
പരീക്ഷണങ്ങൾ പലതും നടന്നിട്ടുണ്ട് കേരളത്തിൽ. 'ഇന്ത്യയുടെ പരീക്ഷണച്ചെപ്പ്" (India's crucible) എന്നൊരു വിശേഷണം തന്നെയുണ്ട്, പണ്ടേ കേരളത്തിന്. രാഷ്ട്രീയ പരീക്ഷണങ്ങൾ മാത്രമല്ല, സാമൂഹ്യവും സാമ്പത്തികവുമായ പരീക്ഷണങ്ങൾക്കും സംസ്ഥാനം വേദിയായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇവിടെ നടക്കാൻ പോവുന്ന പരീക്ഷണം ആദ്ധ്യാത്മിക രംഗത്താണ്. പരീക്ഷണത്തെക്കാളേറെ ഒരു മഹാസാഹസത്തിന്റെ സ്വഭാവമാണ് നിർദ്ദിഷ്ട സംരംഭത്തിന്!
ഭഗീരഥൻ പുരാണകഥയിൽ ഗംഗാനദിയെ ഭൂമിയിൽ എത്തിച്ചതു പോലെ ജനകോടികൾ പങ്കെടുക്കുന്ന കുംഭമേള കേരളത്തിൽ സംഘടിപ്പിക്കാനാണ് നീക്കം. ആരുടെയും സമ്മർദ്ദമോ പ്രേരണയോ ഏതുമില്ലാതെ ഓരോ വ്യാഴവട്ടം പിന്നിടുമ്പോഴും നാലിടങ്ങളിലായി, ഇന്ത്യയുടെ എന്നല്ല ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കോടിക്കണക്കിന് ഭക്തജനങ്ങൾ സ്വാഭാവികമായി സ്വയം ഒഴുകിയെത്തുന്ന മഹാസംഗമത്തിന്റെ മാതൃകയിൽ നിളയുടെ തീരത്ത് സംഘടിപ്പിക്കുന്ന 'മഹാമാഘ മഹോത്സവ"ത്തെക്കുറിച്ച് എഴുതാതെ വയ്യ.
ജനുവരി പതിനഞ്ച് മുതൽ ഫെബ്രുവരി മൂന്നുവരെ നീണ്ടുനിൽക്കുന്ന മാഘ മേളയെ 'കേരളത്തിന്റെ കുംഭമേള" എന്നാണ് സംഘാടകർ വിശേഷിപ്പിക്കുന്നത്. നിളയുടെ തീരത്തെ പുണ്യപുരാതനവും ചരിത്രപ്രസിദ്ധവുമായ തിരുനാവായയിലാണ് ഈ മഹാ സംഗമഭൂമി. ആദ്ധ്യാത്മികമായി അതിവിശിഷ്ടമാണത്രേ മാഘ മാസം. മകര സംക്രാന്തി കഴിഞ്ഞ്, മൗനി അമാവാസിയിൽ തുടങ്ങി മാഘപൂർണിമയിൽ പര്യവസാനിക്കുന്ന പക്ഷത്തിലാണ് തിരുനാവായയിലെ ഭക്തജനസംഗമം. ഭാരതത്തിലുടനീളം പുണ്യകാലമായി പരിഗണിക്കപ്പെടുന്ന ഈ പക്ഷം വ്രതത്തിനും തപസിനും ഏറ്റവും അനുയോജ്യമായി ആത്മീയ സാധകർ ചിരപുരാതന കാലമായി വിശ്വസിച്ചുവരുന്നു.
ചരിത്രവും ഐതിഹ്യങ്ങളും ഉറങ്ങുന്ന തീരമാണ് നിളയുടേത്. നിളാനദി ഭാരതപ്പുഴ എന്ന് അറിയപ്പെടാനുള്ള ഐതിഹ്യവും ഇവിടെ പ്രസക്തമാണ്. ദേശത്തിന്റെ രക്ഷയ്ക്കും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി പരശുരാമന്റെ പ്രാർത്ഥന പ്രകാരം സാക്ഷാൽ ബ്രഹ്മദേവൻ യാഗം നടത്തിയത് നിളാനദിക്കരയിലെ തിരുനാവായയിലാണത്രെ. അതും, മാഘ മാസത്തിൽ! ഭാരതത്തിലെ സകല പുണ്യനദികളുടെയും സാന്നിദ്ധ്യം സപ്തർഷികളെ സാക്ഷി നിറുത്തി, നിളാനദിയിൽ ഗംഗാദേവി ആവാഹിച്ച് ഉറപ്പുവരുത്തി. അങ്ങനെ നിള ഭാരതപ്പുഴയായി. തുടർന്ന് ദേവഗുരു ബൃഹസ്പതിയുടെ മുഖ്യ കാർമ്മികത്വത്തിൽ മാഘ മേളയ്ക്ക് തുടക്കമായി.
പിന്നീട് അത് പെരുമാക്കൾ ഏറ്റെടുത്ത് നടത്തിവന്നു. പെരുമാക്കളുടെ തിരോധാനത്തോടെ മാഘ മേളയുടെ നടത്തിപ്പ് വള്ളുവക്കോനാതിരിക്കായി. കോഴിക്കോട് സാമൂതിരി, വള്ളുവനാട് ആക്രമിച്ച് കീഴടക്കിയതോടെ, മാഘ മേള സാമൂതിരിയുടെ നേതൃത്വത്തിലായി. ബ്രിട്ടീഷ് ആധിപത്യത്തോടെ, രണ്ട് നൂറ്റാണ്ടിലേറെയായി നിളാ തീരത്തെ മാഘ മഹാമേള നടക്കാതെ വിസ്‌മൃതിയിലാണ്ടുപോയി.
ഉത്തരാഖണ്ഡിൽ ഹരിദ്വാറിൽ ഗംഗാതീരത്തും, ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഗംഗ, യമുന, സരസ്വതി നടികളുടെ ത്രിവേണി സംഗമത്തിലും, മദ്ധ്യപ്രദേശിലെ ഉജ്ജയിനിൽ ഷിർപാ നദിക്കരയിലും, മഹാരാഷ്ട്രത്തിൽ നാസിക്കിൽ ഗോദാവരീ തീരത്തും മാത്രം നടന്നുവന്നിരുന്ന കുംഭമേള ഇനി മുതൽ കേരളത്തിലെ നിളാതീരത്തെ തിരുനാവായയിലും നടത്താനാണ് നീക്കം. കുംഭമേള പരമ്പരാഗതമായി നടക്കുന്ന മറ്റിടങ്ങളിലെപ്പോലെ തിരുനാവായയിലേക്കും ഹിമാലയത്തിൽ നിന്നും പ്രാന്തപ്രദേശങ്ങളിൽ നിന്നും സന്യാസിവര്യന്മാരും നിരവധി ആശ്രമങ്ങളിലും പരമ്പരകളിലും പെട്ട സാധകരും നിളാതീരത്ത് എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. ആദി ശങ്കരാചാര്യർ പുന:സംഘടിപ്പിച്ചതാണ് കുംഭമേള. ഇപ്പോഴിതാ, ഇദംപ്രഥമമായി ശങ്കരന്റെ ജന്മനാട്ടിലും കുംഭമേളയ്ക്ക് അരങ്ങൊരുങ്ങുന്നു.
പ്രയാഗ് രാജിൽ ഇക്കഴിഞ്ഞ വർഷം സമാപിച്ച കുംഭമേളയുടെ മുഖ്യ സംഘാടകർ 'ജൂനാ അഖാഡ"യാണ് 'ദൈവത്തിന്റെ സ്വന്തം നാട്ടി"ലേക്ക് കുംഭമേളയെ എഴുന്നള്ളിക്കുന്നത്. 'ജൂനാ അഖാഡ"യുടെ മഹാമണ്ഡലേശ്വർ സ്വാമി ആനന്ദവനം ഭാരതിയാണ് സംഘാടക സമിതിയുടെ അമരത്ത്. നൂറ്റാണ്ടുകളായി മുടങ്ങിപ്പോയ നിളാ തീരത്തെ മാഘ മേള എല്ലാ പവിത്രതയോടും പ്രൗഢിയോടും കൂടി പുനരുജ്ജീവിപ്പിക്കുക എന്ന ആശയവും, അതിന്റെ ആവിഷ്കാരവും ആനന്ദവനത്തിന്റേതു തന്നെ.
അദ്ദേഹം കേരളത്തിലാണ് ജനിച്ചു വളർന്നതെന്നത് ശ്രദ്ധേയം. ആത്മീയതലത്തിൽ അത്യുന്നതമായി കരുതപ്പെടുന്ന മഹാമണ്ഡലേശ്വർ പദവിയിൽ എത്തുന്ന മൂന്നാമത്തെ മലയാളിയാണ് അദ്ദേഹം. പൂർവാശ്രമത്തിൽ ഇടതുപക്ഷ നിലപാടിൽ ഉറച്ചുനിന്നിരുന്ന പത്രപ്രവർത്തകൻ. വിദ്യാർത്ഥി ആയിരിക്കെ കടുത്ത കമ്മ്യൂണിസ്റ്റ്, എസ്.എഫ്.ഐ പ്രവർത്തകൻ. മാർക്സിൽ നിന്ന് മഹർഷിയിലേക്കായിരുന്നു
അദ്ദേഹത്തിന്റെ നിർണായക മാറ്റം. കേരളത്തെയും ആർഷ മാർഗത്തിലേക്ക് നയിക്കാനാവുമോ മഹാമണ്ഡലശ്വറുടെ ഈ നവയുഗയജ്ഞo?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |