
വാഷിംഗ്ടൺ: രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണ നിമിഷങ്ങളിൽ ഒന്ന്. ഒരു പതിറ്റാണ്ടിലേറെയായി വെനസ്വേലയുടെ പ്രസിഡന്റ് കസേരയിലിരുന്നയാൾ. സുരക്ഷാ ഭടൻമാരോ അനുയായികളോ ഇല്ലാതെ,കൈവിലങ്ങണിഞ്ഞ് നടന്നുനീങ്ങുന്ന നിക്കോളാസ് മഡുറോയുടെ ചിത്രങ്ങൾ വെനസ്വേലയിലെ ജനങ്ങളെ ആശ്ചര്യപ്പെടുത്തി.
മയക്കുമരുന്ന് സംഘത്തലവൻ,ഭീകരഗ്രൂപ്പ് നേതാവ് എന്നിങ്ങനെ മുദ്രകുത്തി യു.എസ് പിടികൂടിയ മഡുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും ന്യൂയോർക്കിലെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി. ഇതോടെ യു.എസ് ഡ്രഗ് എൻഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്റെ (ഡി.ഇ.എ) കസ്റ്റഡിയിലുള്ള ഇരുവരെയും കുറ്റവിചാരണ ചെയ്യാനുള്ള ഔദ്യോഗിക നടപടി ആരംഭിച്ചു. ജയിൽ വേഷത്തിലാണ് മഡുറോയേയും സിലിയയേയും കോടതിയിൽ എത്തിച്ചത്. സിലിയയുടെ മുഖത്ത് പരിക്കുണ്ടായിരുന്നു. കോടതിക്കുള്ളിൽ കൈവിലങ്ങുകൾ നീക്കിയെങ്കിലും കാലിൽ ചങ്ങല ധരിപ്പിച്ചിരുന്നു.
മഡുറോയ്ക്കെതിരെ ചുമത്തിയിട്ടുള്ള മയക്കുമരുന്ന് ഭീകരതാ ഗൂഢാലോചന,കൊക്കെയ്ൻ കടത്ത്,മെഷീൻ ഗണ്ണുകളും മാരക ഉപകരണങ്ങളും അനധികൃതമായി കൈവശം വയ്ക്കൽ,അവ യു.എസിനെതിരെ പ്രയോഗിക്കാൻ ഗൂഢാലോചന നടത്തി എന്നീ കുറ്റങ്ങൾ ജഡ്ജി ആൽവിൻ കെ. ഹെല്ലർസ്റ്റെയ്ൻ വായിച്ചു കേൾപ്പിച്ചു. മഡുറോയും ഭാര്യയും കുറ്റങ്ങൾ നിഷേധിച്ചു. മഡുറോ തത്കാലം ജാമ്യം തേടുന്നില്ലെന്ന് അദ്ദേഹത്തിനായി ഹാജരായ അഭിഭാഷകൻ ബാരി പൊള്ളാക്ക് അറിയിച്ചു. കുറ്റങ്ങളുടെ സ്വഭാവവും രക്ഷപെടാനുള്ള സാദ്ധ്യതയും കണക്കിലെടുത്ത് ഇരുവരും ബ്രൂക്ക്ലിനിലെ ജയിലിൽ തുടരട്ടെയെന്ന് കോടതി നിർദ്ദേശിച്ചു. മാർച്ച് 17ന് മഡുറോയെ വീണ്ടും ഹാജരാക്കാനും ഉത്തരവിട്ടു.
# ഞാൻ നിരപരാധിയാണ്. കുറ്റമൊന്നും ചെയ്തിട്ടില്ല. ഞാനിപ്പോഴും എന്റെ രാജ്യത്തിന്റെ പ്രസിഡന്റാണ്.
നിക്കോളാസ് മഡുറോ
(കോടതിയിൽ പറഞ്ഞത്)
മാസങ്ങളോളം കാത്തിരിക്കണം
നിയമനടപടികൾ തുടങ്ങിയെങ്കിലും മഡുറോയുടെ വിചാരണ ആരംഭിക്കാൻ മാസങ്ങളോളമോ ഒരു വർഷത്തിലേറെയോ വേണ്ടി വരും
മഡുറോയെ പിടികൂടിയത് അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചാണെന്നും രാഷ്ട്രത്തലവൻ എന്ന നിലയിൽ വിചാരണയ്ക്കെതിരെ നിയമപരിരക്ഷയുണ്ടെന്നും അദ്ദേഹത്തിന്റെ ടീം കോടതിയിൽ ഉന്നയിക്കും. മഡുറോയ്ക്കെതിരെ തിരഞ്ഞെടുപ്പ് തിരിമറികൾ ആരോപിക്കുന്ന യു.എസ് ഇതിനെ എതിർക്കും
വിചാരണ ഒഴിവാക്കാൻ പ്രോസിക്യൂട്ടർമാർ കുറ്റസമ്മതം അടക്കം വ്യവസ്ഥകളോടെയുള്ള കരാർ വാഗ്ദ്ധാനം ചെയ്യാനുള്ള സാദ്ധ്യതയുണ്ടെങ്കിലും ഏറെ നാൾ കാത്തിരിക്കേണ്ടി വരാമെന്നും വിദഗ്ദ്ധർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |