
കഴിഞ്ഞവർഷം മലയാള ചലച്ചിത്രവ്യവസായത്തിനു 530 കോടി രൂപയുടെ നഷ്ടം നേരിട്ടതായുള്ള
കേരള ഫിലിം ചേംബറിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതാണ്. റിലീസ് ചെയ്ത ചിത്രങ്ങളുടെ വർഷാന്ത്യ വരുമാന കണക്ക് നോക്കുമ്പോൾ ചേംബർ റിലീസ് ചെയ്ത 185 ചിത്രങ്ങളിൽ
150 എണ്ണം തീയറ്ററിൽ കളക്ഷൻ നേടാതെ പരാജയപ്പെട്ടു.ആകെ ഒമ്പത് ചിത്രങ്ങൾ മാത്രമാണ് സൂപ്പർ ഹിറ്റായത്. 16 ചിത്രങ്ങൾ ഹിറ്റുമായി. ഒമ്പത് ചിത്രങ്ങൾ ഒ.ടി.ടി വഴി ലാഭം നേടി. ജനങ്ങളുടെ വിനോദോപാധികളിൽ ഇപ്പോഴും മുന്നിൽ നിൽക്കുന്നത് സിനിമയാണെന്നിരിക്കെ ഈ
പരാജയം എന്തുകൊണ്ട് സംഭവിച്ചുവെന്ന് ചലച്ചിത്രപ്രവർത്തകർ ആത്മ പരിശോധന നടത്തേണ്ടിയിരിക്കുന്നു.
ശക്തമായ ഉള്ളടക്കവും വ്യത്യസ്ഥമായ അവതരണരീതിയും ഉള്ള ചിത്രങ്ങൾ പൊതുവെ പരാജയപ്പെട്ടുകാണാറില്ല.എന്നാൽ പഴയ ഫോർമാറ്റിൽ തട്ടിക്കൂട്ടുന്ന ചിത്രങ്ങൾ മൂക്കുംകുത്തിവീഴുകയും ചെയ്യും. അതെസമയം തമിഴ്
ഭാഷയിലിറങ്ങുന്ന വലിയ ബഡ്ജറ്റില്ലാത്ത ചിത്രങ്ങൾ കേരളത്തിൽപ്പോലും തകർത്തോടുന്നു.ടൂറിസ്റ്റ് ഫാമിലി,
ഡ്യൂഡ് എന്നീ തമിഴ് ചിത്രങ്ങൾ ഉദാഹരണമായി ചൂണ്ടിക്കാട്ടാവുന്നതാണ്. വൻ ബഡ്ജറ്റിൽ
രാജ്യവ്യാപകമായി റിലീസ് ചെയ്യുന്ന കാന്താര പോലുള്ള ചിത്രങ്ങളും വിജയം കൊയ്യുന്നു.
ലോക , തുടരും ,എമ്പുരാൻ, ഡീയസ് ഈറെ, ആലപ്പുഴ ജിംഖാന, ഹൃദയപൂർവ്വം, ഓഫീസർ ഓൺ ഡ്യൂട്ടി,
രേഖാചിത്രം, കളങ്കാവൽ , എന്നിവയാണ് കഴിഞ്ഞ വർഷത്തെ സൂപ്പർ ഹിറ്റുകൾ.ഈ പട്ടികയിൽ ഉൾപ്പെടാതിരുന്ന സർവ്വം മായ എന്ന ചിത്രവും സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ്. മലയാള സിനിമയുടെ ചരിത്ര റെക്കോർഡുകൾ തിരുത്തിക്കുറിച്ച ലോക ചാപ്ടർ വൺ: ചന്ദ്ര ആഗോളതലത്തിൽ 303 കോടി നേടി.എന്നാൽ അതിന് മുകളിൽ മറ്രൊരു റെക്കോർഡും ലോകയിലെ ചന്ദ്രയിലൂടെ കല്യാണി പ്രിയദർശൻ നേടി. മലയാളത്തിൽ ആദ്യമായി 300 കോടി നേട്ടം സ്വന്തമാക്കുന്ന നായികയായി കല്യാണി മാറി. മോഹൻലാൽ ചിത്രങ്ങളായ എമ്പുരാൻ 268 കോടിയും തുടരും 237 കോടിയും ഹൃദയപൂർവ്വം 77.6 കോടിയും ബോക് സ് ഓഫീസിന് സമ്മാനിച്ചു.
ഈ കൂട്ടത്തിൽ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത എക്കോ വേറിട്ടു നിൽക്കുന്നു.
2025 ൽ റീ റിലീസ് ചിത്രങ്ങൾ ട്രെൻഡ് ആയെങ്കിലും എട്ടു പഴയ മലയാളചിത്രങ്ങൾ റീ റിലീസ് ചെയ്തതിൽ മൂന്നു ചിത്രങ്ങൾക്കു മാത്രമെ ബോക്സോഫീസിൽ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞുള്ളു.
ചലച്ചിത്ര മേഖലയിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് ഇളവുകളും സഹായങ്ങളും വേണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ട്. ജി.എസ്.ടി-വിനോദ ഇരട്ട നികുതി ഒഴിവാക്കുക,തിയറ്ററുകൾക്ക് വൈദ്യുതി നിരക്കിലും കെട്ടിട നികുതിയിലും ഇളവ് അനുവദിക്കുക, പൊതു സ്ഥലത്തെ ഷൂട്ടിംഗ് വാടക കുറയ്ക്കുക,പൈറസി തടയാൻ കർശന നടപടികൾ സ്വീകരിക്കുക എന്നിവയാണ് അവയിൽ പ്രധാനപ്പെട്ടവ.ചേംബറിന്റെ ആവശ്യം ചർച്ച ചെയ്യാൻ ഈ മാസം ഒമ്പതാംതിയതി സർക്കാർ
യോഗം വിളിച്ചിട്ടുണ്ട്.പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരുകൂട്ടരും ശ്രമിക്കണം.
പ്രതിഭാധനരായ ചലച്ചിത്രപ്രവർത്തകർ ഏറെയുള്ള മലയാള സിനിമയ്ക്ക് അതിന്റെ മഹിമ വീണ്ടെടുക്കാൻ വലിയ പ്രയാസമൊന്നും ഉണ്ടാകില്ല.പക്ഷെ സിനിമ നിർമ്മാണത്തിന്റെ ബഡ്ജറ്റ് അനുദിനം വർദ്ധിച്ചുവരുമ്പോൾ
സിനിമയെടുത്ത് എന്തിനു കൈപൊള്ളണമെന്ന ചിന്തയും നിർമ്മാതാക്കൾക്കിടയിൽ വന്നിട്ടുണ്ട്.ഹൊറർ ത്രില്ലറുകളാണ് ഇപ്പോൾ ട്രെൻഡാകുന്നത്.പക്ഷെ അതിൽ ഭൂരിപക്ഷവും പ്രേക്ഷകർക്ക് രുചിക്കാതെ പരാജയപ്പെടുകയാണ്.ലളിതമായ കോമഡി ചിത്രങ്ങളുടെ അഭാവം ശ്രദ്ധേയമാവുകയാണ്.ശ്രീനിവാസനെപ്പോലുള്ള പ്രതിഭകളുടെ
വിയോഗത്തിന്റെ നഷ്ടം എത്ര വലുതായിരുന്നുവെന്ന് വീണ്ടും ഓർത്തുപോകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |