
ന്യൂഡൽഹി: കടലിന്റെ ആവാസ വ്യവസ്ഥയ്‌ക്ക് ഭീഷണിയാകുന്ന വസ്‌തുക്കൾ നീക്കാനും തീയണയ‌്ക്കൽ അടക്കം രക്ഷാ ദൗത്യങ്ങൾ നടപ്പാക്കാനും ലക്ഷ്യമിട്ട് തീരദേശ സേനയ്‌ക്കായി തദ്ദേശീയമായി നിർമ്മിച്ച കപ്പൽ 'ഐ.സി.ജി.എസ് സമുദ്ര പ്രതാപ്' പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കമ്മിഷൻ ചെയ്‌തു. ഗോവ ഷിപ്പ്‌യാർഡിൽ നിർമ്മിച്ച കപ്പൽ കൊച്ചി തീരദേശ സേനയുടെ കീഴിലാകും പ്രവർത്തിക്കുക.
കപ്പൽ നിർമ്മാണത്തിലെ ഇന്ത്യയുടെ ആത്മനിർഭർത ലക്ഷ്യത്തിലെ പ്രധാന ചുവടുവയ്പ്പാണിതെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.
കപ്പലിലെ 60% ഘടകങ്ങളും തദ്ദേശീയമാണ്. തദ്ദേശീയമായി രൂപകല്പന ചെയ്ത ആദ്യത്തെ മലിനീകരണ നിയന്ത്രണ കപ്പലാണ്. തീരദേശ സേനയുടെ പട്രോളിംഗിനും കപ്പൽ ഉപയോഗപ്പെടുത്താം. സമുദ്ര പ്രതാപിലൂടെ തീരദേശ സേന കപ്പലുകളിൽ ആദ്യമായി വനിതകളുടെ സാന്നിദ്ധ്യവും ഉറപ്പാക്കും. ഇന്ത്യൻ സമുദ്ര അതിർത്തികളിൽ എതിരാളികൾ സാഹസികതയ്ക്ക് ശ്രമിച്ചാൽ,കൃത്യമായ തിരിച്ചടിയുണ്ടാകുമെന്ന് തീരദേശ സേന ഇതിനകം തെളിയിച്ചതായും മന്ത്രി പറഞ്ഞു.
സമുദ്ര സുരക്ഷയ്ക്ക്
പവിഴപ്പുറ്റുകൾ,കണ്ടൽക്കാടുകൾ,സമുദ്ര ജൈവവൈവിദ്ധ്യം എന്നിവയെ സംരക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള മലിനീകരണ നിയന്ത്രണം. കപ്പലുകളിൽ നിന്ന് ചോരുന്ന എണ്ണ നീക്കൽ,എണ്ണക്കപ്പലുകളിലെ തീയണയ്‌ക്കൽ,സമുദ്ര സുരക്ഷ, പട്രോളിംഗ്.
മലിനീകരണം കണ്ടെത്താനും എണ്ണപ്പാട നീക്കാനും പ്രത്യേക സംവിധാനം,മലിനീകരണ നിയന്ത്രണ ലാബോറട്ടറി സൗകര്യം, മാലിന്യങ്ങൾ ശേഖരിക്കാൻ ബോട്ടുകൾ,ആധുനിക അഗ്നിശമന യന്ത്രങ്ങൾ,ഹെലികോപ്റ്റർ ഹാംഗർ
പ്രക്ഷുബ്ധമായ കടലിലും സ്ഥിരതയോടെ പ്രവർത്തിക്കും
തീരദേശ സേനാ കപ്പലിൽ ആദ്യമായി രണ്ട് വനിതാ ഓഫീസർമാർ
114.5 മീറ്റർ നീളം വേഗത 22 നോട്ടിക്കൽ മൈൽ,7,500 കിലോവാട്ട് ശേഷിയുള്ള രണ്ട് ഡീസൽ എൻജിനുകൾ,6000 നോട്ടിക്കൽ മൈൽ വരെ തുടർച്ചയായി സഞ്ചരിക്കാം.
സുരക്ഷയ്‌ക്ക് 30 എം.എം സി.ആർ.എൻ-91 തോക്കും രണ്ട് 12.7 എം.എം സ്റ്റെബിലൈസ്ഡ് റിമോട്ട്-കൺട്രോൾഡ് തോക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |