
കാരക്കാസ്: വീണ്ടും ആക്രമിക്കാൻ മടിയില്ലെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് പിന്നാലെ നിലപാട് മയപ്പെടുത്തി വെനസ്വേലയുടെ ആക്ടിംഗ് പ്രസിഡന്റായി ചുമതലയേറ്റ വൈസ് പ്രസിഡന്റ് ഡെൽസി റൊഡ്രിഗ്വസ്. മഡുറോയെ പിടികൂടിയതിനെതിരെ ആദ്യം ശക്തമായ എതിർപ്പ് പ്രകടിപ്പിച്ച ഡെൽസി, വെനസ്വേലയിലെ ജനങ്ങളുടെ സുരക്ഷയ്ക്കായി യു.എസുമായി സഹകരിക്കാൻ തയ്യാറാണെന്ന് അറിയിച്ചു.
'യു.എസുമായി മാന്യമായ ബന്ധം പുലർത്താൻ മുൻഗണന നൽകും. സഹകരണ അജണ്ട മുൻനിറുത്തി ഒരുമിച്ച് പ്രവർത്തിക്കാൻ യു.എസ് സർക്കാരിനെ ഞങ്ങൾ ക്ഷണിക്കുന്നു" - ഡെൽസി പറഞ്ഞു. മഡുറോ സർക്കാരിലെ മന്ത്രിമാരെല്ലാം നിലവിൽ പദവിയിൽ തുടരുകയാണ്.
അതേ സമയം, മഡുറോയാണ് തങ്ങളുടെ നേതാവെന്ന നിലപാടിൽ നിന്ന് ഡെൽസി അടക്കം ആരും വ്യതിചലിച്ചിട്ടില്ല. എണ്ണ വ്യവസായം അമേരിക്കൻ കമ്പനികൾക്കായി തുറക്കാനും മയക്കുമരുന്ന് ഒഴുക്ക് തടയാനും സഹകരിച്ചില്ലെങ്കിൽ വെനസ്വേലയെ വീണ്ടും ആക്രമിക്കുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി.
അതേ സമയം, യു.എസ് ആക്രമണത്തിൽ സാധാരണക്കാരും സൈനികരും അടക്കം 80ഓളം പേർ രാജ്യത്ത് കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ട്. 32 ക്യൂബൻ സൈനിക, ഇന്റലിജൻസ് ഓഫീസർമാരും ഇതിൽപ്പെടുന്നു.
# സർക്കാരിനുള്ളിൽ നിന്ന് സഹായം ?
ശനിയാഴ്ച യു.എസ് വെനസ്വേലയിൽ വ്യോമാക്രമണം നടത്തിയതിനും മഡുറോയെ പിടിച്ചുകൊണ്ട് പോയതിനും പിന്നിൽ സർക്കാരിനുള്ളിൽ നിന്ന് സഹായം ലഭിച്ചിരിക്കാമെന്നും സംശയമുണ്ട്. തെരുവുകൾ ഇന്നലെ ഏറെക്കുറേ ശാന്തമായിരുന്നു. ഇനി എന്ത് സംഭവിക്കുമെന്ന ആശങ്കയിൽ ജനങ്ങൾ ഭക്ഷണവും മരുന്നും വാങ്ങി സംഭരിക്കാൻ തിരക്കുകൂട്ടുന്നുണ്ട്. മഡുറോയുടെ അനുയായികൾ ഭരണത്തിൽ തുടരുന്നതിൽ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ എതിരാളികൾ വെനസ്വേലയ്ക്കുള്ളിൽ ആഹ്ലാദ പ്രകടനങ്ങൾ നിറുത്തിവച്ചിരിക്കുകയാണ്. സൈന്യം നിലവിലെ ഭരണകൂടത്തെ പിന്തുണയ്ക്കുന്നു.
# ഇറാനും ചൈനയും രംഗത്ത്
മഡുറോയെ ഉടൻ മോചിപ്പിക്കണമെന്ന് ഇറാനും ചൈനയും ആവശ്യപ്പെട്ടു. യു.എസിന്റെ വെനസ്വേലയിലെ ആക്രമണത്തെ സ്പെയിൻ വീണ്ടും അപലപിച്ചു. അതേസമയം, മഡുറോ 'ദുഷ്ടനായ സ്വേച്ഛാധിപതി" ആണെന്നും അധികാരത്തിൽ നിന്ന് പുറത്തായതോടെ വെനസ്വേല സുരക്ഷിതമായെന്നും ബ്രിട്ടീഷ് മന്ത്രി മൈക്ക് ടാപ്പ് പ്രതികരിച്ചു. വെനസ്വേല വിഷയം ചർച്ച ചെയ്യാൻ യു.എൻ രക്ഷാ സമിതി അടിയന്തര യോഗം ചേരും.
# പ്രസിഡന്റ് ട്രംപ് അറിയുവാൻ, ഞങ്ങളുടെ ജനങ്ങൾക്കും ഞങ്ങളുടെ മേഖലയ്ക്കും സമാധാനവും ചർച്ചയുമാണ് വേണ്ടത്. യുദ്ധമല്ല.
- ഡെൽസി റൊഡ്രിഗ്വസ്,
ആക്ടിംഗ് പ്രസിഡന്റ്, വെനസ്വേല
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |