SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.55 PM IST

ആയുസ് 10 വർഷം കൂടി, കുട്ടികൾ കമ്മി: 'സീനിയേഴ്സിന്റെ" സ്വന്തം നാട്

Increase Font Size Decrease Font Size Print Page
population

തിരുവനന്തപുരം: കേരളം വൃദ്ധജനങ്ങൾക്ക് മുൻതൂക്കമുള്ള സംസ്ഥാനമായി മാറുമെന്ന് മുന്നറിയിപ്പ്. ആരോഗ്യ സംരക്ഷണത്തിലെ അതീവ ശ്രദ്ധ ആയുർദൈർഘ്യത്തിലേക്ക് നയിക്കുന്നു. മറുവശത്ത് ജനനനിരക്ക് കുറയുന്നതാണ് ഈയൊരു സാമൂഹികാന്തരീക്ഷത്തിലേക്ക് നീങ്ങാൻ കാരണം. കുട്ടികളേ വേണ്ട എന്നുചിന്തിക്കുന്ന യുവജനങ്ങളും വർദ്ധിക്കുകയാണ്.

കഴിഞ്ഞ 25വർഷത്തെ ജനസംഖ്യാ അനുപാതത്തിന്റെ അടിസ്ഥാനത്തിൽ, ഇനിയുള്ള 25 വർഷം കഴിയുമ്പോൾ കേരളത്തിലെ അവസ്ഥ എന്തായിരിക്കും എന്നതാണ് പഠനവിധേയമാക്കിയത്. 2051 ആകുമ്പോഴേക്കും മലയാളിയുടെ ആയുർദൈർഘ്യത്തിൽ പത്തു വർഷത്തെ വർദ്ധന ഉണ്ടാകുമെന്നാണ് കണ്ടെത്തൽ.

എന്നാൽ പ്രസവ നിരക്ക് കുറയും. ഒരു സ്ത്രീയ്ക്ക് 1.5 കുട്ടികൾ എന്നത് 1.4 ആകും. 2041ൽ ജനസംഖ്യ 3.65 കോടിയായി ഉയരും. എന്നാൽ ജനനനിരക്ക് കുറയുന്നതിനാൽ 2051ൽ ഇത് 3.55 കോടിയായി കുറയും. അപ്പോൾ എൺപത് വയസു പിന്നിട്ടവരുടെ എണ്ണം ജനസംഖ്യയുടെ 6.8 ശതമാനമായിരിക്കും. ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രസവനിരക്ക് കുറയുന്നുണ്ട്.

ടാറ്റാ ട്രസ്റ്റിന്റെ കീഴിലുള്ള എൻ.ജി.ഒയായ പോപ്പുലേഷൻ ഫെഡറേഷൻ ഒഫ് ഇന്ത്യയ്ക്കുവേണ്ടി കേരളത്തിൽ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്‌മെന്റാണ് (ഐ.ഐ.എം.എ.ഡി) പഠനം നടത്തിയത്. റിട്ട.അഡിഷണൽ ചീഫ് സെക്രട്ടറി ഷീലാ തോമസ് പ്രസിഡന്റായ സംഘടനയിൽ പ്ളാനിംഗ് ബോർഡ് മെമ്പർ രവിരാമനും ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിനാൻസ് ആന്റ് ടാക്സേഷനിലെ വിദഗ്ദ്ധരും സഹകരിക്കുന്നുണ്ട്. കേരളത്തിൽ ഐ.ഐ.എം.എ.ഡി ചെയർമാൻ എസ്.ഇരുദയ രാജന്റെ നേതൃത്വത്തിലായിരുന്നു പഠനം.

ആയുർദൈർഘ്യം എൺപതിലേക്ക്

 2021ലെ കണക്കുപ്രകാരം പുരുഷന്റെ ശരാശരി ആയുസ്- 70.4 വയസ്:

 2051ൽ പുരുഷന്റെ ശരാശരി ആയുസ്-80

 2021ലെ കണക്കുപ്രകാരം സ്ത്രീയുടെ ശരാശരി ആയുസ്-75.9

 2051ൽ സ്ത്രീയുടെ ശരാശരി ആയുസ്-85.7

 02 കുട്ടികൾ മതിയെന്നുള്ള ദമ്പതികൾ- 58%

 03 കുട്ടികൾ വേണമെന്നുള്ള ദമ്പതികൾ-10%

വൃദ്ധസദനങ്ങൾ പെരുകും

1. മറുനാട്ടിലേക്ക് കുടിയേറാനുള്ള യുവതലമുറയുടെ പ്രവണതയുടെ പ്രത്യാഘാതം ഏറ്റുവാങ്ങുക വൃദ്ധരായിരിക്കും.

2. ഇത് വീടുകളിൽ ഏകാന്ത ജീവിതം നയിക്കേണ്ട അവസ്ഥയുക്കാം. സുരക്ഷയെ കരുതി വൃദ്ധസദനങ്ങളിലേക്ക് ചേക്കേറേണ്ടിവരും.

3. മനുഷ്യവിഭവശേഷിയിൽ യുവസാന്നിദ്ധ്യം കേരളത്തിൽ കുറയും.

'2051 ആകുമ്പോഴേക്കും സംസ്ഥാനത്തെ വോട്ടർമാരിൽ അഞ്ചിൽ ഒരാൾ മുതിർന്ന പൗരനായിരിക്കും. സമസ്ത മേഖലയിലും ചർച്ച ചെയ്യേണ്ട വിഷയമാണിത്".

- എസ്. ഇരുദയ രാജൻ, ചെയർമാൻ,ഐ.ഐ.എം.എ.ഡി

TAGS: POPULATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY