ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അഞ്ചുവർഷത്തിലേറെയായി തീഹാർ ജയിലിൽ കഴിയുന്ന ആക്‌ടിവിസ്റ്റുകളായ ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഒരു വർഷത്തേക്ക് ജാമ്യം നൽകാൻ കഴിയില്ലെന്ന് സുപ്രീം കോടതി. സുപ്രധാന സാക്ഷികളുടെ വിസ്‌താരം പൂർത്തിയായശേഷമോ, ഒരു വർഷം പൂർത്തിയാകുമ്പോഴോ ജാമ്യാപേക്ഷ സമർപ്പിക്കാവുന്നതാണെന്ന് ജസ്റ്റിസുമാരായ അരവിന്ദ് കുമാർ, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
മറ്റു അഞ്ച് ആക്‌ടിവിസ്റ്റുകളായ മീരാൻ ഹൈദർ, ഗുൽഫിഷ ഫാത്തിമ, ഷിഫ ഉർ റഹ്‌മാൻ, മുഹമ്മദ് സലീം ഖാൻ, ഷദബ് അഹമ്മദ് എന്നിവർക്ക് ജാമ്യം അനുവദിച്ചു. തെളിവുകളുടെ സ്വഭാവവും ദീർഘകാല തടവും കണക്കിലെടുത്താണ് ഇവർക്ക് ജാമ്യമെന്ന് കോടതി വ്യക്തമാക്കി.
കേന്ദ്രസർക്കാരിനെ അസ്ഥിരപ്പെടുത്താനും, സമൂഹത്തിൽ അശാന്തി വിതയ്‌ക്കാനും കൃത്യമായി ആസൂത്രണം ചെയ്‌തു നടപ്പാക്കിയതാണെന്ന് ഡൽഹി പൊലീസിന്റെ വാദം കോടതി മുഖവിലയ്‌ക്കെടുത്തു. ഷർജീൽ
2020 ആഗസ്റ്റ് 25നും ഉമർ സെപ്‌തംബർ 14നുമാണ് കസ്റ്രഡിയിലായത്. പൗരത്വ നിയമഭേദഗതിക്കെതിരെയുള്ള സമരത്തിൽ സജീവമായിരുന്ന ആക്‌ടിവിസ്റ്റുകളും ചില സംഘടനകളും ചേർന്ന് ഗൂഢാലോചന നടത്തി 2020ലെ കലാപത്തിന് കളമൊരുക്കിയെന്നാണ് ഡൽഹി പൊലീസിന്റെ കേസ്.
പൗരജീവിതം തടയുന്നതും
ഭീകരത തന്നെ
ഭരണഘടന ഉറപ്പുനൽകുന്ന വ്യക്തി സ്വാതന്ത്ര്യം എന്ന മൗലികാവകാശം പ്രധാനമാണ്. വിചാരണയ്‌ക്ക് മുൻപുള്ള ദീർഘകാലം തടവ് ഗുരുതരമായ ആശങ്കയുമാണ്. എന്നാൽ, ഭീകരപ്രവർത്തനം നടന്നുവെന്ന് പ്രഥമദൃഷ്‌ട്യാ പ്രോസിക്യൂഷൻ വെളിപ്പെടുത്തി കഴിഞ്ഞാൽ അക്കാര്യം അവഗണിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. പൗരജീവിതത്തെ തടസപ്പെടുത്തുന്നതോ, സമ്പദ്ഘടനയെ സ്‌തംഭിപ്പിക്കുന്നതോ ആയ കാര്യങ്ങളും ഭീകരതയാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |