
ഒരു രാജ്യത്തിന്റെ പ്രസിഡന്റിനെ അപ്രതീക്ഷിതമായി പിടികൂടുക, വിചാരണ ചെയ്യുമെന്ന് പറയുക...ഇന്നലെ വെനസ്വേലയിൽ യു.എസ് നടത്തിയ അപ്രതീക്ഷിത ആക്രമണവും പ്രസിഡന്റ് നിക്കോളാസ് മഡുറോയേയും ഭാര്യയേയും പിടികൂടിയതുമൊക്കെ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. യു.എസിലേക്ക് മയക്കുമരുന്ന് കടത്തുന്ന 'ഭീകരനാണ് " മഡുറോയെന്നും അതിലൂടെ തങ്ങളെ തകർക്കുകയാണ് അവരുടെ ലക്ഷ്യമെന്നും യു.എസ് വാദിക്കുന്നു. ആരോപണങ്ങൾ മഡുറോ നിഷേധിക്കുന്നു. തങ്ങളുടെ എണ്ണ വിഭവങ്ങളിലാണ് യു.എസിന്റെ കണ്ണെന്ന് വെനസ്വേല ആരോപിക്കുന്നു. കാര്യമെന്തായാലും ഒരു വശത്ത് 'സമാധാന ദൂതനായ" ട്രംപ്, മറുവശത്ത് യുദ്ധ കാഹളം മുഴക്കുന്നു.
കാര്യമായ പ്രകോപനങ്ങളില്ലാതെ ഒരു രാജ്യത്തിന്റെ പരമാധികാരം ലംഘിച്ചുള്ള ആക്രമണത്തെ ന്യായീകരിക്കാനാകില്ല. മയക്കുമരുന്ന് ഭീകരവാദം, കൊക്കെയ്ൻ കടത്ത്, മാരകായുധങ്ങൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ യു.എസ് മഡുറോയ്ക്ക് മേൽ ചുമത്തിയിട്ടുണ്ട്. വെനസ്വേലൻ സർക്കാർ ഒരു 'നാർകോ - ഭീകര" സംഘടനയാണെന്ന് യു.എസ് പറയുന്നു. 'ദ കാർട്ടൽ ഒഫ ദ സൺസ്" എന്ന മയക്കുമരുന്ന് സംഘത്തെ മഡുറോയാണ് നയിക്കുന്നതെന്നും വെനസ്വേലയിലെ ഉന്നതർ ഇതിലംഗമാണെന്നും ചൂണ്ടിക്കാട്ടുന്നു.
ആരോപണങ്ങൾ ഗുരുതരം തന്നെ; പക്ഷേ തെളിവുകളോ ? മഡുറോയ്ക്കെതിരെയുള്ള ആരോപണങ്ങളെ പിന്തുണയ്ക്കാനുള്ള തെളിവുകൾ യു.എസ് നൽകുന്നില്ലെന്ന് മെക്സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയ്ൻബോം, കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ തുടങ്ങിയ ലോക നേതാക്കളും രാഷ്ട്രീയ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു. യു.എസിന്റെ ഇടതുപക്ഷ വിരുദ്ധനിലപാടാണ് മഡുറോയ്ക്കെതിരെ അക്രമം അഴിച്ചുവിടാൻ കാരണമെന്ന് മറ്റൊരു വിഭാഗവും ആരോപിക്കുന്നു.
മഡുറോയെ സ്വേച്ഛാധിപതിയായിട്ടാണ് യു.എസും സഖ്യ കക്ഷികളും കാണുന്നത്. 2024 ജൂലായിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മഡുറോ മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാൽ ഫലത്തെ വെനസ്വേലയിലെ പ്രതിപക്ഷവും യു.എസും തള്ളി.
ആദ്യം അടുപ്പം, പിന്നെ കടുപ്പം
20 -ാം നൂറ്റാണ്ടിന്റെ നല്ലൊരു ഭാഗവും യു.എസും വെനസ്വേലയും അടുത്ത ബന്ധം പുലർത്തിയിരുന്നു. 1920കളിൽ വെനസ്വേലൻ എണ്ണയുടെ പ്രാഥമിക വിപണിയായി യു.എസ് മാറി. അമേരിക്കൻ കമ്പനികൾ അന്ന് വൻതോതിൽ എണ്ണ മേഖലയിൽ നിക്ഷേപങ്ങളും നടത്തി. കമ്മ്യൂണിസത്തിനെതിരായ കോട്ട തീർക്കാൻ നിരവധി വെനസ്വേലൻ ഭരണകൂടങ്ങളെ യു.എസ് പിന്തുണച്ചിട്ടുമുണ്ട്.
സ്വേച്ഛാധിപതി മാർകോസ് പെരെസ് ജിമനെസിന് യു.എസ് 'ലീജൺ ഒഫ് മെറിറ്റ്" ബഹുമതി നൽകിയതും ചരിത്രം. 1999ൽ യുണൈറ്റഡ് സോഷ്യലിസ്റ്റ് പാർട്ടി ഒഫ് വെനസ്വേലയുടെ നേതാവ് ഹ്യൂഗോ ഷാവേസ് പ്രസിഡന്റായതോടെ കഥമാറി. അമേരിക്കൻ നിലപാടുകൾക്കെതിരെ മടികൂടാതെ തുറന്നടിച്ച ഷാവേസ് ഇടതുപക്ഷ ആശയത്തിലൂന്നി '21-ാം നൂറ്റാണ്ടിലെ സോഷ്യലിസം" നടപ്പാക്കാൻ മുന്നിട്ടിറങ്ങി.
ലാറ്റിനമേരിക്കയിലാകെ സ്വാധീനം സൃഷ്ടിക്കാൻ ഷാവേസിനായി. 2002ൽ ഷാവേസിനെ അട്ടിമറിക്കാൻ ശ്രമമുണ്ടായെങ്കിലും പരാജയപ്പെട്ടു. ഗൂഢാലോചനയ്ക്ക് പിന്നിൽ യു.എസിലെ ജോർജ് ഡബ്ല്യു. ബുഷ് സർക്കാരാണെന്ന് ഷാവേസ് ആരോപിച്ചു.
ഷാവേസ് വരുന്നത് വരെ രാജ്യത്തിന്റെ നട്ടെല്ലായ എണ്ണ ഖനനത്തിന്റെ ചരടുകൾ സ്വകാര്യ കമ്പനികൾക്കായിരുന്നു. അതിനാൽ എണ്ണയുത്പാദനത്തിൽ യു.എസ് കമ്പനികൾ ആധിപത്യം പുലർത്തി. 2007ൽ എണ്ണ മേഖലയെ ഷാവേസ് പൂർണമായും ദേശീയവത്കരിച്ചതോടെ അമേരിക്കൻ ഭീമൻമാർ പുറത്തായി. ബുഷിനെ ഒരു ഘട്ടത്തിൽ 'ചെകുത്താൻ " എന്ന് വിശേഷിപ്പിച്ച ഷാവേസ്, യു.എസിന്റെ എതിരാളികളായ ക്യൂബ, ഇറാൻ, റഷ്യ എന്നിവരുമായി ബന്ധം ശക്തമാക്കി.
സാമ്പത്തിക പ്രതിസന്ധി
2013ൽ ഹ്യൂഗോ ഷാവേസിന്റെ മരണത്തിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായിരുന്ന മഡുറോ അധികാരത്തിലെത്തിയത്. അന്നത്തോടെ വെനസ്വേല സാമ്പത്തികമായും രാഷ്ട്രീയമായും കടുത്ത പ്രതിസന്ധിയിലേക്ക് കടന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഏകദേശം 80 ലക്ഷത്തോളം പേർ വെനസ്വേല വിട്ടെന്നാണ് കണക്ക്.
മനുഷ്യാവകാശ ലംഘനം, തിരഞ്ഞെടുപ്പ് തട്ടിപ്പ് തുടങ്ങിയവ ആരോപിച്ച് യു.എസ് വെനസ്വേലയ്ക്ക് മേൽ ഉപരോധങ്ങൾ ചുമത്തി. ഇത് രാജ്യത്ത് സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക് വഴിവച്ചു. വെനസ്വേലയിൽ പ്രതിപക്ഷ നേതാക്കൻമാരെ യു.എസ് പിന്തുണച്ച് തുടങ്ങിയതോടെ നയതന്ത്ര ബന്ധങ്ങൾ ആകെ താറുമാറായി. മഡുറോ ജയിച്ച 2018ലെ തിരഞ്ഞെടുപ്പിലും യു.എസ് വ്യാപക ക്രമക്കേട് ആരോപിച്ചു. ഫലം തള്ളുകയും ചെയ്തു.
മറഞ്ഞിരിക്കുന്ന ലക്ഷ്യം
മഡുറോ സർക്കാരിനെ വീഴ്ത്തി പ്രതിപക്ഷ പാർട്ടികൾ അംഗീകരിക്കുന്ന ജനാധിപത്യ സംവിധാനത്തിലേക്കുള്ള പരിവർത്തനമാണ് തങ്ങളുടെ ലക്ഷ്യമെന്ന് യു.എസ് പറയുന്നു. റഷ്യയുടെയും ചൈനയുടെയും സ്വാധീനം മേഖലയിൽ തടയുന്നതും യു.എസിന് പ്രധാനമാണ്. എല്ലാത്തിലും ഉപരി, തങ്ങൾക്ക് അനുകൂലമായ ഒരു സർക്കാർ വന്നാൽ, വെനസ്വേലയിലെ വിശാലമായ എണ്ണ, ധാതു ശേഖരത്തിലേക്ക് പ്രവേശനം നേടാമെന്ന ലക്ഷ്യമാണ് യു.എസിന് പിന്നിൽ.
തകർന്ന നിലയിലുള്ള വെനസ്വേലയിലെ എണ്ണ മേഖലയെ വീണ്ടെടുക്കാൻ അമേരിക്കൻ കമ്പനികൾ എത്തുമെന്ന് ട്രംപ് ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ വർഷത്തെ സമാധാന നോബൽ നേടിയ വെനസ്വേലൻ പ്രതിപക്ഷ നേതാവ് മറിയ കൊറീന മചാഡോയെ ട്രംപ് അഭിനന്ദിക്കുകയും മറിയ തന്റെ പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നതായി പറയുകയും ചെയ്തിരുന്നു. വെനസ്വേലയിലെ ജനങ്ങൾ നടത്തുന്ന ജനാധിപത്യ പോരാട്ടങ്ങൾക്ക് യു.എസ് നൽകുന്ന പിന്തുണയെ അവർ അഭിനന്ദിക്കുകയും ചെയ്തിരുന്നു. 'മറിയ ട്രംപിന്റെ പോക്കറ്റിലായി " എന്നാണ് മഡുറോ അന്ന് പരിഹസിച്ചത്.
--------------------------
അന്ന് പനാമ....
കൃത്യം 36 വർഷങ്ങൾക്ക് മുമ്പ്. 1990 ജനുവരി 3. അന്നാണ് ലാറ്റിൻ അമേരിക്കയിൽ യു.എസ് അവസാനമായി നേരിട്ട് ഇടപെട്ടത്. പനാമയെ ആക്രമിച്ച യു.എസ് അവിടുത്തെ സൈനിക സ്വേച്ഛാധിപതിയായിരുന്ന മാനുവൽ നൊറിയേഗയെ പിടികൂടി. മഡുറോയ്ക്ക് സമാനമായി മയക്കുമരുന്ന് കുറ്റമാണ് നൊറിയേഗയ്ക്ക് മേൽ ചുമത്തപ്പെട്ടത്.
യു.എസുമായുള്ള ഏറ്റുമുട്ടലിൽ പനാമ സൈന്യം അടിപതറിയതോടെ വത്തിക്കാൻ എംബസിയിൽ അഭയംതേടിയിരുന്ന നൊറിയേഗയും കീഴടങ്ങി. യു.എസിലേക്ക് എത്തിച്ച നൊറിയേഗയെ വിചാരണ ചെയ്തു. 2010 വരെ അവിടെ തടവിൽ കഴിഞ്ഞു.
തുടർന്ന് മറ്റൊരു വിചാരണയ്ക്ക് ഫ്രാൻസിലേക്ക് നാടുകടത്തി. 2011ൽ ഫ്രാൻസ് അദ്ദേഹത്തെ പനാമയിലേക്ക് തിരിച്ചയച്ചു. 2017ൽ പനാമയിലെ ജയിലിൽ നൊറിയേഗ മരിച്ചു. മുൻ ഇറാഖി പ്രസിഡന്റ് സദ്ദാം ഹുസൈൻ, ഹോണ്ടുറാസ് മുൻ പ്രസിഡന്റ് ജുവാൻ ഒർലാൻഡോ ഹെർണാണ്ടസ് എന്നിവരെയും യു.എസ് പിടികൂടിയത് ലോകത്തെ ഞെട്ടിച്ചിരുന്നു.
--------------------------
സർക്കാരിനുള്ളിൽ 'ചാരൻ"
വാഷിംഗ്ടൺ: മഡുറോയെ പിടികൂടാൻ യു.എസിനെ വെനസ്വേലൻ സർക്കാരിനുള്ളിലെ ഒരാൾ സഹായിച്ചെന്ന് വിവരം. മഡുറോയുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാൻ യു.എസ് ഇന്റലിജൻസ് ഏജൻസിയായ സി.ഐ.എയുമായി അടുപ്പം പുലർത്തുന്ന ഇയാൾ സഹായിച്ചു. സി.ഐ.എ മാസങ്ങൾക്ക് മുന്നേ വെനസ്വേലയ്ക്കുള്ളിൽ രഹസ്യ ദൗത്യങ്ങൾ ആരംഭിച്ചിരുന്നു.
ട്രംപ് ഫോക്സ് ന്യൂസിനോട്:
നാല് ദിവസമായി ദൗത്യത്തിന് ശ്രമിക്കുന്നു. പക്ഷേ കാലാവസ്ഥ മോശമായിരുന്നു
പിടികൂടുമ്പോൾ കോട്ട പോലുള്ള ഒരു വീട്ടിലായിരുന്നു മഡുറോ. ചുറ്റും ഉരുക്കു കവചങ്ങൾ
മഡുറോയെ പിടികൂടുന്നത് താനും ഭാര്യയും ഒരു ടി.വി ഷോ പോലെ കണ്ടു. വളരെ മനോഹരമായിരുന്നു. ഇത്രയും വലിയൊരു നീക്കം നടത്താൻ ഭൂമിയിലെ മറ്റൊരു രാജ്യത്തിനും കഴിയില്ല
മഡുറോയോട് കീഴടങ്ങാൻ ഒരാഴ്ച മുന്നേ പറഞ്ഞിരുന്നു
മഡുറോയേയും ഭാര്യയേയും ന്യൂയോർക്കിൽ എത്തിക്കും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |