
ചെന്നൈ: തമിഴ്നാട്ടിൽ വൻ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കി ബി.ജെ.പിയുടെ പൊങ്കൽ ആഘോഷം. തൃച്ചിയിലെ മാന്നാർപുരത്ത് ബി.ജെ.പി മഹിളാ മോർച്ച സംഘടിപ്പിച്ച 'നമ്മ ഊരു മോദി പൊങ്കൽ' എന്ന ആഘോഷ പരിപാടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യാതിഥിയായി. പൊങ്കൽ വിഭവം തയ്യാറാക്കുന്നതിൽ പാർട്ടി അംഗങ്ങളോടൊപ്പം അദ്ദേഹം പങ്കുചേർന്നു. അലങ്കരിച്ച 1,008 കലങ്ങളിലാണ് പൊങ്കൽ ഉണ്ടാക്കിയത്.
മഹിളാ മോർച്ച സംസ്ഥാന പ്രസിഡന്റ് വനതി ശ്രീനിവാസൻ എം.എൽ.എ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ, കേന്ദ്രമന്ത്രി എൽ മുരുകൻ, മുൻ സംസ്ഥാന പ്രസിഡന്റുമാരായ കെ.അണ്ണാമലൈ, തമിഴിസൈ സൗന്ദർരാജൻ തുടങ്ങി നിരവധി പേർ ആഘോഷത്തിൽ പങ്കെടുത്തു.
രാവിലെ, തിരുവാണൈക്കാവലിലെ പുരാതനമായ ജംബുകേശ്വർ അഖിലാണ്ഡേശ്വരി ക്ഷേത്രവും ശ്രീരംഗത്തെ ശ്രീരംഗനാഥ സ്വാമി ക്ഷേത്രവും ഷാ സന്ദർശിച്ചു.
ഞായറാഴ്ച, സംസ്ഥാന ബി.ജെ.പി പ്രസിഡന്റ് നൈനാർ നാഗേന്ദ്രൻ നടത്തിയ 'തമിഴകം തലൈ നിമിര തമിഴാനിൻ പയനം യാത്ര'യുടെ സമാപനത്തോടനുബന്ധിച്ച് പുതുക്കോട്ടയിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവെ, രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ പാർട്ടിയാണ് ഡി.എം.കെ എന്ന് ഷാ ആരോപിച്ചു.
ഹിന്ദുക്കളുടെ വിശ്വാസങ്ങളെ നിരന്തരം അപമാനിക്കുന്ന ഭരണകക്ഷിയായ ഡി.എം.കെ സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷമായ ആക്രമണം നടത്തി. വരാനിരിക്കുന്ന 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ എൻ.ഡി.എ വിജയം നേടുമെന്നും തമിഴ്‌നാട് ജനങ്ങൾ ഉടൻ തന്നെ 'ഒരു കുടുംബ ഭരണം' തള്ളിക്കളയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |