SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.45 PM IST

സോമനാഥ ക്ഷേത്രം; സുദൃഢ വിശ്വാസത്തിന്റെ സഹസ്ര വർഷം

Increase Font Size Decrease Font Size Print Page

s


സോമനാഥ് എന്ന വാക്കുതന്നെ നമ്മുടെ ഹൃദയങ്ങളിൽ അഭിമാനമുണർത്തുന്നതാണ്. ഇന്ത്യയുടെ ആത്മാവിന്റെ ശാശ്വതമായ പ്രഖ്യാപനമാണ് അത്. ഗുജറാത്തിലെ പ്രഭാസ് പാഠൺ എന്ന സ്ഥലത്ത്, ഇന്ത്യയുടെ പടിഞ്ഞാറൻ തീരത്താണ് മഹത്തായ സോമനാഥ ക്ഷേത്രം. ഇന്ത്യയിലുടനീളമുള്ള 12 ജ്യോതിർലിംഗങ്ങളെക്കുറിച്ച് 'ദ്വാദശ ജ്യോതിർലിംഗ സ്‌തോത്രം" പരാമർശിക്കുന്നുണ്ട്. സോമനാഥ ശിവലിംഗം ദർശിക്കുന്നതിലൂടെ മാത്രം ഒരു വ്യക്തി പാപമുക്തി നേടുകയും, ആഗ്രഹങ്ങൾ സാക്ഷാത്കരിക്കുകയും, മരണശേഷം സ്വർഗം പ്രാപിക്കുകയും ചെയ്യുന്നു എന്നാണ് ആ സ്തോത്രത്തിന്റെ അർത്ഥം.


ദുഃഖകരമെന്നു പറയട്ടെ, ദശലക്ഷക്കണക്കിനു പേരുടെ ഭക്തിക്കും പ്രാർഥനയ്ക്കും പാത്രമായ ഈ ക്ഷേത്രം, വൈദേശിക അധിനിവേശത്താൽ ആക്രമിക്കപ്പെട്ടു. സോമനാഥ ക്ഷേത്രത്തെ സംബന്ധിച്ച് അതീവ പ്രാധാന്യമുള്ളതാണ് ഈ വർഷം. ഈ മഹാക്ഷേത്രത്തിനു നേർക്കുണ്ടായ ആദ്യ ആക്രമണത്തിന് ഇപ്പോൾ ആയിരം വർഷം തികയുകയാണ്. 1026 ജനുവരിയിലാണ് ഗസ്നിയിലെ മഹ്‌മൂദ് സോമനാഥ ക്ഷേത്രം ആക്രമിച്ചത്. എങ്കിലും, ക്ഷേത്ര പ്രതാപം വീണ്ടെടുക്കുവാൻ നടന്ന പരിശ്രമങ്ങളുടെ ഫലമായി, ആയിരം വർഷങ്ങൾക്കിപ്പുറവും സോമാഥം മുമ്പത്തെപ്പോലെ പ്രതാപത്തോടെ നിലകൊള്ളുന്നു.

അത്തരമൊരു നാഴികക്കല്ലിന് ഈ വർഷം 75 വർഷം പൂർത്തിയാവുകയാണ്. 1951 മേയ് 11-ന് അന്നത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്ര പ്രസാദിന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചടങ്ങിലാണ്, പുനർനിർമിച്ച ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തത്. സോമനാഥിൽ നടന്ന ആദ്യ ആക്രമണവും, അത് ക്ഷേത്രത്തിനു വരുത്തിയ നാശനഷ്ടങ്ങളും,​ജനങ്ങൾക്കു നേരെയുണ്ടായ ക്രൂരതകളും ചരിത്രം വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിലെ ഓരോ വരിയും ദുഃഖത്തിന്റെയും ക്രൂരതയുടെയും,​ കാലം മായ്ക്കാത്ത സങ്കടത്തിന്റെയും ഭാരംപേറുന്നവയാണ്.

ഓരോ തവണ സോമാഥ ക്ഷേത്രം ആക്രമിക്കപ്പെട്ടപ്പോഴും,​ ആ തലമുറയിലെ ജനങ്ങൾ തളരാതെ നിലകൊള്ളുകയും,​ ക്ഷേത്രം പുനർനിർമിക്കുകയും ചെയ്തു. ഭക്തർക്ക് സോമനാഥിൽ പ്രാർത്ഥിക്കുന്നതിന് സൗകര്യമൊരുക്കാൻ ഉദാത്ത പരിശ്രമം നടത്തിയ അഹല്യബായ്‌ ഹോൾക്കറെപ്പോലുള്ള മഹദ് ‌വ്യക്തികളെ വളർത്തിയെടുത്ത അതേ മണ്ണിൽ ജനിക്കാൻ കഴിഞ്ഞത് നമ്മുടെ ഭാഗ്യമാണ്. സ്വാമി വിവേകാനന്ദൻ 1890-കളിൽ സോമനാഥ് സന്ദർശിക്കുകയുണ്ടായി. ആ അനുഭവം അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു. 1897-ൽ ചെന്നൈയിൽ നടത്തിയ പ്രസംഗത്തിൽ അദ്ദേഹം ആ വികാരം പ്രകടിപ്പിച്ചത് ഇങ്ങനെയാണ്:

'ദക്ഷിണേന്ത്യയിലെ ചില പഴയ ക്ഷേത്രങ്ങളും ഗുജറാത്തിലെ സോമനാഥും നിങ്ങളെ അറിവിന്റെ വലിയ പാഠങ്ങൾ പഠിപ്പിക്കും. നമ്മുടെ വംശത്തിന്റെ ചരിത്രത്തെക്കുറിച്ച് ഏതൊരു പുസ്തകത്തെക്കാൾ ആഴമുള്ള ഉൾക്കാഴ്ച നൽകും. നൂറുകണക്കിന് ആക്രമണങ്ങളുടെയും പുനർജന്മങ്ങളുടെയും അടയാളങ്ങൾ ഈ ക്ഷേത്രങ്ങൾ എങ്ങനെ വഹിക്കുന്നു എന്നു നോക്കൂ. അതാണ് ദേശീയ വികാരം. അത് പിന്തുടരുക, അതു നിങ്ങളെ മഹത്വത്തിലേക്കു നയിക്കും."


സ്വാതന്ത്ര്യാനന്തരം,​ സോമനാഥ ക്ഷേത്രം പുനർനിർമിക്കുക എന്ന പവിത്രമായ ദൗത്യം സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ കരുത്തുറ്റ കൈകളിലെത്തി. 1947-ലെ ദീപാവലി വേളയിലെ സന്ദർശനം അദ്ദേഹത്തെ അത്രത്തോളം സ്വാധീനിച്ചതിനാൽ ക്ഷേത്രം അവിടെത്തന്നെ പുനർനിർമിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഒടുവിൽ, 1951 മേയ് 11-ന് സോമനാഥിലെ ഗംഭീരമായ ക്ഷേത്രം ഭക്തർക്കായി തുറന്നുകൊടുത്തു. ഡോ. രാജേന്ദ്ര പ്രസാദും ആ ചടങ്ങിൽ സന്നിഹിതനായിരുന്നു. ഈ ചരിത്രദിനം കാണാൻ മഹാനായ സർദാർ സാഹിബ് ജീവിച്ചിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ സ്വപ്നസാക്ഷാത്കാരം രാജ്യത്തിനു മുന്നിൽ തലയുയർത്തി നിന്നു.

പ്രതിസന്ധികളെയും പോരാട്ടങ്ങളെയും അതിജീവിച്ച് പ്രതാപത്തോടെ നിലകൊള്ളുന്ന സോമനാഥ ക്ഷേത്രത്തെക്കാൾ മികച്ച മറ്റൊരു ഉദാഹരണം,​ നമ്മുടെ സംസ്‌കാരത്തിന്റെ അജയ്യമായ കരുത്തിന് നൽകാനില്ല. നൂറ്റാണ്ടുകൾ നീണ്ട അധിനിവേശങ്ങളെയും കോളനിവാഴ്ചയുടെ കൊള്ളകളെയും അതിജീവിച്ച്, ഇന്ന് ആഗോള വളർച്ചയുടെ ഏറ്റവും തിളക്കമുള്ള ഇടങ്ങളിലൊന്നായി മാറിയ നമ്മുടെ രാജ്യത്തും ഇതേ ആവേശമാണ് ദൃശ്യമാകുന്നത്. നമ്മുടെ മൂല്യബോധവും ജനങ്ങളുടെ നിശ്ചയദാർഢ്യവുമാണ് ഇന്ന് ഇന്ത്യയെ ആഗോള ശ്രദ്ധാ കേന്ദ്രമാക്കി മാറ്റിയത്.

വെറുപ്പിനും മതഭ്രാന്തിനും ഒരു നിമിഷത്തേക്ക് നശിപ്പിക്കാനുള്ള ശക്തിയുണ്ടായേക്കാം. എന്നാൽ, നന്മയുടെ കരുത്തിലുള്ള വിശ്വാസത്തിനും ദൃഢനിശ്ചയത്തിനും നിത്യത സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന് സോമനാഥ് എന്ന പ്രത്യാശയുടെ ഗീതം നമ്മോടു പറയുന്നു. ആയിരം വർഷങ്ങൾക്കു മുമ്പു മുതൽ എത്രയോ തവണ ആക്രമിക്കപ്പെട്ടിട്ടും വീണ്ടും വീണ്ടും ഉയിർത്തെഴുന്നേല്ക്കാൻ സോമനാഥ ക്ഷേത്രത്തിന് കഴിഞ്ഞുവെങ്കിൽ, അധിനിവേശങ്ങൾക്കു മുമ്പ് ആയിരം വർഷം മുമ്പുണ്ടായിരുന്ന അതേ പ്രതാപത്തിലേക്ക് നമ്മുടെ മഹത്തായ രാഷ്ട്രത്തെ വീണ്ടെടുക്കാൻ തീർച്ചയായും നമുക്കു സാധിക്കും.

(ശ്രീ സോമനാഥ് ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി)

TAGS: SOMANATHA TEMPLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY