
ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' സിനിമയുടെ ടീസർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ആക്ഷനും മാസും സെക്സും ചേർന്നുള്ള ടീസറിന് പിന്നാലെ ഗീതു മോഹൻദാസിനെതിരെ സൈബർ ആക്രമണം നടന്നുകൊണ്ടിരിക്കുകയാണ്. സ്ത്രീത്വത്തെക്കുറിച്ച് ഘോരഘോരം പ്രസംഗിക്കുകയും മമ്മൂട്ടിയുടെ കസബ സിനിമയെ കുറ്റം പറയുകയും ചെയ്ത ഗീതുവിൽ നിന്ന് ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ലെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
കസബയിലെ സ്ത്രീ വിരുദ്ധ രംഗങ്ങൾക്കെതിരെ നടി പാർവതി തിരുവോത്തായിരുന്നു വിമർശനം ഉന്നയിച്ചത്. സിനിമയുടെ പേര് പറയാതെ വിമർശിച്ച പാർവതിയോട് 'say it, say it' എന്ന് പറഞ്ഞ് ചിത്രത്തിന്റെ പേര് പറയിപ്പിച്ചത് ഗീതുവായിരുന്നു. ഇതാണ് ഗീതുവിനെതിരെ വിമർശനമുയരാനുള്ള പ്രധാന കാരണം. കൂടാതെ പാർവതി തിരുവോത്തിനെതിരെയും സൈബർ ആക്രമണം നടക്കുന്നുണ്ട്.
ഇതിനിടയിൽ മമ്മൂട്ടിയുടെ രാജൻ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കസബ നിർമാതാവ് ജോബി ജോർജ്. ഫേസ്ബുക്കിലൂടെയാണ് പ്രഖ്യാപനം. എന്നാൽ സിനിമയുടെ റീ റിലീസാണോ, രണ്ടാം ഭാഗമാണോ ജോബി ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല.
കസബ സംവിധായകൻ നിതിൻ രൺജി പണിക്കറും നേരത്തെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. കസബ എന്ന സിനിമയെ സ്ത്രീ വിരുദ്ധതയുടെ പേരിൽ വിമർശിച്ച വ്യക്തി മറ്റൊരു ഭാഷയിൽ സിനിമ ചെയ്തപ്പോൾ സ്ത്രീവിരുദ്ധതയുടെ വ്യാഖ്യാനം സൗകര്യപൂർവം തിരുത്തി എന്നായിരുന്നു നിതിൻ മുമ്പ് പറഞ്ഞത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |