
സിഡ്നിയിൽ ഓസീസിന് ലീഡ്, ഇംഗ്ളണ്ട് 384, ഓസീസ് 518/7
ട്രാവിസ് ഹെഡിനും(163) സ്റ്റീവൻ സ്മിത്തിനും (129* )സെഞ്ച്വറി
സിഡ്നി : ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിന്റെ മൂന്നാം ദിനം 134 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡുമായി ഓസീസ്. ഇംഗ്ളണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 384 റൺസിനെതിരെ ഇറങ്ങിയ ആതിഥേയർ ഇന്നലെ കളിനിറുത്തുമ്പോൾ 518/7 എന്ന നിലയിലാണ്. ഓപ്പണർ ട്രാവിസ് ഹെഡിന്റേയും (163) നായകൻ സ്റ്റീവൻ സ്മിത്തിന്റേയും (129 നോട്ടൗട്ട്) സെഞ്ച്വറികളാണ് ഓസീസിനെ ഈ സ്കോറിലെത്തിച്ചത്.
ഇന്നലെ 91 റൺസുമായി ഹെഡും ഒരു റണ്ണുമായി മൈക്കേൽ നെസറുമാണ് 166/2 എന്ന നിലയിൽ ഓസീസിന്റെ ഒന്നാം ഇന്നിംഗ്സ് പുനരാരംഭിക്കാനെത്തിയത്. രാവിലെതന്നെ ഹെഡ് തന്റെ 12-ാം ടെസ്റ്റ് സെഞ്ച്വറി തികച്ചു. നേരിട്ട 105-ാമത്തെ പന്തിലാണ് ഹെഡ് മൂന്നക്കം കടന്നത്.വ്യക്തിഗത സ്കോർ 24ലെത്തിയപ്പോൾ നെസർ മടങ്ങിയതോടെ സ്റ്റീവൻ സ്മിത്ത് ക്രീസിലെത്തി. തുടർന്ന് ഇരുവരും ചേർന്ന് ലഞ്ച് സമയത്ത് 281/3 എന്ന നിലയിലെത്തിച്ചു. ലഞ്ചിന് ശേഷം ഹെഡിനെ എൽ.ബിയിൽ കുരുക്കി ബെഥേൽ ഇംഗ്ളണ്ടിന് ആശ്വാസം പകർന്നു.166 പന്തുകളിൽ 24 ഫോറുകളും ഒരു സിക്സുമടക്കമായിരുന്നു ഹെഡിന്റെ അതിവേഗ ഇന്നിംഗ്സ്.
ഹെഡിന് പകരമെത്തിയ ഉസ്മാൻ ഖ്വാജയ്ക്ക് പക്ഷേ തന്റെ അവസാന ടെസ്റ്റിൽ അധികം തിളങ്ങാനായില്ല.49 പന്തുകളിൽ രണ്ട് ബൗണ്ടറികളക്കം 17 റൺസ് നേടിയ ഖ്വാജയെ ബ്രണ്ടൻ കാഴ്സ് എൽ.ബിയിൽ കുരുക്കുകയായിരുന്നു. തുടർന്ന് അലക്സ് കാരേ (16), കാമറൂൺ ഗ്രീൻ (37) എന്നിവർക്കൊപ്പം ചേർന്ന് സ്മിത്ത് 400 കടത്തി. എട്ടാം വിക്കറ്റിൽ ഒരുമിച്ച ബ്യൂ വെബ്‌സ്റ്ററെ (42 നോട്ടൗട്ട്) കൂട്ടുനിറുത്തിയാണ് സ്മിത്ത് തന്റെ 37-ാം ടെസ്റ്റ് സെഞ്ച്വറിയിലെത്തിയത്. ഇരുവരും ഇതുവരെ 81 റൺസ് കൂട്ടിച്ചേർത്തിട്ടുണ്ട്. 205 പന്തുകൾ നേരിട്ട സ്മിത്ത് 15 ഫോറുകളും ഒരു സിക്സും പായിച്ചു.
ബ്രാഡ്മാനെ കടന്ന്
ടെസ്റ്റ് ക്രിക്കറ്റിൽ ഒരു രാജ്യത്തിന് എതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ മൂന്നാമത്തെ ബാറ്റർ എന്ന ഡോൺ ബ്രാഡ്മാന്റെ റെക്കാഡ് മറികടന്ന് സ്റ്റീവൻ സ്മിത്ത്.
ഇന്നലത്തെ സെഞ്ച്വറിയോടെ സ്മിത്ത് ഇംഗ്ളണ്ടിനെതിരെ 5085 റൺസ് നേടിക്കഴിഞ്ഞു. 5028 റൺസാണ് ബ്രാഡ്മാന്റെ സമ്പാദ്യം.
ഇന്ത്യൻ താരങ്ങളായ സച്ചിനും (6707), വിരാട് കൊഹ്‌ലിയും (5551) മാത്രമാണ് ഇനി ഇക്കാര്യത്തിൽ സ്മിത്തിന് മുന്നിലുള്ളത്. സച്ചിനും വിരാടും ഓസീസിന് എതിരെയാണ് ഇത്രയും റൺസ് നേടിയത്.
ദ്രാവിഡിനെ കടന്ന്
ഇന്നലത്തേത് സ്മിത്തിന്റെ 37-ാമത് ടെസ്റ്റ് സെഞ്ച്വറിയായിരുന്നു. ഇതോടെ ഏറ്റവും കൂടുതൽ ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ആറാമത്തെ ബാറ്ററായി സ്മിത്ത് മാറി.
36 ടെസ്റ്റ് സെഞ്ച്വറികൾ നേടിയ ഇന്ത്യൻ ക്രിക്കറ്റർ രാഹുൽ ദ്രാവിഡ്രിനെ മറികടന്നാണ് സ്റ്റീവൻ സ്മിത്ത് സെഞ്ച്വറി വേട്ടക്കാരുടെ പട്ടികയിൽ ആറാമനായത്.
സച്ചിൻ (51),കാലിസ് (45), റിക്കി പോണ്ടിംഗ് (41), ജോ റൂട്ട് (41), സംഗക്കാര (38)എന്നിവരാണ് സെഞ്ച്വറികളുടെ എണ്ണത്തിൽ ഇനി സ്മിത്തിന് മുന്നിലുള്ളത്.
13
ആഷസ് പരമ്പരയിലെ സ്മിത്തിന്റെ സെഞ്ച്വറികളുടെ എണ്ണം. 19 സെഞ്ച്വറികൾ നേടിയ ബ്രാഡ്മാൻ മാത്രമാണ് ഇക്കാര്യത്തിൽ സ്മിത്തിന് മുന്നിൽ.
5
സിഡ്നിയിൽ സ്മിത്തിന്റെ സെഞ്ച്വറികളുടെ എണ്ണം. സിഡ്നിയിൽ സ്മിത്തിനേക്കാൾ കൂടുതൽ റൺസും സെഞ്ച്വറികളും നേടിയ ഏകതാരം റിക്കി പോണ്ടിംഗാണ്.
205
പന്തുകൾ ഈ ഇന്നിംഗ്സിൽ ഇതുവരെ നേരിട്ട സ്മിത്ത് 15 ഫോറുകളും ഒരു സിക്സും പായിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |