
അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം വിജയവുമായി കേരളം. ഇന്നലെ പോണ്ടിച്ചേരിയെ എട്ട് വിക്കറ്റിനാണ് കേരളം തോൽപ്പിച്ചത്. വിഷ്ണു വിനോദിന്റെ തകർപ്പൻ സെഞ്ച്വറിയുടെ മികവിൽ പോണ്ടിച്ചേരി ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം വെറും 29 ഓവറിൽ കേരളം മറികടന്നു. 84 പന്തിൽ 13 ബൗണ്ടറികളും 14 സിക്‌സും അടക്കം 162 റൺസുമായി പുറത്താകാതെ നിന്ന വിഷ്ണുവാണ് കേരളത്തിന്റെ വിജയശില്പിയും പ്ലെയർ ഓഫ് ദി മാച്ചും. സ്‌കോർ : പോണ്ടിച്ചേരി - 47.4 ഓവറിൽ 247, കേരളം - 29 ഓവറിൽ 252/2
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പോണ്ടിച്ചേരി അജയ് റൊഹേര( 53),ജസ്വന്ത് ശ്രീരാം (57),ക്യാപ്ടൻ അമൻ ഖാൻ (27),വിഘ്‌നേശ്വരൻ (26) എന്നിവരുടെ മികവിലാണ് 247ലെത്തിയത്. എട്ട് ഓവറിൽ 41 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി. നിധീഷാണ് കേരള ബൗളിംഗ് നിരയിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമ്മയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരായ സഞ്ജു സാംസണിന്റെയും(11) രോഹൻ കുന്നുമ്മലിന്റെയും(8) വിക്കറ്റ് നഷ്ടമായി. ബാബ അപരാജിത്തും( 69 പന്തുകളിൽ നിന്ന് 63 റൺസ്)വിഷ്ണു വിനോദും ചേർന്ന് കേരളത്തിന് അനായാസ വിജയമൊരുക്കുകയായിരുന്നു. തുടക്കം മുതൽ ആഞ്ഞടിച്ച വിഷ്ണു വിനോദ് 36 പന്തുകളിൽ തന്നെ അർദ്ധ സെഞ്ച്വറിയും 63 പന്തുകളിൽ സെഞ്ച്വറിയും പൂർത്തിയാക്കി.
വിഷ്ണു വിനോദം
14
വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വേണ്ടി ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ സിക്‌സുകൾ നേടിയ സ്വന്തം റെക്കാഡ് വിഷ്ണു വിനോദ് തിരുത്തിയെഴുതി. 2019-ൽ ഛത്തീസ്ഗഢിനെതിരെ വിഷ്ണു വിനോദ് സ്ഥാപിച്ച 11 സിക്‌സിന്റെ റെക്കോർഡിനൊപ്പം കഴിഞ്ഞ മത്സരത്തിൽ രോഹൻ കുന്നുമ്മൽ എത്തിയിരുന്നു. ഈ റെക്കോർഡാണ് വിഷ്ണു വിനോദ് വീണ്ടും തിരുത്തിയത്.
8
വിജയ് ഹസാരേ ട്രോഫിയിൽ വിഷ്ണുവിന്റെ എട്ടാം സെഞ്ച്വറിയാണിത്.
162*
വിജയ് ഹസാരേ ട്രോഫിയിൽ ഒരു കേരള ബാറ്ററുടെ ഏറ്റവും ഉയർന്ന സ്കോർ.
100
വിജയ് ഹസാരേ ട്രോഫിയിൽ 100 സിക്സുകൾ തികയ്ക്കുന്ന മൂന്നാമത്തെ താരം.
2000
വിജയ് ഹസാരേ ട്രോഫിയിൽ 2000 റൺസ് തികയ്ക്കുന്ന മൂന്നാമത്തെ കേരള താരം. ഇന്നലെ സഞ്ജുവും 2000 കടന്നിരുന്നു. സച്ചിൻ ബേബിയാണ് ആദ്യം ഈ നാഴികക്കല്ല് താണ്ടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |