
തിരുവനന്തപുരം: കഴക്കൂട്ടം അണ്ടൂർക്കോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ മൂടിയില്ലാത്ത ഓടയിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. അണ്ടൂർക്കോണം എ.എസ്.മൻസിലിൽ അൻഷാദാണ് (45) മരിച്ചത്. ഇന്നലെ പുലർച്ചെ മൂന്നോടെ അണ്ടൂർക്കോണം എൽ.പി.എസിന് സമീപത്തായിരുന്നു അപകടം.
ചന്തവിളയിലെ സ്വകാര്യ കോച്ചിംഗ് സെന്ററിലെ ജീവനക്കാരനായിരുന്നു അൻഷാദ്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലെത്തിയ അൻഷാദ്, ഭക്ഷണം കഴിക്കാനായാണ് പുറത്തുപോയത്. തിരിച്ചു വരുന്നതിനിടെ നിയന്ത്രണം വിട്ട സ്കൂട്ടർ റോഡരികിലെ സ്ലാബില്ലാത്ത ഓടയിലേക്ക് മറിയുകയായിരുന്നുവെന്നാണ് പൊലീസ് നിഗമനം.
അപകടശേഷം സ്കൂട്ടറിന്റെ ഹെഡ്‌ലൈറ്റ് കത്തിക്കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം മംഗലപുരം പൊലീസിനെ അറിയിച്ചത്. പൊലീസും നാട്ടുകാരും ചേർന്ന് അൻഷാദിനെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. വർഷങ്ങളോളം ഗൾഫിലായിരുന്ന അൻഷാദ് രണ്ട് മാസം മുമ്പാണ് നാട്ടിലെത്തിയത്. തത്കാലത്തേക്കാണ് സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോയതെന്ന് ബന്ധുക്കൾ പറഞ്ഞു. മുത്തൂറ്റ് ഫിനാൻസ് ജീവനക്കാരിയായ ബുഷറയാണ് ഭാര്യ. എട്ടാം ക്ലാസ് വിദ്യാർത്ഥിനി ദിയ, മൂന്ന് വയസുകാരൻ റിസ്‌വാൻ എന്നിവർ മക്കളാണ്. കബറടക്കം അണ്ടൂർകോണം കുടമുറ്റം മുസ്ലിം ജമാ അത്തിൽ നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |