
ആർജെയും നർത്തകനുമായ അമൻ ഭൈമിയുമായി വിവാഹബന്ധം വേർപെടുത്താൻ കാരണം ബിഗ്ബോസ് റിയാലിറ്റി ഷോ അല്ലെന്ന് വെളിപ്പെടുത്തി നടി വീണാ നായർ. ബിഗ്‌ബോസിൽ താൻ എടുത്ത നിലപാട് കണ്ട് ഭാര്യയെ വേണ്ടെന്ന് വയ്ക്കാൻ മാത്രം മോശമായ ആളല്ല അമനെന്നും നടി വ്യക്തമാക്കി. കഴിഞ്ഞ ദിവസം ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു പരാമർശം.
'ഒരാളെ കല്യാണം കഴിക്കുന്നത് ഡിവോഴ്സ് ചെയ്യാൻ വേണ്ടിയാണോ? അങ്ങനെ ആരെങ്കിലും ചെയ്യുമോ? നമ്മൾ സ്നേഹിച്ച് സ്വപ്നം കണ്ടിട്ടല്ലേ കല്യാണം കഴിക്കുന്നത്. പിന്നെ അത് ഭാവിയിൽ എന്തെങ്കിലുമൊക്കെ പ്രശ്നം ഉണ്ടാകുന്നത് നമ്മുടെ തലയിലെഴുത്തും എന്തെങ്കിലുമൊക്കെ കാരണങ്ങൾ കൊണ്ടായിരിക്കും. പക്ഷേ നമ്മൾ ഇഷ്ടപ്പെട്ട ഒരാളെ ലെെഫിൽ വേണ്ടെന്നുവയ്ക്കുന്ന തീരുമാനത്തിൽ എത്തണമെങ്കിൽ നമ്മൾ എന്തുമാത്രം മാനസികമായിട്ട് വിഷമിച്ചിട്ടുണ്ടാകും.
ഞാൻ ഇപ്പോൾ കരഞ്ഞാൽ ആളുകൾ പറയുന്നത് 'നിന്റെ കരച്ചിലൊക്കെ ഞങ്ങൾ ബിഗ്ബോസിൽ കുറെ കണ്ടിട്ടുള്ളതല്ലേ, നീ അന്ന് കുറെ കാണിച്ചുകൂട്ടിയതിന്റെ അല്ലെ ഇപ്പോൾ അനുഭവിക്കുന്നേ' എന്നാണ്. ആ പറയുന്നതൊന്നും എനിക്ക് ഇപ്പോൾ ലെവലേശം ഏക്കില്ല. പക്ഷേ എങ്കിലും ഞാൻ ചിന്തിക്കുന്നത് ആൾക്കാരുടെ കാഴ്ചപ്പാടിനെ പറ്റിയാണ്. ബിഗ് ബോസ് കാരണമല്ല എന്റെ ജീവിതത്തിൽ പ്രശ്നം ഉണ്ടാകുന്നത്. അങ്ങനെയൊരു തെറ്റിദ്ധാരണ കേരളത്തിലുള്ള ഒട്ടുമിക്ക ആൾക്കാർക്കുമുണ്ട്. ബിഗ്ബോസിൽ ഞാൻ പറഞ്ഞ സ്റ്റേറ്റ്മെന്റിന്റെ പേരിൽ എന്നെ വേണ്ടെന്ന് വയ്ക്കാൻ മാത്രം അമ്പാടിയുടെ അച്ഛൻ മോശമല്ല. അയാൾ നല്ല ജെന്റിൽമാനാണ്'- വീണ കുറിച്ചു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് അമനും വീണയും വിവാഹ ബന്ധം വേർപെടുത്തിയത്. ഏറെക്കാലത്തെ പ്രണയത്തിനുശേഷം 2014ൽ ആയിരുന്നു വിവാഹം. കലോത്സവ വേദികൾ മുതലുള്ള പരിചയം പ്രണയത്തിലും വിവാഹത്തിലും എത്തുകയായിരുന്നു. ഇരുവർക്കും ഒരു മകനുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |