
ഐ.എസ്.എൽ ഫുട്ബാൾ അടുത്തമാസം 14ന് തുടങ്ങുമെന്ന് കേന്ദ്ര കായികമന്ത്രി
ന്യൂഡൽഹി : നാളുകളായി നിലനിന്നിരുന്ന ആശങ്കയുടെ കാർമേഘങ്ങൾ അകന്നുമാറി ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബാളിന്റെ പുതിയ സീസൺ ആരംഭിക്കാൻ വഴിതെളിഞ്ഞു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ ഡൽഹിയിൽ ചേർന്ന ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷന്റേയും 14 ക്ളബ് ഉടമകളുടേയും സംയുക്ത യോഗത്തിൽ ഫെബ്രുവരി 14ന് പുതിയ സീസൺ മത്സരങ്ങൾ തുടങ്ങാൻ തീരുമാനമായതായി കേന്ദ്ര കായികമന്ത്രി മൻസൂഖ് മാണ്ഡവ്യയാണ് ഔദ്യോഗികമായി അറിയിച്ചത്. മത്സരക്രമം ഉൾപ്പടെയുള്ള കാര്യങ്ങൾ വിശദമായ ചർച്ചകൾക്ക് ശേഷം വൈകാതെ പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.
കേരള ബ്ളാസ്റ്റേഴ്സ്,മോഹൻ ബഗാൻ,ഈസ്റ്റ് ബംഗാൾ,മൊഹമ്മദൻസ്,എഫ്.സി ഗോവ,മുംബയ് സിറ്റി,ചെന്നൈയിൻ എഫ്.സി, എസ്.സി ഡൽഹി, ബെംഗളുരു എഫ്.സി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ്, ജംഷഡ്പുർ എഫ്.സി,ഒഡിഷ എഫ്.സി,ഇന്റർ കാശി ക്ളബുകളുടെ പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ഐ.എസ്.എൽ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കേരള ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് നവാസ് മീരാൻ അടങ്ങിയ കോ ഓർഡിനേഷൻ കമ്മറ്റി കഴിഞ്ഞദിവസം എ.ഐ.എഫ്.എഫിന് സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ ചർച്ച നടന്നത്. ഇതനുസരിച്ച് വാണിജ്യ സംപ്രേഷണത്തിനുള്ള പങ്കാളിയെ കിട്ടുന്നതുവരെ ലീഗ് നടത്താനുള്ള ചെലവ് ഫെഡറേഷൻ വഹിക്കുന്നതായിരിക്കും.ടൂർണമെന്റിന് കേന്ദ്ര കായികമന്ത്രാലയത്തിന്റെ സഹായം നൽകുന്നകാര്യം പരിഗണിക്കാമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്. ക്ളബുകൾ പങ്കെടുക്കുന്നതിനുള്ള ഫീസായി ഫെഡറേഷന് നൽകാനുള്ള തുകയ്ക്ക് സാവകാശം നൽകാനും ധാരണയായിട്ടുണ്ട്. ഐ.എസ്.എല്ലിന് പിന്നാലെ ഐ ലീഗും തുടങ്ങുമെന്ന് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്.
പെരുവഴിയിലായതിങ്ങനെ
10 വർഷമായിഐ.എസ്.എൽ നടത്തിയിരുന്ന റിലയൻസിന്റെ ഫുട്ബാൾ സ്പോർട്സ് ഡെവലപ്പ്മെന്റ് ലിമിറ്റഡും ആൾ ഇന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലുള്ള കരാർ കഴിഞ്ഞ ജൂലായ്യിൽ അവസാനിച്ചിരുന്നു. ഫെഡറേഷൻ ഭരണഘടന ഭേദഗതി ഉൾപ്പടെയുള്ള കാര്യങ്ങളിൽ സുപ്രീം കോടതിയിൽ കേസുള്ളതിനാൽ കരാർ പുതുക്കാനായില്ല. ഭരണഘടനാ ഭേദഗതി കോടതി അനുവദിച്ചശേഷവും പുതിയ കായികനിയമം അനുസരിച്ച് കരാർ പുതുക്കാൻ ഫെഡറേഷന് കഴിയാതെ വന്നതോടെയാണ് ഐ.എസ്.എല്ലും ഐ ലീഗും പെരുവഴിയിലായത്.
14
കോടിരൂപയാണ് ഐ.എസ്.എൽ നടത്താനായി എ.ഐ.എഫ്.എഫ് ചെലവഴിക്കുക. 3.5കോടി രൂപ ഐ ലീഗിനായി മുടക്കും.
91 മത്സരങ്ങൾ അടങ്ങുന്ന ഫുൾ സീസൺ മത്സരങ്ങൾ നടത്താൻ കഴിയുമോ എന്ന കാര്യത്തിൽ ചർച്ച നടക്കുകയാണ്. പതിവ് രീതിയിൽ ഹോം ആൻഡ് എവേയായി മത്സരങ്ങൾ നടത്താൻ സാമ്പത്തികപ്രയാസവും സമയക്കുറവുമുണ്ട്. ഓരോ ടീമും ഓരോവട്ടം മാത്രം ഏറ്റുമുട്ടുന്ന രീതിയിൽ മത്സരങ്ങൾ പുനക്രമീകരിക്കാനും ചർച്ച നടക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |