
ഹൈദരാബാദ്: യു.എസിലുണ്ടായ വാഹനാപകടത്തിൽ ഇന്ത്യക്കാരായ ദമ്പതികൾക്ക് ദാരുണാന്ത്യം. ആന്ധ്രാപ്രദേശ് പാലക്കൊല്ലു സ്വദേശിയും യു.എസിൽ സോഫ്‌റ്റ്‌വെയർ എൻജിനിയറുമായ കൃഷ്‌ണ കിഷോർ (45), ഭാര്യ ആശ (40) എന്നിവരാണ് മരിച്ചത്. അപകടത്തിൽ ഇവരുടെ രണ്ട് മക്കൾക്കും ഗുരുതരമായി പരിക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.
വാഷിംഗ്‌ടണിൽ വച്ചാണ് കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. ദമ്പതിമാർ സംഭവസ്ഥലത്ത് വച്ച് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മകനെയും മകളെയും എമർജൻസി ടീം അംഗങ്ങൾ എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. കൃഷ്‌ണ കിഷോറും കുടുംബവും പത്ത് ദിവസം മുമ്പാണ് നാട്ടിൽ അവധിയാഘോഷിച്ച ശേഷം യു.എസിലേക്ക് മടങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു.
ദുബായ് വഴിയാണ് കുടുംബം അമേരിക്കയിലേക്ക് മടങ്ങിയത്. ദുബായിൽ പുതുവത്സരാഘോഷത്തിലും ഇവർ പങ്കെടുത്തു. അതേസമയം, മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുവരാനുള്ള നടപടിക്രമങ്ങൾക്കും ചികിത്സയിലുള്ള കുട്ടികൾക്ക് വേണ്ട സഹായം നൽകാനും തെലുഗു കൂട്ടായ്‌മയും തെലുഗു അസോസിയേഷൻ ഒഫ് നോർത്ത് അമേരിക്കയും രംഗത്തുണ്ടെന്ന് അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |