
പള്ളുരുത്തി: വിശ്രമജീവിതം വെറുതെ കളയാൻ ഒരുക്കമായിരുന്നില്ല വാട്ടർ അതോറിട്ടി റിട്ട. എ.ഇയായ ഇടക്കൊച്ചി പാലമുറ്റം റോഡിൽ പനക്കത്തറ വീട്ടിൽ സ്റ്റാൻസിലാവോസ്. 2003ലാണ് ഇദ്ദേഹം സർവീസിൽ നിന്ന് വിരമിച്ചത്. 13 വർഷം മുമ്പ് ഭാര്യ ലാലമ്മ മരണപ്പെടുകയും ചെയ്തു. രണ്ടു മക്കളാണെങ്കിൽ ഓസ്ട്രേലിയയിലും. ഒറ്റയ്ക്കുള്ള ജീവിതത്തിൽ വിരസത ഏറിയതോടെയാണ് സ്റ്റാൻസിലാവോസ് കൃഷിയിലേക്ക് തിരിഞ്ഞത്. കൃഷിക്കാരന്റെ മനസ് നേരത്തെയുള്ളതിനാൽ മറ്റൊരു മേഖലയിലേക്കും തിരിഞ്ഞില്ല. ചീരക്കൃഷിയാണ് പ്രധാനമായും ചെയ്തു തുടങ്ങിയത്. അത് വൻ വിജയമായി. ചീര കൂടാതെ വെണ്ട, അച്ചിങ്ങ, ആമ്പൽ, പീച്ചിൽ, പൊട്ട് വെള്ളരി എന്നിവയും കൃഷി ചെയ്യുന്നു. കൂടാതെ കുളത്തിൽ വരാൽ വളർത്തലുമുണ്ട്. കർഷക ജീവിതം ക്ലിക്കായതോടെ നല്ലപോലെ വരുമാനവും വന്നു തുടങ്ങി. ഇന്ന് പ്രതിമാസം ഇരുപതിനായിരത്തോളം രൂപയാണ് കൃഷിയിൽ നിന്ന് ലഭിക്കുന്നത്. വിളവെടുക്കുന്ന പച്ചക്കറികൾ കടകളിൽ കൊണ്ടുപോയി വിൽക്കും. ചിലർ നേരിട്ട് വീട്ടിലെത്തി വാങ്ങുന്നുമുണ്ട്. സുന്ദരിച്ചീരയാണ് പ്രധാന കൃഷി. ഇതിനാണ് ആവശ്യക്കാർ ഏറെ.
ഇതിനിടെ കിട്ടുന്ന സമയത്ത് ചൂണ്ടയിടാനും സ്റ്റാൻസിലാവോസ് പോകും. സ്വന്തമായി തയ്യാറാക്കിയ ചൂണ്ട ഉപയോഗിച്ച് തോപ്പുംപടി അലക്സാണ്ടർ പറമ്പിത്തറ പാലത്തിൽ നിന്നാണ് ചൂണ്ടയിടൽ. നല്ലപോലെ മീൻ ലഭിക്കുകയും ചെയ്യും. എന്നാൽ മീനൊന്നും വിൽക്കാറില്ല. സ്വന്തം ആവശ്യത്തിനാണ് ഇത് ഉപയോഗിക്കുക.
തികഞ്ഞ മനുഷ്യസ്നേഹിയായ ഇദ്ദേഹം തന്റെ കൃഷിയിടത്തിലും വീട്ടിലും ജോലിക്ക് നിന്ന പലരെയും ഡ്രൈവിംഗ് ഒക്കെ പഠിപ്പിച്ച് വിദേശത്തേയ്ക്ക് അയച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |