
ഐസ്വാൾ: ഇന്ത്യയിൽ പലയിനത്തിലുള്ള പാമ്പുകളുണ്ട്. അതിൽ പല ഇനങ്ങളും മിസോറാമിൽ നിന്നാണ് ആദ്യമായി കണ്ടെത്തിയത്. ആ കൂട്ടത്തിൽ പുതിയ ഒരു ഇനവും കണ്ടെത്തിയിരിക്കുകയാണ് ഇപ്പോൾ. 'കലമരിയ മിസോറമെസിസ്' എന്നാണ് പുതിയ പാമ്പിനത്തിന്റെ പേര്. മിസോറാം സർവകലാശാലയിലെ പ്രൊഫസർ എച്ച്.ടി ലാൽറെംസംഗയുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘമാണ് പുതിയ ഈ പാമ്പിനെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സൂടാക്സയുടെ ഏറ്റവും പുതിയ ലക്കത്തിൽ പുതിയ ഇനം പാമ്പിനെ കണ്ടെത്തിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്.
ലാൽറെംസംഗയുടെ അഭിപ്രായത്തിൽ കലമരിയ ജനുസിൽ ആഗോളതലത്തിൽ ഇതുവരെ 69 സ്പീഷീസുകൾ കണ്ടെത്തിയിട്ടുണ്ട്. അവയിൽ മിക്കതും ചെറുതും രഹസ്യസ്വഭാവമുള്ളതുമാണ്. അക്കൂട്ടത്തിൽ പുതിയതായി കണ്ടെത്തിയ ഇനം വിഷമില്ലാത്തതും മനുഷ്യന് ഭീഷണിയല്ലാത്തതുമാണെന്ന് ഗവേഷകർ പറയുന്നു. 'ഇത് ഞങ്ങൾക്ക് പുതിയതല്ല. ഈ ഇനം 2008ൽ മിസോറാം യൂണിവേഴ്സിറ്റി ക്യാമ്പസിലും പിന്നീട് മിസോറമിന്റെ വിവിധ ഭാഗങ്ങളിലും ഞങ്ങൾ കണ്ടെത്തി.
ഡി.എൻ.എ വേർതിരിച്ചറിയാൻ കഴിയാത്തതിനാൽ ഇതൊരു തെക്കുകിഴക്കൻ ഏഷ്യൻ സ്പീഷീസിന്റെ ഭാഗമായി കണക്കാക്കിയിരുന്നു. പിന്നാലെയാണ് ഇതിനെക്കുറിച്ച് കൂടുതൽ പഠനം നടത്തിയത്. അപ്പോഴാണ് ഇത് പുതിയ ഇനമാണെന്ന് മനസിലായത്'- ലാൽറെംസംഗ വ്യക്തമാക്കി. ഗവേഷകരുടെ അഭിപ്രായത്തിൽ ഈ ഇനം നിലവിൽ മിസോറാമിലേ സ്ഥിരീകരിച്ചിട്ടുള്ളൂ. എന്നാൽ അയൽ രാജ്യങ്ങളിൽ ഈ ഇനം ഉണ്ടാകുമോയെന്ന സാദ്ധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും ഗവേഷകർ പറയുന്നു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇതിന്റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിട്ടില്ല. ഈ പാമ്പ് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഭീഷണിയല്ല പക്ഷേ രാത്രികാല ജീവിയാണ്. ഈ പാമ്പ് ഈർപ്പമുള്ള വനപ്രദേശത്തും കുന്നിലുമാണ് വസിക്കുന്നതെന്നാണ് ഗവേഷകർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |