും കേരളത്തിൽ ധാരാളം പിറക്കുന്നുണ്ട്. നടത്തിപ്പിലെ കാര്യക്ഷമതകൊണ്ട് പലതും കേരളത്തിനു അഭിമാനമായി മാറാറുണ്ട്. എന്നാൽ വിജയത്തിലെത്തിക്കഴിയുമ്പോൾ അതു നിലനിറുത്തുന്നതിലും മുന്നേറുന്നതിലും അധികൃതരുടെ ഭാഗത്തുനിന്ന് ഫലപ്രദമായ മേൽനോട്ടം ഉണ്ടായെന്നുവരില്ല. അതിനാൽ പകുതിവഴിയിൽവച്ച് പലതും മുരടിച്ചുപോകും. ഈ തക്കം നോക്കി അന്യസംസ്ഥാനങ്ങൾ ഈ പദ്ധതികളെ തങ്ങളുടേതാക്കി കാലാനുസൃതമായ മാറ്റംവരുത്തി നടപ്പാക്കും. ആശയദാനം ചെയ്തു അന്യസംസ്ഥാനങ്ങളിൽ നിന്ന് പലതും ഇറക്കുമതി ചെയ്യേണ്ട ദുരവസ്ഥയിലെത്തും. നമ്മുടെ കേര ഉത്‌പന്നങ്ങൾക്കും കയറുത്‌പന്നങ്ങൾക്കും ഈ ദൗർഭാഗ്യമുണ്ടായി.
തമിഴ്‌നാട്ടിലെ പൊള്ളാച്ചി, ദിണ്ഡിഗൽ എന്നിവിടങ്ങളുടെ മാതൃകയിലാകും തെങ്ങിൻതോപ്പുകൾ. പനന്തോപ്പുകൾ പോലെ കള്ള് ഉത്‌പാദനത്തിനും ഉപയോഗിക്കാം. റവന്യൂ പുറമ്പോക്കുകൾ, തീരദേശത്തെ സർക്കാർ വകയും പാട്ടത്തിനെടുക്കാവുന്നതുമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലേക്ക് തെങ്ങിൻതോപ്പ് പദ്ധതി വ്യാപിപ്പിക്കും.
വേഗത്തിൽ ലാഭം തരുന്ന പല കൃഷികളും കടന്നുവന്നപ്പോൾ ഏറ്റവുമധികം നഷ്ടമുണ്ടായത് തെങ്ങിൻ തോപ്പുകൾക്കാണ് . അതു വീണ്ടും ലാഭകരമാക്കാൻ ഈ പദ്ധതി ഉപകരിക്കും.
അത്യുത്‌പാദന ശേഷിയുള്ളതും ചുരുങ്ങിയ കാലത്തിൽ വിളവെടുക്കുന്നതുമായ കുറിയ ഇനം തെങ്ങിൻ തോപ്പുകളാണ് പദ്ധതിയിൽ ലക്ഷ്യമിട്ടിരിക്കുന്നത്. നിന്നുകൊണ്ട് തന്നെ തേങ്ങയടക്കാനാകും. ഇവയുടെ പച്ചത്തൊണ്ടും തേങ്ങയും കോർപ്പറേഷൻ സംഭരിക്കും. തേങ്ങ സഹകരണ സംഘങ്ങൾക്കും കേരഫെഡിനും വെളിച്ചെണ്ണ ഉത്‌പാദനത്തിന് നൽകും. അനാസ്ഥകളുടെ രോഗബാധ ഈ പദ്ധതിയെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |