
ന്യൂഡൽഹി: വീട്ടിലെ മോഷണത്തിനുശേഷം രക്ഷപ്പെടുന്നതിനിടെ എക്‌സോസ്റ്റ് ഫാൻ ദ്വാരത്തിൽ കുടുങ്ങിയ കള്ളനെ പൊലീസ് അറസ്റ്റുചെയ്തു. രാജസ്ഥാനിലെ കോട്ടയിലാണ് സംഭവം. വീട്ടുടമസ്ഥൻ സുഭാഷ് കുമാർ റാവത്ത് ഭാര്യയ്‌ക്കൊപ്പം ക്ഷേത്രത്തിൽ പോയ സമയത്തായിരുന്നു സംഭവം.
മോഷണത്തിന് ശേഷം എക്‌സോസ്റ്റ് ഫാൻ ഘടിപ്പിക്കാൻ നിർമ്മിച്ച ദ്വാരത്തിലൂടെ കാലുകൾ പുറത്തേക്കിട്ട് ഊർന്നിറങ്ങാൻ ശ്രമിച്ചപ്പോഴാണ് കള്ളൻ കുടുങ്ങിയത്. തലയും കൈകളും ഉള്ളിൽ കടന്നതോടെ കുടുങ്ങുകയായിരുന്നു. ക്ഷേത്ര ദർശനത്തിനുശേഷം സുഭാഷും ഭാര്യയും തിരിച്ചെത്തിയപ്പോഴാണ് 10 അടി ഉയരത്തിൽ കള്ളൻ തൂങ്ങിക്കിടക്കുന്നത് കണ്ടത്.
വീട്ടുകാർ നിലവിളിച്ചപ്പോൾ താൻ കള്ളനാണെന്നും ഒപ്പം വേറെ ആളുകളുണ്ടെന്നും ഭീഷണിപ്പെടുത്തി. അതുകാര്യമാക്കാതെ സുഭാഷ് പൊലീസിനെ വിവരമറിയിച്ചു. പൊലീസുകാരെത്തി സാഹസികമായാണ് കള്ളനെ വലിച്ചെടുത്തത്. പുറത്തു തൂങ്ങിക്കിടന്ന കാലുകൾ ഒരു പൊലീസുകാരൻ അകത്തേക്ക് തള്ളി. അകത്തു നിന്ന് പൊലീസുകാരും നാട്ടുകാരും തലയിൽ താങ്ങി വലിച്ചെടുത്തു. താൻ കുടുങ്ങിയപ്പോൾ കൂട്ടാളികൾ രക്ഷപ്പെട്ടെന്ന് കള്ളൻ പൊലീസിനോട് പറഞ്ഞു. ഇവർ വന്ന കാർ സമീപത്ത് നിന്ന് കണ്ടെടുത്തു. ഇതിന്റെ ഗ്ളാസിൽ 'പൊലീസ്" എന്ന സ്റ്റിക്കർ പതിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |