
വീട്ടിൽ അധികം കറികളൊന്നുമില്ലാത്തപ്പോൾ മിക്കവരും ഉണ്ടാക്കുന്ന കറിയാണ് ചമ്മന്തി. കറികളൊന്നും ഉണ്ടാക്കാത്ത സമയത്ത് അതിഥികൾ വീട്ടിലെത്തിയാലും ചമ്മന്തിയും മുട്ട വറുത്തതും ഒക്കെ ആയിരിക്കും കൂടുതൽപേരും തയ്യാറാക്കുക അല്ലേ? എന്നാൽ തേങ്ങാ ചമ്മന്തിയെക്കാളും രുചിയിലും എളുപ്പത്തിലും ഉള്ളി ചമ്മന്തി ഉണ്ടാക്കാൻ കഴിയും. വേറെ കറികളില്ലെങ്കിലും കുഴപ്പമില്ല. ഈ ഉള്ളി ചമ്മന്തി മാത്രം മതിയാവും ഒരു പ്ളേറ്റ് ചോറ് കഴിക്കാൻ. ദോശ, അപ്പം, പൂരി, ചപ്പാത്തി, കപ്പ എന്നിവയോടൊപ്പവും ഉള്ളി ചമ്മന്തി ബെസ്റ്റ് കോംബിനേഷനാണ്.
ഉള്ളി ചമ്മന്തി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. ആദ്യം ചീനച്ചട്ടി അടുപ്പത്തുവച്ച് ചൂടാകുമ്പോൾ ഒരു ടേബിൾ സ്‌പൂൺ എണ്ണ ഒഴിച്ചുകൊടുക്കാം. എണ്ണ ചൂടാകുമ്പോൾ ഇതിലേയ്ക്ക് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞത് ചേർത്തുകൊടുക്കാം. അടുത്തതായി കുറച്ച് ചെറിയ ഉള്ളി തൊലികളഞ്ഞതുകൂടി ചേർത്തിട്ട് ഇവ നന്നായി വഴറ്റിയെടുക്കണം. അടുത്തതായി ഒരു ചെറിയ കഷ്ണം ഇഞ്ചി അരിഞ്ഞത്, കുറച്ച് കറിവേപ്പില എന്നിവകൂടി ചേർത്ത് വഴറ്റാം.
ഇനി ഇതിലേയ്ക്ക് ഒരു ടീസ‌്പൂൺ മുളകുപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി ചേർത്ത് നന്നായി വഴറ്റണം. ഇനി ഫ്ളെയിം ഓഫ് ചെയ്തതിനുശേഷം കുറച്ച് പുളി, ഒരു ചെറിയ കട്ട ശർക്കര എന്നിവ കൂടി ചേർത്തിട്ട് തണുക്കാൻ വയ്ക്കണം. ഇനി എല്ലാം കൂടി മിക്‌സി ജാറിലാക്കി ചെറുതായി അടിച്ചെടുക്കാം. ഉളളി ചമ്മന്തി റെഡിയായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |