ജീവപര്യന്തം ശിക്ഷിക്കപ്പെട്ടത് സി.പി.എം പ്രവർത്തകർ
തൃശൂർ:പൊലീസിന്റെ അന്വേഷണത്തിലെ പിഴവു കാരണം നാല് സി.പി.എം പ്രവർത്തകർ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട കൊലക്കേസിലെ യഥാർത്ഥ പ്രതി കാൽനൂറ്റാണ്ടിന് ശേഷം മലപ്പുറത്ത് അറസ്റ്റിലായി.
ആർ.എസ്.എസ് കാര്യവാഹകായിരുന്ന തൊഴിയൂർ മനങ്കുളം വീട്ടിൽ സുനിലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ജംഇയ്യത്തുൽ ഹിസാനിയ നേതാവ് ചാവക്കാട് പാലയൂർ കറുപ്പം വീട്ടിൽ മൊയ്തു എന്ന മൊയ്‌നുദ്ദീൻ (49) ആണ് അറസ്റ്റിലായത്. കരാട്ടെ അദ്ധ്യാപകനായ ഇയാൾ ഹോട്ടൽ തൊഴിലാളിയാണ്. മുഖ്യപ്രതി ചേകന്നൂർ മൗലവി കേസിലെ പ്രതിയായ സെയ്തലവി തന്നെയാണെന്നും വ്യക്തമായി.
1994 ഡിസംബർ നാലിന് പുലർച്ചെ രണ്ടിനാണ് സുനിൽ കൊല്ലപ്പെട്ടത്. വീട്ടിലെത്തിയ അക്രമി സംഘം സുനിൽ, സഹോദരൻ സുബ്രഹ്മണ്യൻ, അച്ഛൻ, അമ്മ, മൂന്നു സഹോദരിമാർ എന്നിവരെ ക്രൂരമായി ആക്രമിച്ചു. സുനിലിനെ വെട്ടിക്കൊന്നു. സുബ്രഹ്മണ്യന്റെ ഇടതുകൈ അറുത്തെടുത്തു. സി.പി.എം പ്രവർത്തകരാണ് ആക്രമിച്ചതെന്ന് ആരോപണമുയർന്നതോടെ 12 പേരെ ലോക്കൽ പൊലീസ് പിടികൂടി. സി.പി.എം പ്രവർത്തകരായ വി.ജി. ബിജി, ബാബുരാജ്, അനുഭാവികളായ ഹരിദാസ്, റഫീക്ക്, ജയ്സൺ, ജയിംസ് ആളൂർ, ഷെമീർ, അബൂബക്കർ, സുബ്രഹ്മണ്യൻ എന്നിവരെ പ്രതികളാക്കി.
വി.ജി. ബിജി, ബാബുരാജ്, റഫീക്ക്, ഹരിദാസൻ എന്നിവരെ തൃശൂർ സെഷൻസ് കോടതി ജീവപര്യന്തം ശിക്ഷിച്ചു. 1998 ൽ പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വെറുതേ വിടുകയും കേസ് പുനരന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. മൂന്ന് മാസമേ ജയിൽശിക്ഷ അനുഭവിക്കേണ്ടി വന്നുള്ളൂവെങ്കിലും ഇവർ അനുഭവിച്ച മാനസിക പീഡനം വളരെ വലുതായിരുന്നു. മാറിമാറി വന്ന സർക്കാരുകൾ പുനരന്വേഷണത്തിന് മടിച്ചു. ശിക്ഷിക്കപ്പെട്ടവർ പിണറായി വിജയൻ മുഖ്യമന്ത്രിയായ ശേഷം നേരിട്ട് കണ്ട് ബോദ്ധ്യപ്പെടുത്തിയതോടെയാണ് 2017ൽ അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചത്.
ടി.പി. സെൻകുമാർ ക്രൈംബ്രാഞ്ച് ഡി.ഐ.ജിയായിരുന്നപ്പോഴായിരുന്നു അന്വേഷണം. തൃശൂർ തീരദേശത്ത് നടന്ന വാടാനപ്പിള്ളി രാജീവ് വധം, മതിലകം സന്തോഷ് വധം എന്നീ കേസുകളുടെ അന്വേഷണത്തിനിടയിലാണ് സെയ്തലവി അൻവരി എന്നയാളുടെ നേതൃത്വത്തിലുള്ള ജം ഇയ്യത്തുൽ ഹിസാനിയയിലെ അംഗങ്ങളാണ് സുനിൽ വധത്തിന് പിന്നിലെന്ന് സൂചന ലഭിച്ചത്. തുടർന്ന് നടത്തിയ പുനരന്വേഷണത്തിൽ ഗുരുവായൂർ പൊലീസിന്റെ കേസന്വേഷണം തെറ്റായിരുന്നുവെന്ന് തെളിഞ്ഞു. ശാസ്ത്രീയ അന്വേഷണത്തിൽ യഥാർത്ഥ പ്രതികളെ തിരിച്ചറിഞ്ഞു. സുനിലിന്റെ വീട് കാണിച്ച് കൊടുക്കുകയും ആക്രമണത്തിൽ പങ്കെടുക്കുകയും ചെയ്തത് മൊയ്‌നുദീനായിരുന്നു. മറ്റ് പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |