
ഒരു കാലത്ത് ഇന്ത്യൻ കായികഭരണ രംഗത്തെ കൈവെള്ളയിലിട്ട് അമ്മാനമാടുകയും പിന്നീട് അഴിമതിക്കേസിൽപ്പെട്ട് ജയിലിലേക്ക് പോകുകയും ചെയ്ത അതികായനാണ് ഇന്നലെ ലോകത്തോട് വിടപറഞ്ഞ സുരേഷ് കൽമാഡി. രണ്ട് യുദ്ധമുഖങ്ങളിൽ എയർഫോഴ്സ് യൂണിഫോമണിഞ്ഞ് ഫൈറ്റർ വിമാനങ്ങൾ പറത്തിയ സുരേഷ് കൽമാഡി പിന്നീട് പറന്നത് രാഷ്ട്രീയത്തിലും സ്പോർട്സിലുമാണ്. ഗാന്ധി കുടുംബവുമായുള്ള അടുപ്പത്തിലൂടെ കോൺഗ്രസിലേക്കെത്തിയ കൽമാഡി രാഷ്ട്രീയത്തിൽ തട്ടകമാക്കിയത് സ്വന്തം നാടായ പൂനെയാണ്. ഇവിടെ നിന്ന് പലകുറി ലോക്സഭയിലേക്കെത്തി. രാജ്യസഭാംഗവുമായി. നരസിംഹറാവു സർക്കാരിന്റെ അവസാനവർഷം കേന്ദ്ര മന്ത്രിസഭയിലുമെത്തി.
എം.പിയായിരിക്കുമ്പോൾ തന്നെ കായിക ഭരണം കൽമാഡി കൈപ്പിടിയിലാക്കിയിരുന്നു. മിക്ക കായിക ഫെഡറേഷനുകളിലും കൽമാഡിയായുടെ അനുയായികൾ തലപ്പത്തെത്തി. ഒന്നരപ്പതിറ്റാണ്ടോളം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്ത് കൽമാഡി വാണു. ഇന്ത്യയിലെ എല്ലാ കായിക ഫെഡറേഷനുകളെയും നിയന്ത്രിക്കുകയും എല്ലാ പ്രമുഖ മത്സരങ്ങളുടെ സംഘാടനത്തിന് മുന്നിട്ടിറങ്ങുകയും ചെയ്തു. ഏഷ്യൻ അത്‌ലറ്റിക് ഫെഡറേഷന്റെ തലവനും ലോക അത്‌ലറ്റിക്സ് ഫെഡറേഷൻ കൗൺസിൽ അംഗവുമായി ആഗോള കായികരംഗത്തും സ്വാധീനമുറപ്പിച്ചു.
2010 കോമൺവെൽത്ത് ഗെയിംസ് വേദി ഡൽഹിയിൽ എത്തിക്കാൻ മുന്നിട്ടുനിന്നത് കൽമാഡിയാണ്. ആ ഗെയിംസുതന്നെ കൽമാഡിയുടെ പതനത്തിനും വഴിയൊരുക്കി. ഗെയിംസ് വിജയകരമായി അവസാനിച്ചതിന് പിന്നാലെ ഉയർന്നുവന്ന അഴിമതിക്കേസുകളിൽ കടുങ്ങി കൽമാഡിക്ക് തിഹാർ ജയിലിലേക്ക് പോകേണ്ടിവന്നു. പത്തുമാസത്തോളം ജയിലിൽ കഴിഞ്ഞു. ഇക്കാലയളവിൽ ചോദ്യം ചെയ്യാനെത്തിയ ഉദ്യോഗസ്ഥരോട് തനിക്ക് മറവിരോഗമാണെന്ന് പറഞ്ഞ് രക്ഷപെടാൻ ശ്രമിച്ചെങ്കിലും വൈദ്യ പരിശോധനയിൽ രോഗം സ്ഥിരീകരിക്കാനാകാത്തത് തിരിച്ചടിയായി. 2012 ഒളിമ്പിക്സിൽ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രതിനിധിയായി പങ്കെടുക്കാൻ ആദ്യം കോടതി അനുവദിച്ചെങ്കിലും പിന്നീട് അത് ഇന്ത്യയ്ക്ക് നാണക്കേടാണെന്ന പരാമർശത്തോടെ ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചു. അതോടെ കൽമാഡിയുടെ നിയന്ത്രണത്തിൽ നിന്ന് കായികരംഗത്തെ നിയന്ത്രിച്ചിരുന്ന ചരട് കൈവിട്ടുപോവുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |